പതിരാനക്ക് പകരം ഓസ്ട്രേലിയന്‍ പേസര്‍ നഥാൻ എല്ലിസ് ചെന്നൈയുടെ പ്ലേയിംഗ് ഇലവനില്‍ തുടരുമെന്നുറപ്പായി.
ചെന്നൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ നിര്‍ണായ പോരാട്ടത്തിന് മുമ്പ് ചെന്നൈ സൂപ്പര്‍ കിംഗ്സിന് തിരിച്ചടി. പേസര്‍ മതീഷ് പതിരാന പരിക്കുമൂലം ആര്‍സിബിക്കെതിരായ മത്സരത്തില്‍ കളിക്കില്ലെന്ന് കോച്ച് സ്റ്റീഫന്‍ ഫ്ലെമിംഗ് വ്യക്തമാക്കി. പരിക്കില്‍ നിന്ന് മോചിതനായെങ്കിലും പൂര്‍ണ കായികക്ഷമതയില്ലാത്തതിനാലാണ് പതിരാനയെ ആര്‍സിബിക്കെതിരായ മത്സരത്തില്‍ നിന്നൊഴിവാക്കുന്നതെന്ന് ഫ്ലെമിംഗ് പറഞ്ഞു. എന്നാല്‍ പതിരാനയുടെ പരിക്കിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ഫ്ലെമിംഗ് തയാറായില്ല. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യൻസിനെ തോല്‍പ്പിച്ച അതേ പ്ലേയിംഗ് ഇലവന്‍ തന്നെയായിരിക്കും ആര്‍സിബിക്കെതിരെയും ചെന്നൈക്കായി ഇറങ്ങുകയെന്നും ഫ്ലെമിംഗ് പറഞ്ഞു.
ഇതോടെ പതിരാനക്ക് പകരം ഓസ്ട്രേലിയന്‍ പേസര്‍ നഥാൻ എല്ലിസ് ചെന്നൈയുടെ പ്ലേയിംഗ് ഇലവനില്‍ തുടരുമെന്നുറപ്പായി. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ മെഗാ താരലേലത്തിന് മുമ്പ് ചെന്ന സൂപ്പര്‍ കിംഗ്സ് നിലനിര്‍ത്തിയ അഞ്ച് താരങ്ങളിലൊരാളായിരുന്നു പതിരാന. 13 കോടിക്കാണ് പതിരാനയെ ചെന്നൈ നിലനിര്‍ത്തിയത്.
ഐപിഎല്ലില്‍ ആദ്യ മത്സരങ്ങളില്‍ ജയിച്ചാണ് ചെന്നൈയും ആര്‍സിബിയും ഇറങ്ങുന്നത്. ചെന്നൈ ആദ്യ മത്സരത്തില്‍ മുംബൈയെ തോല്‍പ്പിച്ചപ്പോള്‍ ആര്‍സിബി ആദ്യ മത്സരത്തില്‍ നിലിവിലെ ചാമ്പ്യൻമാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ തോല്‍പ്പിച്ചിരുന്നു.
ആര്‍സിബിക്കെതിരായ മത്സരത്തിനുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സ് പ്ലേയിംഗ് ഇലവന്‍: രാഹുൽ ത്രിപാഠി, രച്ചിൻ രവീന്ദ്ര, റുതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്റ്റൻ), ദീപക് ഹൂഡ, ശിവം ദുബെ, രവീന്ദ്ര ജഡേജ, സാം കറൻ, എംഎസ് ധോണി, രവിചന്ദ്രൻ അശ്വിൻ, നഥാൻ എല്ലിസ്, നൂർ അഹമ്മദ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക