കമ്മിന്‍സിന്റെ ബൗണ്‍സര്‍ ഹുക്ക് ചെയ്യാനുള്ള ശ്രമത്തില്‍ വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരിക്ക് ക്യാച്ച് നല്‍കിയായിരുന്നു ജയ്സ്വാളിന്റെ മടക്കം.
മെല്‍ബണ്‍: വിവാദങ്ങളുടെ അകമ്പടിയോടെയാണ് മെല്‍ബണ്‍ ടെസ്റ്റില്‍ യശസ്വി ജയ്‌സ്വാള്‍ പുറത്താവുന്നത്. ഇന്ത്യയുടെ സ്‌കോര്‍ 140 മാത്രമുള്ളപ്പോഴാണ് ജയ്സ്വാള്‍ മടങ്ങുന്നത്. കമ്മിന്‍സിന്റെ ബൗണ്‍സര്‍ ഹുക്ക് ചെയ്യാനുള്ള ശ്രമത്തില്‍ വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരിക്ക് ക്യാച്ച് നല്‍കിയായിരുന്നു ജയ്സ്വാളിന്റെ മടക്കം. എന്നാല്‍ അംപയര്‍ ഔട്ട് നല്‍കിയിരുന്നില്ല. പിന്നാലെ ഓസീസ് റിവ്യൂ എടുത്തു. എന്നാല്‍ റിവ്യൂയില്‍ സ്നിക്കോയില്‍ ഒന്നുമ്മുള്ളതായി കണ്ടിരുന്നില്ല.
പക്ഷേ പന്ത് ഒരുപാട് വ്യതിചലിച്ചതായി റിവ്യൂ വീഡിയോയില്‍ കാണാമായിരുന്നു. ബാറ്റിലുരസി വ്യതിചലിച്ചതാണെന്ന് നിഗമനം. തേര്‍ഡ് അംപയര്‍ നിര്‍ദേശത്തെ തുടര്‍ന്ന് അംപയര്‍ തീരുമാനം മാറ്റുകയും ചെയ്തു. ജയ്സ്വാളിന് മടക്കം. ഔട്ട് വിളിച്ചതിന് പിന്നാലെ അംപയറോട് സംസാരിച്ചാണ് ജയ്സ്വാള്‍ തിരിച്ചുനടന്നത്. ഇപ്പോള്‍ ജയ്‌സ്വാളിന്റെ വിക്കറ്റ് എത്രത്തോളം പ്രധാനമാണെന്ന് വ്യക്തമാക്കുകയാണ് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്. ഓസീസ് പേസറുടെ വാക്കുകള്‍.. ''യശസ്വി ജയ്‌സ്വാളിന്റെ വിക്കറ്റ് ഒരു ബ്രേക്ക് ത്രൂ ആയിരുന്നു. അവനെ പുറത്താക്കാന്‍ ഞങ്ങള്‍ എല്ലാ അടുവുകളും പയറ്റി. ഒടുവില്‍ ഒരെണ്ണത്തില്‍ ജയ്‌സ്വാള്‍ വീണു. റിവ്യൂ ചെയ്യണ സമയത്ത് സ്‌നിക്കോയില്‍ ഒന്നും കാണാതിരുന്നപ്പോള്‍ നിരാശതോന്നി, എന്നാല്‍ അത് വിക്കറ്റാണെന്ന് തീരുമാനിക്കാന്‍ ധാരാളം തെളിവുകളുണ്ടായിരുന്നു.'' കമ്മിന്‍സ് വ്യക്തമാക്കി.
വിജയ് ഹസാരെയില്‍ ഇന്നും സഞ്ജു ഇല്ല! ബംഗാളിനെതിരെ കേരളത്തിന് ടോസ്; മുഹമ്മദ് ഷമി കളിക്കില്ല
ജയ്‌സ്വാളിന്റെ വിക്കറ്റിന് കുറിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഇന്നലെ സംസാരിച്ചിരുന്നു. ബാറ്റിലുരസിയെന്നാണ് കരുതുന്നതെന്ന് രോഹിത് വ്യക്തമാക്കി. മത്സരത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ രോഹിത് പറഞ്ഞതിങ്ങനെ... ''ഞാന്‍ സ്നിക്കോയില്‍ ഒന്നുതന്നെ കണ്ടില്ല. എന്നാല്‍ ഒരു ഡിഫ്ളക്ഷന്‍ അവിടെ ഉണ്ടായെന്ന് വ്യക്തമായി കാണാം. പന്ത് ബാറ്റിലുരസിയത് പോലെയാണ് തോന്നുന്നത്.'' രോഹിത് പറഞ്ഞു.
അതേസമയം, ബോക്സിംഗ് ഡേ ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. മെല്‍ബണില്‍ 184 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. 340 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ ഇന്ത്യ 155ന് എല്ലാവരും പുറത്താവുകയായിരുന്നു. ജയ്സ്വാളാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഓസീസിന് വേണ്ടി പാറ്റ് കമ്മിന്‍സ്, സ്‌കോട്ട് ബോളണ്ട് എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി. നതാന്‍ ലിയോണിന് രണ്ട് വിക്കറ്റുണ്ട്. സ്‌കോര്‍: ഓസ്ട്രേലിയ 474 & 234, ഇന്ത്യ 369 & 155. ജയത്തോടെ അഞ്ച് മത്സരങ്ങളുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസീന് 2-1ന് മുന്നിലെത്തി. ഇനി സിഡ്നിയിലെ ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്.