നീരജ് ചോപ്രയുടെ ഒളിംപിക്സ് ജാവലിന്‍ 1.5 കോടിക്ക് സ്വന്തമാക്കി ബിസിസിഐ

By Gopala krishnan  |  First Published Sep 2, 2022, 7:25 PM IST

ഗംഗാ ശുചീകരണ, സംരക്ഷണ പദ്ധതിയായ നമാമി ഗംഗേ പദ്ധതിക്ക്' പണം കണ്ടെത്താനായാണ് പ്രധാനമന്ത്രിക്ക് സമ്മാനമായി കിട്ടുന്ന അപൂര്‍വ വസ്തുക്കള്‍ ഇ ലേലത്തില്‍ വെക്കാറുള്ളത്. ഇത്തരത്തില്‍ കഴിഞ്ഞ വര്‍ഷം നീരജിന്‍റെ ജാവലിന്‍ ഇ ലേലത്തില്‍ വെച്ചപ്പോളാണ് ബിസിസിഐ സ്വന്തമാക്കിയത്.


മുംബൈ: ടോക്കിയോ ഒളിംപിക്സിലെ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ ജേതാവായ നീരജ് ചോപ്രയുടെ ജാവലിന്‍ 1.5 കോടി രൂപയ്ക്ക് സ്വന്തമാക്കി ബിസിസിഐ. പ്രധാനമന്ത്രിയുടെ ശേഖരത്തിലുണ്ടായിരുന്ന നീരജിന്‍റെ ജാവലിനാണ് ഇ ലേലത്തിലൂടെ ബിസിസിഐ ഒന്നര കോടി രൂപ നല്‍കി സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഒളിംപിക്സ് മെഡല്‍ നേടി നാട്ടില്‍ തിരിച്ചെത്തിയശേഷം പ്രധാനമന്ത്രിയുടെ വസതിയില്‍ കായിക താരങ്ങള്‍ക്ക് നല്‍കിയ സല്‍ക്കാരത്തില്‍ വെച്ചാണ് നീരജ് ഒളിംപിക്സില്‍ താനുപയോഗിച്ച പച്ച നിറത്തിലുള്ള Valhalla 800 Hard NXS ജാവലിനില്‍ ഒന്ന് പ്രധാനമന്ത്രിയുടെ ശേഖരത്തിലേക്ക് സമ്മാനിച്ചത്.

ഗംഗാ ശുചീകരണ, സംരക്ഷണ പദ്ധതിയായ നമാമി ഗംഗേ പദ്ധതിക്ക്' പണം കണ്ടെത്താനായാണ് പ്രധാനമന്ത്രിക്ക് സമ്മാനമായി കിട്ടുന്ന അപൂര്‍വ വസ്തുക്കള്‍ ഇ ലേലത്തില്‍ വെക്കാറുള്ളത്. ഇത്തരത്തില്‍ കഴിഞ്ഞ വര്‍ഷം നീരജിന്‍റെ ജാവലിന്‍ ഇ ലേലത്തില്‍ വെച്ചപ്പോളാണ് ബിസിസിഐ സ്വന്തമാക്കിയത്. നീരജിന്‍റെ ജാവലിന് പുറമെ ഇന്ത്യന്‍ പാരാലിംപിക് ടീം ഉപയോഗിച്ച കളിക്കാര്‍ ഒപ്പിട്ട ഷാളും പ്രധാനമന്ത്രിയുടെ ശേഖരത്തില്‍ നിന്ന് ബിസിസിഐ ഇ ലേലത്തില്‍ സ്വന്തമാക്കിയിട്ടുണ്ട്.പാരലിംപിക്‌സ് താരങ്ങള്‍ പ്രധാനമന്ത്രിക്ക് സമ്മാനിച്ചതായിരുന്നു ഇത്.

Latest Videos

undefined

വെറും സ്വർണമല്ല, പത്തരമാറ്റ് തനി തങ്കമാണ് നീരജ്; വമ്പന്മാർ വീണ്ടും മുട്ടുകുത്തി, മിന്നും നേട്ടം വീണ്ടും

അതേസമയം, ഒളിംപിക്സില്‍ നീരജ് സ്വര്‍ണം എറിഞ്ഞിട്ട ഏറിനായി ഉപയോഗിച്ച ജാവലിന്‍ കഴിഞ്ഞ മാസം ലൂസാന്നിലെ ഒളിംപിക് മ്യൂസിയത്തിലേക്ക് സംഭാവന ചെയ്തിരുന്നു. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയതിന് പിന്നാലെയായിരുന്നു ഇത്.

ഇ ലേലത്തില്‍ ഫെന്‍സര്‍ ഭവാനി ദേവി ഒളിംപിക്സില്‍ ഉപയോഗിച്ച വാളിന് 1.25 കോടി രൂപയും പാരാലിംപിക്സ് ജാവലിന്‍ ത്രോ താരം സുമിത് ആന്‍റിലിന്‍റെ ജാവലിന് 1.002 കോടി രൂപയും ലഭിച്ചിരുന്നു.  ബോക്സിംഗ് താരം ലോവ്ലിന ബോര്‍ഗോഹൈന്‍റെ ബോക്സിംഗ് ഗ്ലൗസുകള്‍ 91 ലക്ഷം രൂപയ്ക്കാണ് വിറ്റുപോയത്. കഴിഞ്ഞ വര്‍ഷം നടന്ന ലേലത്തില്‍ സ്പോര്‍ട്സ് കളക്ഷനുകള്‍ ഉള്‍പ്പെടെ 1348 മെമന്‍റോകളാണ് ഉള്‍പ്പെടുത്തിയത്.

click me!