ഇന്ത്യയ്ക്കായി നാലാം നമ്പറില്‍ ബാറ്റ് ചെയ്ത സൂര്യ 35 ഇന്നിംഗ്സുകളില്‍ നിന്ന് മൂന്ന് സെഞ്ചുറികള്‍ ഉള്‍പ്പെടെ 1402 റണ്‍സ് നേടിയിട്ടുണ്ട്.
ഹൈദരാബാദ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ തകര്‍ത്തടിച്ച് ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പ്രതീക്ഷയാവുകയാണ് സൂര്യകുമാര്‍ യാദവ്. 51 പന്തിലാണ് സൂര്യയുടെ സെഞ്ചുറി നേട്ടം. 31 റണ്‍സെടുക്കുന്നതിനെടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ മുംബൈയെ സൂര്യയുടെ ഒറ്റയാള്‍ പോരാട്ടം ജയത്തിലെത്തിച്ചു. താരത്തിന്റെ ഫോമിലേക്കുള്ള തിരിച്ചുവരവ് വരുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ബാറ്റിംഗിന് കരുത്തേകും. ഇതിനിടെ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയന്‍ ലാറ സൂര്യയെ കുറിച്ച് തന്റെ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുകയാണ്.
ട്വന്റി 20 ലോകകപ്പില്‍ വിരാട് കോലിക്ക് പകരം സൂര്യകുമാറിനെ ഇന്ത്യ മൂന്നാം നമ്പറില്‍ കളിപ്പിക്കണമെന്നാണ് ലാറ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''സൂര്യകുമാര്‍ യാദവ് ലോകത്തെ മികച്ച ട്വന്റി 20 താരമാണ്, ലോകകപ്പില്‍ വിരാട് കോലിയെ നാലാം നമ്പറിലേക്ക് മാറ്റി സൂര്യയെ മൂന്നാമത് ഇറക്കണം. ഇങ്ങനെയൊരു തീരുമാനമെടുത്താല്‍ ഇന്ത്യയുടെ പ്രകടനത്തില്‍ വലിയ മാറ്റം ഉണ്ടാകും. നിങ്ങള്‍ വിവിയന്‍ റിച്ചാര്‍ഡ്‌സനെ പോലുള്ള കളിക്കാരോട് സംസാരിക്കണം. മധ്യനിരയില്‍ നിന്ന് പുറത്തു കടക്കുന്നതിനെ കുറിച്ച് അദ്ദേഹം പറഞ്ഞുതരും.'' ലാറ വ്യക്തമാക്കി.
ഇന്ത്യയ്ക്കായി നാലാം നമ്പറില്‍ ബാറ്റ് ചെയ്ത സൂര്യ 35 ഇന്നിംഗ്സുകളില്‍ നിന്ന് മൂന്ന് സെഞ്ചുറികള്‍ ഉള്‍പ്പെടെ 1402 റണ്‍സ് നേടിയിട്ടുണ്ട്. 2022ല്‍ ട്വന്റി 20യില്‍ നിന്ന് കോലി വിട്ടുനിന്നപ്പോള്‍ സൂര്യയെ മൂന്നാം നമ്പറിലേക്ക് ഉയര്‍ത്തിയിരുന്നു. പ്രകടനം മികച്ചതുമായിരുന്നു. ഹൈദരാബാദിനെതിരെ കൂടുതല്‍ ഓവറുകള്‍ കളിക്കാനായത് കൊണ്ട് മികച്ച പ്രകടനം പുറത്തെടുക്കാനായെന്ന് സൂര്യകുമാറും പറഞ്ഞിരുന്നു.
ലാറയുടെ അഭിപ്രായം രാഹുല്‍ ദ്രാവിഡും ഇന്ത്യന്‍ ടീം മാനേജ്‌മെന്റ്ര ചെവികൊടുക്കുമോ എന്ന് കാത്തിരുന്ന് കാണാം. സൂര്യയെ മൂന്നാമതിറക്കി കോലിയും രോഹിതും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യണമെന്ന് പറയുന്നവരുമുണ്ട്.