ആറാം തവണയും 400 കടന്ന് ടീം ഇന്ത്യ; തകര്‍പ്പന്‍ റെക്കോര്‍ഡിനൊപ്പം

By Jomit Jose  |  First Published Dec 10, 2022, 3:47 PM IST

ഓപ്പണര്‍ ഇഷാന്‍ കിഷന്‍റെ ഇരട്ട സെഞ്ചുറിയുടേയും മുന്‍ നായകന്‍ വിരാട് കോലിയുടെ സെഞ്ചുറിയുടേയും കരുത്തിലാണ് ഇന്ത്യ പടുകൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയത്


ചിറ്റഗോങ്: ബംഗ്ലാദേശിനെതിരെ ആദ്യ രണ്ട് ഏകദിനങ്ങളില്‍ നേരിട്ട തോല്‍വിക്ക് റണ്‍മല കെട്ടി ടീം ഇന്ത്യയുടെ പ്രതികാരം. അതാണ് ചിറ്റഗോങ്ങിലെ മൂന്നാം ഏകദിനത്തില്‍ കണ്ടത്. ഇതോടെ ഇന്ത്യ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് 409 റണ്‍സ് പടുത്തുയര്‍ത്തി. ഇതോടെ ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ഒരു റെക്കോര്‍ഡിനൊപ്പം എത്താന്‍ ടീം ഇന്ത്യക്കായി. ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ തവണ 400 റണ്‍സ് ടച്ച് ചെയ്യുന്ന ടീമെന്ന നേട്ടത്തിലാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്ക് ഒപ്പമെത്തിയത്. ഇരു ടീമുകളും ആറ് തവണ വീതമാണ് ഏകദിനത്തില്‍ 400 നേടിയത്. 

ഓപ്പണര്‍ ഇഷാന്‍ കിഷന്‍റെ ഇരട്ട സെഞ്ചുറിയുടേയും മുന്‍ നായകന്‍ വിരാട് കോലിയുടെ സെഞ്ചുറിയുടേയും കരുത്തിലാണ് ഇന്ത്യ പടുകൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയത്. ഇഷാന്‍ 131 പന്തില്‍ 24 ഫോറും 10 സിക്‌സറും സഹിതം 210 റണ്‍സെടുത്തപ്പോള്‍ കോലി 91 പന്തില്‍ 11 ഫോറും രണ്ട് സിക്‌സറുകളോടെയും 113 റണ്‍സ് അടിച്ചെടുത്തു. ഏകദിന ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്ററെന്ന റെക്കോര്‍ഡ് ഇതോടെ ഇഷാന്‍ കിഷന്‍ സ്വന്തം പേരിലാക്കി. വേഗമേറിയ ഏകദിന ഡബിളിന്‍റെ റെക്കോര്‍ഡും ഇഷാന്‍റെ പേരിലായി. 126 പന്തില്‍ ഡബിള്‍ സെഞ്ചുറി തികച്ച ഇഷാന്‍ 138 പന്തില്‍ 200 തികച്ച ക്രിസ് ഗെയ്‌ലിന്‍റെ റെക്കോര്‍ഡാണ് തകര്‍ത്തത്. 

Latest Videos

27 പന്തില്‍ 37 റണ്‍സെടുത്ത വാഷിംഗ്‌ടണ്‍ സുന്ദറും 17 പന്തില്‍ 20 റണ്‍സെടുത്ത അക്‌സര്‍ പട്ടേലും നിര്‍ണായകമായി. ടസ്‌കിന്‍ അഹമ്മദ്, ഇബാദത്ത് ഹുസൈന്‍, ഷാക്കിബ് അല്‍ ഹസന്‍ എന്നിവര്‍ ബംഗ്ലാദേശിനായി രണ്ട് വിക്കറ്റ് വീതമെടുത്തു. മൂന്ന് മത്സരങ്ങളുടെ പരമ്പര നേരത്തെ ഇന്ത്യക്ക് നഷ്ടമായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളും ബംഗ്ലാദേശ് ജയിക്കുകയായിരുന്നു.

ഇഷാന്റെ ഇരട്ട സെഞ്ചുറി, കോലിയുടെ സെഞ്ചുറി; ബംഗ്ലാദേശിനെതിരെ മൂന്നാം ഏകദിനത്തില്‍ 400 കടന്ന് ടീം ഇന്ത്യ

click me!