വിരാട് കോലിയുടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ടെസ്റ്റ് ബാറ്റിംഗ് കണക്കുകള്‍ നിരത്തിയായിരുന്നു റിക്കി പോണ്ടിംഗ് വിമര്‍ശിച്ചത്.
മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഇന്ത്യൻ താരം വിരാട് കോലിയുടെ മോശം ഫോമിനെയും ഇന്ത്യൻ ടീമിലെ സ്ഥാനത്തെയും ചോദ്യം ചെയ്ത മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗിനെതിരെ ആഞ്ഞടിച്ച് മുന്‍ ഓസീസ് താരം ബ്രെറ്റ് ലീ. പോണ്ടിംഗിന്‍റെ പ്രസ്താവ കോലിയെ പ്രകോപിപ്പിക്കുമെന്ന് ഉറപ്പാണെന്നും ഓസ്ട്രേലിയയെ സംബന്ധിച്ചിടത്തോളം അത് അത്ര നല്ലതല്ലെന്നും ബ്രെറ്റ് ലീ പറഞ്ഞു.
വിരാട് കോലിയുടെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ചിലത് സംഭവിച്ചത് ഓസ്ട്രേലിയയിലാണ്. അതുകൊണ്ട് തന്നെ പോണ്ടിംഗിന്‍റെ നീക്കം അത്ര നല്ലതായി എനിക്കു തോന്നുന്നില്ല. നിങ്ങൾ എന്താണ് ചെയ്തത്. വിരാട് കോലിയെ വീണ്ടും പ്രകോപിപ്പിക്കരുതായിരുന്നു. അയാള്‍ ലോകോത്തര കളിക്കാരനാണ്. ഈ പരിഹാസം അയാളെ ഉത്തേജിപ്പിക്കുകയെയുള്ളൂവെന്നും ഫോക്സ് ക്രിക്കറ്റിന്‍റെ പോഡ്കാസ്റ്റില്‍ പങ്കെടുത്ത് ബ്രെറ്റ് ലീ പറഞ്ഞു.
undefined
വിരാട് കോലിയുടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ടെസ്റ്റ് ബാറ്റിംഗ് കണക്കുകള്‍ നിരത്തിയായിരുന്നു റിക്കി പോണ്ടിംഗ് വിമര്‍ശിച്ചത്. ഞാന്‍ കഴിഞ്ഞ ദിവസമാണ് ആ കണക്കുകള്‍ കണ്ടത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കോലി ടെസ്റ്റില്‍ രണ്ട് സെഞ്ചുറികള്‍ മാത്രമാണ് നേടിയിട്ടുള്ളത്. അത് ശരിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇനി അഥവാ ഈ കണക്കുകള്‍ സത്യമാണെങ്കില്‍ അത് ശരിക്കും ആശങ്കയുണ്ടാക്കുന്നതാണ്. കാരണം, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രണ്ട് സെഞ്ചുറികള്‍ മാത്രം നേടിയ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരാരും നിലവില്‍ രാജ്യാന്തര ക്രിക്കറ്റില്‍ കളിക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നില്ലെന്നായിരുന്നു പോണ്ടിംഗിന്‍റെ വാക്കുകള്‍.
ഇന്ത്യൻ ടീമിനെക്കുറിച്ച് അഭിപ്രായം പറയാന്‍ പോണ്ടിംഗ് ആരാണെന്നും അദ്ദേഹം ഓസ്ട്രേലിയന്‍ ടീമിനെക്കുറിച്ചാണ് പറയേണ്ടതെന്നും ഓസ്ട്രേലിയയിലേക്ക് തിരിക്കുന്നതിന് മുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യൻ കോച്ച് ഗൗതം ഗംഭീര്‍ ഇതിന് മറപടി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ താന്‍ കോലിയെ ഇകഴ്ത്തി സംസാരിച്ചതല്ലെന്നും ഓസ്ട്രേലിയയില്‍ മുമ്പും മികച്ച പ്രകടനം നടത്തിയിട്ടുള്ള കോലി ഇത്തവണയും അത് തുടരുമെന്നാണ് താന്‍ കരുതുന്നതെന്നും പോണ്ടിംഗ് പിന്നീട് വിശദീകരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക