ടി20യില്‍ ബംഗ്ലാദേശ് ജൈത്രയാത്ര തുടരുന്നു; ന്യൂസിലന്‍ഡിനെതിരായ രണ്ടാം മത്സരത്തിലും ജയം

By Web Team  |  First Published Sep 3, 2021, 7:36 PM IST

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുത്തപ്പോള്‍ ന്യൂസിലന്‍ഡിന് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.


ധാക്ക: ടി20യില്‍ ബംഗ്ലാദേശിന്‍റെ ജൈത്രയാത്ര തുടരുന്നു. ഓസ്ട്രേലിയക്കെതിരായ പരമ്പര നേട്ടത്തിന് പിന്നാലെ ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തിലും ബംഗ്ലാദേശ് ജയം സ്വന്തമാക്കിയ ബംഗ്ലാദേശ് അഞ്ച് മത്സര പരമ്പരയില്‍ 2-0ന് മുന്നിലെത്തി.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുത്തപ്പോള്‍ ന്യൂസിലന്‍ഡിന് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഓസ്ട്രേലിയക്കും ന്യൂസിലന്‍ഡിനുമെതിരായ കഴിഞ്ഞ ഏഴ് ടി20 മത്സരങ്ങളില്‍ ബംഗ്ലാദേശിന്‍റെ ആറാം ജയമാണിത്.

Latest Videos

അഞ്ച് വിക്കറ്റ് കൈയിലിരിക്കെ അവസാന രണ്ടോവറില്‍ ന്യൂസിലന്‍ഡിന് ജയത്തിലേക്ക് 28 റണ്‍സായിരുന്നു  വേണ്ടിയിരുന്നത്. മുഹമ്മദ് സൈഫുദ്ദീന്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ കിവീസിന് എട്ട് റണ്‍സെ നേടാനായുള്ളു. മുസ്തഫിസുര്‍ റഹ്മാന്‍ എറിഞ്ഞ അവസാന ഓവറില്‍ 20 റണ്‍സ് വേണ്ടിയിരുന്ന ന്യൂസിലന്‍ഡിന് 15 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

ബംഗ്ലാദേശിനായി മെഹ്ദി ഹസനും ഷാക്കിബ് അല്‍ ഹസനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. കിവീസിനായി ടോം ലാഥം(49 പന്ില്‍ 65 നോട്ടൗട്ട്), വില്‍ യംഗ്(22) കോളിന്‍ മക്കോന്‍ക്കി(15 നോട്ടൗട്ട്) എന്നിവര്‍ ബാറ്റിംഗില്‍ തിളങ്ങി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനായി ഓപ്പണര്‍ മൊഹമ്മദ് നയീം(39), ലിറ്റണ്‍ ദാസ്(33) എന്നിവര്‍ ഓപ്പണിംഗ് വിക്കറ്റില്‍  പത്തോവറില്‍ 59 റണ്‍സടിച്ച് ബംഗ്ലാദേശിന് നല്ല തുടക്കം നല്‍കി.

മധ്യനിരയില്‍ ക്യാപ്റ്റന്‍ മെഹമദ്ദുള്ള(32 പന്തില്‍ 37 നോട്ടൗട്ട്) നൂറുള്‍ ഹസന്‍(13) എന്നിവര്‍ ചേര്‍ന്ന് ബംഗ്ലാദേശിനെ 141 റണ്‍സിലെത്തിച്ചു. കിവീസിനായി രചിന്‍ രവീന്ദ്ര മൂന്ന് വിക്കറ്റെടുത്തു. പരമ്പരയിലെ മൂന്നാം മത്സരം ഞായറാഴ്ച നടക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!