'ഏറ്റവും മികച്ച പേസ് നിര പാകിസ്ഥാന്‍റേത്'; ടി20 ലോകകപ്പിന് മുമ്പ് എതിരാളികള്‍ക്ക് മുന്നറിയിപ്പുമായി ബാബര്‍ അസം

By Jomit Jose  |  First Published Oct 15, 2022, 3:37 PM IST

പൂര്‍ണ ഫിറ്റ്‌നസ് കൈവരിച്ച ഫഖര്‍ സമാനും ഷഹീന്‍ അഫ്രീദിയും വാംഅപ് മത്സരങ്ങള്‍ കളിക്കും എന്നും ബാബര്‍


ബ്രിസ്‌ബേന്‍: ടി20 ലോകകപ്പിന് മുമ്പ് എതിരാളികള്‍ക്ക് മുന്നറിയിപ്പുമായി പാക് നായകന്‍ ബാബര്‍ അസം. 'ടൂര്‍ണമെന്‍റിലെ ഏറ്റവും മികച്ച പേസ് ബൗളിംഗ് ആക്രമണനിരകളില്‍ ഒന്നാണ് പാകിസ്ഥാന്‍. ഇക്കാര്യത്തില്‍ മറ്റാര്‍ക്കും പിന്നലല്ല. എല്ലാവരും മികച്ച രീതിയിലാണ് പന്തെറിയുന്നത്. ഷഹീന്‍ ഷാ അഫ്രീദിയുടെ വരവ് കരുത്ത് കൂട്ടുന്നു. പൂര്‍ണ ഫിറ്റ്‌നസ് കൈവരിച്ച ഫഖര്‍ സമാനും ഷഹീന്‍ അഫ്രീദിയും വാംഅപ് മത്സരങ്ങള്‍ കളിക്കും' എന്നും ബാബര്‍ ലോകകപ്പിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

രോഹിത് ശര്‍മ്മയും മാധ്യമങ്ങളെ കണ്ടു. രോഹിത്തിന്‍റെ വാക്കുകള്‍ ലോകകപ്പിലെ ടീമിന്‍റെ എക്‌സ് ഫാക്‌ടറിനെ കുറിച്ചായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ എക്‌സ്‌ ഫാക്‌ടര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്താണ് എന്ന് പൊതു വിലയിരുത്തല്‍. റിഷഭിനെ ഇന്ത്യയുടെ ഭാഗ്യതാരമായി കാണുന്ന മുന്‍താരങ്ങളേറെ. ടി20 ലോകകപ്പില്‍ എന്നാല്‍ എക്‌സ് ഫാക്‌ടറായി മറ്റൊരു താരത്തിന്‍റെ പേരാണ് നായകന്‍ രോഹിത് ശര്‍മ്മ പറയുന്നത്. സമീപകാലത്ത് മിന്നും ഫോമിലുള്ള ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിന്‍റെ പേരാണ് ഹിറ്റ്‌മാന്‍ പറ‌ഞ്ഞത്. 

Latest Videos

'സൂര്യകുമാര്‍ യാദവിന് നമ്മുടെ എക്‌സ് ഫാക്‌ടറാവാന്‍ കഴിയും. വിസ്‌മയ ഫോം അദ്ദേഹം തുടരും എന്നാണ് പ്രതീക്ഷ. വളരെ ആത്മവിശ്വാസമുള്ള താരമാണ്. തന്‍റെ ഗെയിമില്‍ അദ്ദേഹത്തിനേറെ ആത്മവിശ്വാസമുണ്ട്. മുഹമ്മദ് ഷമിയെ ഞാനിപ്പോള്‍ കണ്ടിട്ടില്ല. എന്നാല്‍ ഷമി മികച്ച ഫിറ്റ്‌നസിലാണ് എന്നാണ് കേട്ടത്. ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ പൂര്‍ണ പരിശീലനം നടത്തിയാണ് താരം വരുന്നത്. ഞായറാഴ്‌ച ബ്രിസ്‌ബേനില്‍ പ്രാക്‌ടീസ് സെഷനുണ്ട്. അവിടെവച്ച് ഷമിയെ കാണാമെന്നും അതിനനുസരിച്ച് തീരുമാനം കൈക്കൊള്ളാമെന്നുമാണ് എന്‍റെ പ്രതീക്ഷ എന്നും രോഹിത് ശര്‍മ്മ' വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  

'എല്ലാവരും ആത്മവിശ്വാസത്തിലാണ്'; ടി20 ലോകകപ്പിന് മുമ്പ് പ്രതീക്ഷകള്‍ പങ്കുവച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്

click me!