IPL Media Rights Tender : പ്രതീക്ഷ 40000 കോടി! ഐപിഎല്‍ സംപ്രേഷണാവകാശം വിറ്റ് പണം വാരാന്‍ ബിസിസിഐ-റിപ്പോര്‍ട്ട്

By Web Team  |  First Published Dec 18, 2021, 3:11 PM IST

നിലവിലെ ഐപിഎല്‍ സംപ്രേഷണവകാശം വിറ്റുപോയത് 16,347 കോടി രൂപയ്‌ക്കായിരുന്നു


മുംബൈ: അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ഐപിഎല്‍ സംപ്രേഷണാവകാശം ലേലത്തില്‍ വില്‍ക്കുന്നതിലൂടെ ബിസിസിഐ ലക്ഷ്യമിടുന്നത് കുറഞ്ഞത് 40,000 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. ലേലത്തിനായി ഉടന്‍ ടെന്‍ഡര്‍ വിളിക്കുമെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി വ്യക്തമാക്കി. ഐപിഎല്ലില്‍ പുതിയ രണ്ട് ടീമുകളെ ഉള്‍പ്പെടുത്തിയതിലൂടെ 12,725 കോടി രൂപ ലഭിച്ച ബിസിസിഐക്ക് ഇതോടെ ആകെ 50,000 കോടിയിലധികം രൂപ അക്കൗണ്ടിലെത്തും. 

'രണ്ട് ഫ്രാഞ്ചൈസികള്‍ക്കായി 12,000 കോടി രൂപ ലഭിച്ചത് വിസ്‌മയകരമാണ്. ഐപിഎല്‍ സംപ്രേഷണാവകാശം വില്‍ക്കുന്നതിലൂടെ 40,000 കോടിയിലധികം കിട്ടും എന്നാണ് പ്രതീക്ഷ. ഇതിന്‍റെ ടെന്‍ഡര്‍ ഉടന്‍ വിളിക്കും. 50,000 കോടി ലഭിക്കുന്നതോടെ ക്രിക്കറ്റിനെ അടുത്ത ഉയരങ്ങളിലേക്ക് ബിസിസിഐക്ക് എത്തിക്കാനാകും എപ്പോള്‍ത്തന്നെ ഐപിഎല്‍ ഇന്ത്യന്‍ ക്രിക്കറ്റിന് വലിയ സംഭാവനകള്‍ നല്‍കിക്കഴിഞ്ഞു' എന്നും സൗരവ് ഗാംഗുലി വ്യക്തമാക്കിയതായി ഇന്‍സൈഡ് സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്‌തു. 

Latest Videos

വര്‍ധനവ് മൂന്നിരട്ടിയോളം!

നിലവിലെ ഐപിഎല്‍ സംപ്രേഷണവകാശം വിറ്റുപോയത് 16,347 കോടി രൂപയ്‌ക്കായിരുന്നു. ടെലിവിഷന്‍, ഡിജിറ്റല്‍ പകര്‍പ്പവകാശം ചേര്‍ന്നതാണിത്. എന്നാല്‍ ഇതിന്‍റെ മൂന്നിരട്ടിയോളം 2023-2027 കാലത്തേക്ക് ലഭിക്കും എന്നാണ്  ബിസിസിഐയുടെ പ്രതീക്ഷ. ഐപിഎല്‍ സംപ്രേഷണാവകാശം വില്‍ക്കാന്‍ ഇ-ലേലം വിളിക്കാനാണ് ബിസിസിഐയുടെ ശ്രമം. 2018ല്‍ ടീം ഇന്ത്യയുടെ ഹോം മാച്ചുകളുടെ സംപ്രേഷണാവകാശം ഇ-ലേലത്തിലൂടെ ബിസിസിഐ വിറ്റിരുന്നു. സംപ്രേഷണാവകാശത്തിലൂടെ 25,000 കോടിയെങ്കിലും കിട്ടുമെന്നാണ് ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍ കഴിഞ്ഞ മാര്‍ച്ചില്‍ പറഞ്ഞിരുന്നത്. എന്നാല്‍ 40,000 കോടി എത്തിയിരിക്കുകയാണ് സൗരവ് ഗാംഗുലിയുടെ കണക്കുകൂട്ടല്‍. 

ഐപിഎല്ലില്‍ രണ്ട് പുതിയ ടീമുകളെയാണ് ഇക്കുറി ഉള്‍പ്പെടുത്തിയത്. ലഖ്‌നൗ ടീമിനെ 7,090 കോടി രൂപയ്‌ക്ക് ആർപി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പും അഹമ്മദാബാദിനെ 5,625 കോടി രൂപയ്‌ക്ക് ലക്സംബെർഗ് ആസ്ഥാനമായുള്ള സിവിസി ക്യാപിറ്റൽ പാർട്ണേഴ്സും സ്വന്തമാക്കി. ടീമുകളെ സ്വന്തമാക്കാനുള്ള ടെന്‍ഡറില്‍ പങ്കെടുത്ത ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പിനും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്ബോള്‍ ക്ലബിനും ടീമിനെ ലഭിച്ചില്ല. രണ്ട് പുതിയ ടീമുകള്‍ കൂടി എത്തുന്നതോടെ ഐപിഎല്ലിലെ ആകെ ടീമുകളുടെ എണ്ണം പത്തായി. 

Kohli vs Ganguly : കോലിയുടെ പരാമര്‍ശങ്ങള്‍; ഗാംഗുലി വിശദീകരണം നല്‍കൂ, പ്രശ്‌നം കെട്ടടങ്ങുമെന്ന് മദന്‍ ലാല്‍

click me!