ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും താരത്തെ കുറിച്ച് സംസാരിക്കുകയാണ്. ദീര്‍ഘകാലം ടീമില്‍ തുടരാന്‍ ഉമ്രാന് സാധിക്കുമെന്നാണ് ഗാംഗുലി പറയുന്നത്. എന്നാല്‍ പൂര്‍ണ ഫിറ്റായിരിക്കണമെന്നും ഗാംഗുലി ഉമ്രാനെ ഉപദേശിച്ചു.
കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ പേസ് സെന്‍സേഷന്‍ ഉമ്രാന്‍ മാലിക്കിന് ഒരിടമുണ്ടായിരുന്നു. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദാരാബാദിനായി പുറത്തെടുത്ത കിടിലന്‍ പ്രകടനമാണ് താരത്തിന് ദേശീയ ടീമിലെത്തിച്ചത്. വിക്കറ്റ് വേട്ടയില്‍ നാലാം സ്ഥാനത്താണ് ഉമ്രാന്‍. 14 മത്സരങ്ങളില്‍ 22 വിക്കറ്റാണ് താരം വീഴ്ത്തിയത്. ഇതില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ അഞ്ച് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. മുന്‍ താരങ്ങളില്‍ പലരും താരത്തെ ടീമിലെടുക്കണമെന്ന് വാദിച്ചിരുന്നു.
ഇപ്പോള്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും താരത്തെ കുറിച്ച് സംസാരിക്കുകയാണ്. ദീര്‍ഘകാലം ടീമില്‍ തുടരാന്‍ ഉമ്രാന് സാധിക്കുമെന്നാണ് ഗാംഗുലി പറയുന്നത്. എന്നാല്‍ പൂര്‍ണ ഫിറ്റായിരിക്കണമെന്നും ഗാംഗുലി ഉമ്രാനെ ഉപദേശിച്ചു. ഗാംഗുലിയുടെ വാക്കുകള്‍... ''ഉമ്രാന്റെ ഭാവി അവന്റെ കയ്യില്‍ തന്നെയാണ്. കായികക്ഷമത നിലനിര്‍ത്തുകയും ഇപ്പോഴത്തെ പേസില്‍ പന്തെറിയാനും സാധിച്ചാല്‍ അവന് ദീര്‍ഘകാലം തുടരാം.'' ഗാംഗുലി പറഞ്ഞു.
ജൂണ്‍ ഒമ്പതിനാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ആരംഭിക്കുന്നത്. അഞ്ച് മത്സരങ്ങളാണുള്ളത്. ശേഷം ഇന്ത്യന്‍ ടീം അയര്‍ലന്‍ഡിലേക്ക് യാത്ര തിരിക്കും. അവിടെ രണ്ട് മത്സരവും കളിക്കും. പിന്നീട് ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റും മൂന്ന് വീതം ഏകദിവും ടി20 മത്സരങ്ങളും ഇന്ത്യ കളിക്കും.
പ്രകടനം കൊണ്ട് തന്നെ തൃപ്തിപ്പെടുത്തി മൂന്ന് താരങ്ങളെ കുറിച്ചും ഗാംഗുലി സംസാരിച്ചു. ''ഒരുപാട് പേര്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്തു. തിലക് വര്‍മ മുംബൈ ഇന്ത്യന്‍സിനായി നന്നായി കളിച്ചു. സണ്‍റൈസേഴ്‌സ് ഹൈദാരാബാദിന്റെ രാഹുല്‍ ത്രിപാഠി, ഗുജറാത്ത് ടൈറ്റന്‍സിന്റെ രാഹുല്‍ തെവാട്ടിയ എന്നിവരുടെ പ്രകടനവും എടുത്തു പറയേണ്ടതാണ്.'' ഗാംഗുലി വ്യക്തമാക്കി.
പേസര്‍മാരുടെ കാര്യത്തില്‍ പേടിയൊന്നുമില്ലെന്നും ഗാംഗുലി. ''ഉമ്രാനെ പോലെ മറ്റുചില പേസര്‍മാരുടെ പ്രകടനവും മികച്ചതായിരുന്നു. മുഹസിന്‍ ഖാന്‍, അര്‍ഷ്ദീപ് സിംഗ്, ആവേഷ് ഖാന്‍ എന്നിവരുടെ പേരുകള്‍ എടുത്തു പറയേണ്ടതാണ്.'' ഗാംഗുലി പറഞ്ഞു.