ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സ് നേടി. ലിറ്റണ്‍ ദാസിന്റെ (102) സെഞ്ചുറിയാണ് ബംഗ്ലാദേശിനെ സഹായിച്ചത്. മറുപടി ബാറ്റിംഗില്‍ സിംബാബ്‌വെ 28.5 ഓവറില്‍ 121ന് എല്ലാവരും പുറത്തായി.
ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ബംഗ്ലാദേശിന് കൂറ്റന്‍ ജയം. ഹരാരെ സ്‌പോര്‍ട്‌സ് ഗ്രൗണ്ടില്‍ 155 റണ്‍സിനായിരുന്നു ബംഗ്ലാദേശിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സ് നേടി. ലിറ്റണ്‍ ദാസിന്റെ (102) സെഞ്ചുറിയാണ് ബംഗ്ലാദേശിനെ സഹായിച്ചത്. മറുപടി ബാറ്റിംഗില്‍ സിംബാബ്‌വെ 28.5 ഓവറില്‍ 121ന് എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ ഷാക്കിബ് അല്‍ ഹസനാണ് സിംബാബ്‌വെയെ തകര്‍ത്തത്. ജയത്തോടെ ബംഗ്ലാദേശ് മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഒന്നാമതെത്തി.
54 റണ്‍സ് നേടിയ റെഗിസ് ചകാബ്വ മാത്രമാണ് സിംബാബ്‌വെ നിരയില്‍ മികച്ച പ്രകടനം പുറത്തെടുത്തത്. ബ്രണ്ടന്‍ ടെയ്‌ലര്‍ (24), ഡിയോണ്‍ മ്യേഴ്‌സ് (18) എന്നിവരാണ് രണ്ടക്കം കണ്ട മറ്റു ബാറ്റ്‌സ്മാന്മാര്‍. വെസ്ലി മധെവേരെ (9), തദിവന്‍ഷെ മറുമനി (0), റ്യാന്‍ ബേള്‍ (6), ലൂക്ക് ജോംഗ്‌വെ (0), ബ്ലെസിംഗ് മുസറബാനി (2), റിച്ചാര്‍ഡ് ഗവാര (0) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്‌സ്മാന്മാര്‍. തെന്‍ഡെ ചടാര (0) പുറത്താവാതെ നിന്നു. തിമിസെന്‍ മറുമ (0) പരിക്ക് കാരണം ബാറ്റിംഗിന് ഇറങ്ങിയില്ല. ഷാക്കിബിന് പുറമെ ടസ്‌കിന്‍ അഹമ്മദ്, മുഹമ്മദ് സെയ്ഫുദ്ദീന്‍, ഷൊറിഫുള്‍ ഇസ്ലാം എന്നിവര്‍ ഓരോ വിക്കറ്റ് വീഴത്തി.
നേരത്തെ ലിറ്റണ്‍ ദാസിന്റെ നാലാം ഏകദിന സെഞ്ചുറിയാണ് ബംഗ്ലാദേശിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. എട്ട് ബൗണ്ടികള്‍ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. അഫീഫ് ഹുസൈന്‍ 45 റണ്‍സെടുത്തു. മോശം തുടക്കമായിരുന്നു ബംഗ്ലാദേശിന്. സ്‌കോര്‍ ബോര്‍ഡില്‍ 74 റണ്‍സ് മാത്രമുള്ളപ്പോള്‍ നാല് മുന്‍നിര താരങ്ങള്‍ പവലിയനില്‍ തിരിച്ചെത്തി. ക്യാപ്റ്റന്‍ തമീം ഇഖ്ബാല്‍ (0), ഷാക്കിബ് അല്‍ ഹസന്‍ (19), മുഹമ്മദ് മിതുന്‍ (19), മൊസദെക് ഹുസൈന്‍ (5) എന്നിവര്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല.
ആറാമനായി ക്രീസിലെത്തിയ മഹ്‌മുദുള്ളയ്‌ക്കൊപ്പം ലിറ്റണ്‍ 93 റണ്‍സ് കൂട്ടിച്ചേര്‍ത്തത് ബംഗ്ലാ ഇന്നിങ്‌സിന് തുണയായി. എന്നാല്‍ മഹ്‌മുദുള്ള (33) പുറത്തായി. വൈകാതെ ലിറ്റണ്‍ തന്റെ നാലാം ഏകദിന സെഞ്ചുറി പൂര്‍ത്തിയാക്കി. എട്ട് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു ബംഗ്ലാ ഓപ്പണറുടെ ഇന്നിങ്‌സ്. പിന്നാലെ അഫീഫ് വേഗത്തില്‍ റണ്‍സ് കണ്ടെത്തിയപ്പോള്‍ ബംഗ്ലാദേശിന്റെ സ്‌കോര്‍ 250 കടന്നു. മെഹിദി ഹസന്‍ (26), ടസ്‌കിന്‍ അഹമ്മദ് (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മുഹമ്മദ് സെയ്ഫുദ്ദീന്‍ (8), ഷൊറിഫുല്‍ ഇസ്ലാം (0) എന്നിവര്‍ പുറത്താവാതെ നിന്നു.
ലൂക് ജോംഗ്‌വെ സിംബാബ്‌വെയ്ക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി. പുറമെ ബ്ലെസിംഗ് മുസറബാനി, റിച്ചാര്‍ഡ് ഗവാരാ എന്നിവര്‍ രണ്ടും ചടാര ഒരു വിക്കറ്റും വീഴ്ത്തി.