അടുത്ത ഐപിഎല്ലില്‍ കളി മാറും; വമ്പന്‍ പരിഷ്കാരത്തിനൊരുങ്ങി ബിസിസിഐ

By Web Team  |  First Published Dec 2, 2022, 2:17 PM IST

ഇങ്ങനെ ഇറങ്ങുന്ന പകരക്കാരന് സാധാരണ കളിക്കാരനെപ്പോലെ ബൗള്‍ ചെയ്യാനും ബാറ്റ് ചെയ്യാനും കഴിയും. ഔട്ടായ ബാറ്റര്‍ക്ക് പകരമോ ഓവറുകള്‍ എറിഞ്ഞു തീര്‍ന്ന ബൗളര്‍ക്ക് പകരമോ പകരക്കാരനായി കളിക്കാരനെ ഇറക്കാം.


മുംബൈ: അടുത്ത ഐപിഎല്ലില്‍ ടീമുകളുടെ പ്രകടനത്തെ നിര്‍ണായകമായി സ്വാധീനിക്കുന്ന പരിഷ്കാരം നടപ്പാക്കാനൊരുങ്ങി ബിസിസിഐ. മത്സരത്തിനിടെ ഓരോ ടീമിനും ഒരു പകരക്കാരനെ കളത്തിലിറക്കാന്‍ അനുവദിക്കുന്ന പുതിയ പരിഷ്കാരമാണ് അടുത്ത സീസണ്‍ മുതല്‍ നടപ്പിലാക്കുന്നത്. അടുത്തിടെ സമാപിച്ച സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്‍റില്‍ പരീക്ഷിച്ച് വിജയിച്ചശേഷമാണ് ഐപിഎല്ലിലും പുതിയ പരിഷ്കാരത്തിന് ബിസിസിഐ ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച് ഐപിഎല്‍ ടീമുകള്‍ക്ക് ബിസിസിഐ ഔദ്യോഗി അറിയിപ്പ് നല്‍കി കഴിഞ്ഞു.

സയ്യിദ് മുഷ്താഖ് അലിയില്‍ നടപ്പാക്കിയ പുതിയ പരിഷ്കാരം തന്നെയാണ് ഐപിഎല്ലിലും നടപ്പാക്കുക എന്നതാണ് സൂചന. ഇതില്‍ എന്തെങ്കിലും മാറ്റം വരുത്തുമോ എന്ന കാര്യം ഇപ്പോള്‍ വ്യക്തമല്ല. ടോസ് സമയത്ത് രണ്ട് ടീമുകളും സബ്സ്റ്റിറ്റ്യൂട്ട് കളിക്കാരായി ഇറക്കാനുള്ള നാലു കളിക്കാരുടെ പട്ടിക കൈമാറണം. ബൗളര്‍മാരോ ബാറ്റര്‍മാരോ ഓള്‍ റൗണ്ടര്‍മാരോ ആരുമാകാം ഇത്.  ഈ പട്ടികയില്‍ നിന്ന് ഒരാളെ മാത്രമാണ് മത്സരത്തില്‍ ഏതെങ്കിലും ഒരു കളിക്കാരന് പകരം ഗ്രൗണ്ടിലിറക്കാന്‍ അനുവദിക്കു. ഓരോ ഇന്നിംഗ്സിന്‍റെയും 14 ഓവര്‍ പൂര്‍ത്തിയാവുന്നതിന് മുമ്പ് മാത്രമെ ഇങ്ങനെ കളിക്കാരനെ പകരം ഇറക്കാനാവു.

Latest Videos

ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തത് 991 കളിക്കാര്‍, ബെന്‍ സ്റ്റോക്സും ഗ്രീനും ലിസ്റ്റില്‍

ഇങ്ങനെ ഇറങ്ങുന്ന പകരക്കാരന് സാധാരണ കളിക്കാരനെപ്പോലെ ബൗള്‍ ചെയ്യാനും ബാറ്റ് ചെയ്യാനും കഴിയും. ഔട്ടായ ബാറ്റര്‍ക്ക് പകരമോ ഓവറുകള്‍ എറിഞ്ഞു തീര്‍ന്ന ബൗളര്‍ക്ക് പകരമോ പകരക്കാരനായി കളിക്കാരനെ ഇറക്കാം. എന്നാല്‍ ഔട്ടായ ബാറ്റര്‍ക്ക് പകരം വേറൊരു ബാറ്ററെ ഇറക്കിയാലും ഇന്നിംഗ്സിലെ ആകെ ബാറ്റര്‍മാരുടെ എണ്ണം 11ല്‍ കവിയാന്‍ പാടില്ല. നാലോവര്‍ പൂര്‍ത്തിയാക്കിയ ബൗളര്‍ക്ക് പകരം പുതിയൊരു ബൗളറെ ഇറക്കിയാലും അയാള്‍ക്ക് നാലോവര്‍ എറിയാന്‍ കഴിയും. പകരം ഇറക്കുന്ന കളിക്കാരന്‍ ഇംപാക്ട് പ്ലേയര്‍ എന്നായിരിക്കും അറിയപ്പെടുക.

2005ലും 2006ലും ഏകദിനത്തില്‍ സൂപ്പര്‍ സബ് സമ്പ്രദായം നടപ്പാക്കിയിരുന്നു. എന്നാല്‍ ഔട്ടായ ബാറ്റര്‍ക്ക് പകരം കളിക്കാരനെ ഇറക്കാനാവുമായിരുന്നില്ല. അതുപോലെ ഒരു ബൗളറുടെ പകരക്കാരനെ ഇറക്കുകയാണെങ്കില്‍ ആ ബൗളര്‍ പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ള ഓവറുകള്‍ മാത്രമെ പകരക്കാരന് എറിയാന്‍ കഴിയുമായിരുന്നുള്ളു. ഇത് പിന്നീട് നിര്‍ത്തലാക്കി.

ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലും രോഹിത്തിനെയും കോലിയെയും കളിപ്പിക്കില്ല; രാഹുലിനും പരമ്പര നഷ്ടമാവും

നിലവില്‍ ഓസ്ട്രേലിയയുടെ ആഭ്യന്തര ടി20 ലീഗായ ബിഗ് ബാഷ് ലീഗില്‍ സബ്സ്റ്റിറ്റ്യൂട്ട് കളിക്കാരനെ ഇറക്കാന്‍ അനുവാദമുണ്ട്. പക്ഷെ അത് ആദ്യ ഇന്നിംഗ്സിലെ 10 ഓവറിനുള്ളില്‍ ഇറക്കണം. അതുപോലെ ഔട്ടായ ബാറ്റര്‍ക്ക് പകരം ഇറക്കാനാവില്ല. പകരം ഇറങ്ങുന്ന കളിക്കാരന് ഒരോവര്‍ കൂടുതല്‍ പന്തെറിയാനുമാവില്ല.

click me!