ഐപിഎല്‍ തുടങ്ങും മുമ്പേ കനത്ത തിരിച്ചടിയേറ്റ് പഞ്ചാബ് കിംഗ്‌സ്; ജോണി ബെയ്ർസ്റ്റോ ഇന്ത്യയിലേക്കില്ല

By Web Team  |  First Published Mar 21, 2023, 9:52 PM IST

ശസ്‌ത്രക്രിയക്ക് ശേഷം പരിക്ക് ഏറെ ഭേദമായ ജോണി ബെയ്‌ര്‍സ്റ്റോ പരിശീലനവും നെറ്റ്‌സ് പ്രാക്‌ടീസ് സെഷനും ആരംഭിച്ചതായി ഗാര്‍ഡിയന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു


മൊഹാലി: ഐപിഎല്‍ പതിനാറാം സീസണിന് മുമ്പ് പഞ്ചാബ് കിംഗ്‌സിന് കനത്ത തിരിച്ചടി. സ്റ്റാര്‍ ഇംഗ്ലീഷ് ബാറ്റര്‍ ജോണി ബെയ്‌ര്‍സ്റ്റോയ്ക്ക് സീസണാകെ നഷ്‌ടമാകും എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ സെപ്റ്റംബറിലേറ്റ ജോണിയുടെ പരിക്ക് ഇതുവരെ പൂര്‍ണമായി ഭേദമായിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. വരാനിരിക്കുന്ന ആഷസ് പരമ്പര മുന്‍നിര്‍ത്തി ഐപിഎല്ലില്‍ തിടുക്കത്തില്‍ കളിക്കണ്ട എന്ന് താരം തീരുമാനിക്കുകയായിരുന്നു. 

ശസ്‌ത്രക്രിയക്ക് ശേഷം പരിക്ക് ഏറെ ഭേദമായ ജോണി ബെയ്‌ര്‍സ്റ്റോ പരിശീലനവും നെറ്റ്‌സ് പ്രാക്‌ടീസ് സെഷനും ആരംഭിച്ചതായി ഗാര്‍ഡിയന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഐപിഎല്ലില്‍ കളിക്കില്ലെങ്കിലും കൗണ്ടി ക്രിക്കറ്റില്‍ യോര്‍ക്ക്‌ഷൈറിനായി താരം കളിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2022 സെപ്റ്റംബറില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഗോള്‍ഫ് കളിക്കുന്നതിന് ഇടയിലാണ് ബെയ്ർസ്റ്റോയുടെ ഇടംകാലിലെ കുഴയ്ക്ക് പരിക്കേറ്റത്. ഇതിന് പിന്നാലെ താരത്തിന് ട്വന്‍റി 20 ലോകകപ്പ് നഷ്‌ടമായിരുന്നു. പാകിസ്ഥാന്‍, ന്യൂസിലന്‍ഡ് പര്യടനങ്ങളിലും ജോണിക്ക് പങ്കെടുക്കാനായില്ല. ബാസ്‌ബോള്‍ ശൈലിയുടെ വക്‌താവായ ജോണി ബെയ്‌ര്‍സ്റ്റോയുടെ ആഷസിലെ പ്രകടനത്തിലേക്ക് ഉറ്റുനോക്കുകയാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ്. 

Latest Videos

2022ലെ മെഗാ താരലേലത്തില്‍ 6.75 കോടി രൂപ മുടക്കി സ്വന്തമാക്കിയ ജോണി ബെയ്ർസ്റ്റോയെ പഞ്ചാബ് കിംഗ്‌സ് വരും സീസണിലേക്ക് നിലനിർത്തുകയായിരുന്നു. കഴിഞ്ഞ സീസണില്‍ 11 കളികളില്‍ രണ്ട് അര്‍ധ സെഞ്ചുറികളോടെ 23 ശരാശരിയില്‍ 253 റണ്‍സേ നേടാനായുള്ളൂവെങ്കിലും പ്രഹരശേഷിയാണ് ബെയ്ർസ്റ്റോയുടെ പ്രത്യേകത. മാർച്ച് 31നാണ് ഐപിഎല്‍ 2023 ആരംഭിക്കുന്നത്.  

പഞ്ചാബ് കിംഗ്സ് സ്ക്വാഡ്: അർഷ്ദീപ് സിംഗ്, ശിഖർ ധവാന്‍, കാഗിസോ റബാഡ, ജോണി ബെയ്ർസ്റ്റോ, ഷാരൂഖ് ഖാന്‍, ഹർപ്രീത് ബ്രാർ, പ്രഭ്‍സിമ്രാന്‍ സിംഗ്, ജിതേഷ് ശർമ്മ, രാഹുല്‍ ചഹാർ, ലയാം ലിവിംഗ്സ്റ്റണ്‍, രാജ് ബാവ, റിഷി ധവാന്‍, ബല്‍തേജ് ദാണ്ട, നേഥന്‍ എല്ലിസ്, അഥർവ ടൈഡേ, ഭാനുക രജപക്സെ, സാം കറന്‍, സിക്കന്ദർ റാസ, ഹർപ്രീത് ഭാട്ട്യ, വിദ്വത് കവരെപ്പ, മൊഹിത് രാത്തേ, ശിവം സിംഗ്. 

വാട്ട് എ ഫിനിഷ്! വാലില്‍ കുത്തിയുയര്‍ന്ന് നെതര്‍ലന്‍ഡ്‌സിന് ത്രില്ലര്‍ ജയം; ഏഴാമന്‍ നിഡമനൂരുവിന് സെഞ്ചുറി

click me!