ഇന്നിംഗ്‌സിലെ രണ്ടാം പന്തില്‍ തന്നെ ഇംഗ്ലീഷ് ഓപ്പണര്‍ ജേസന്‍ റോയിയെ പൂജ്യത്തില്‍ മടക്കിയാണ് സ്റ്റാര്‍ക്ക് തുടങ്ങിയത്
സിഡ്‌നി: സമകാലിക ക്രിക്കറ്റിലെ ഏറ്റവും പ്രഹരശേഷിയുള്ള പേസര്‍മാരില്‍ ഒരാളാണ് ഓസ്ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്ക് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം കാണില്ല. സ്റ്റാര്‍ക്കിന്‍റെ ഇടംകൈയില്‍ നിന്ന് പറക്കുന്ന അപകടം വിതയ്ക്കുന്ന യോര്‍ക്കറുകളും ബൗണ്‍സറുകളും ബാറ്റര്‍മാരുടെ പേടിസ്വപ്‌നമാണ്. സിഡ്‌നിയില്‍ ഇന്ന് നടന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിലും സ്റ്റാര്‍ക്കിന്‍റെ ഒരു വെടിയുണ്ട ആരാധകര്‍ കണ്ടു. ഫോമിലുള്ള ഇംഗ്ലീഷ് ബാറ്റര്‍ ഡേവിഡ് മലാനെ പുറത്താക്കാനാണ് സ്റ്റാര്‍ക്ക് ഈ പന്തെറിഞ്ഞത്.
ഇന്നിംഗ്‌സിലെ രണ്ടാം പന്തില്‍ തന്നെ ഇംഗ്ലീഷ് ഓപ്പണര്‍ ജേസന്‍ റോയിയെ പൂജ്യത്തില്‍ മടക്കിയാണ് സ്റ്റാര്‍ക്ക് തുടങ്ങിയത്. അലക്‌സ് ക്യാരിക്കായിരുന്നു ക്യാച്ച്. ഇതേ ഓവറിലെ അഞ്ചാം പന്തില്‍ ഡേവിഡ് മലാന് സ്റ്റാര്‍ക്ക് കെണിയൊരുക്കി. സ്റ്റാര്‍ക്കിന്‍റെ ഗുഡ് ലെങ്ത് പന്തില്‍ ബാറ്റ് വെക്കാന്‍ ശ്രമിച്ച മലാന്‍ സ്വിങ്ങിന് മുന്നില്‍ അപ്രസക്തനായി ബൗള്‍ഡായി. സ്റ്റാര്‍ക്കിന്‍റെ പന്ത് എതിലേ പാഞ്ഞാണ് ഓഫ് സ്റ്റംപിലേക്ക് കയറിയത് എന്നുപോലും മലാന് പിടികിട്ടിയില്ല. മൂന്ന് പന്ത് നേരിട്ട് പൂജ്യത്തിലായിരുന്നു താരത്തിന്‍റെ മടക്കം. ആദ്യ ഏകദിനത്തില്‍ 128 പന്തില്‍ 134 റണ്‍സ് നേടിയ താരമാണ് ഡേവിഡ് മലാന്‍. ഇതോടെ ആദ്യ ഓവറില്‍ വെറും രണ്ട് റണ്‍സിന് ഇരട്ട വിക്കറ്റായി മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ നേട്ടം.
What a ball from Starc!!!!pic.twitter.com/9XBEa9VJOI
— Johns. (@CricCrazyJohns)
മത്സരത്തില്‍ 72 റണ്‍സിന്‍റെ വിജയവുമായി ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കി. ഓസീസിന്‍റെ 280 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 38.5 ഓവറില്‍ 208 റണ്‍സെടുക്കാനേയായുള്ളൂ. നാല് വീതം വിക്കറ്റുമായി മിച്ചല്‍ സ്റ്റാര്‍ക്കും ആദം സാംപയും രണ്ട് പേരെ മടക്കി ജോഷ് ഹേസല്‍വുഡുമാണ് ഇംഗ്ലണ്ടിന് പ്രഹരമേല്‍പിച്ചത്. 80 പന്തില്‍ 71 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ സാം ബില്ലിങ്‌സ്, 72 പന്തില്‍ 60 നേടിയ ജയിംസ് വിന്‍സ് എന്നിവര്‍ക്ക് ടീമിനെ രക്ഷിക്കാനായില്ല. ജേസന്‍ റോയിയുടെ സഹ ഓപ്പണര്‍ ഫിലിപ് സാല്‍ട്ട് 23ല്‍ പുറത്തായി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസീസ് 50 ഓവറില്‍ എട്ട് വിക്കറ്റിനാണ് 280 റണ്‍സെടുത്തത്. 114 പന്തില്‍ 94 റണ്‍സെടുത്ത സ്റ്റീവ് സ്‌മിത്താണ് ടോപ് സ്കോറര്‍. ആദില്‍ റഷീദിനെ സിക്‌സര്‍ പറത്തി സെഞ്ചുറി തികയ്ക്കാനുള്ള ശ്രമത്തിനിടെ സ്മിത്ത് പുറത്താവുകയായിരുന്നു. മാര്‍നസ് ലബുഷെയ്‌നും(58), മിച്ചല്‍ മാര്‍ഷും(50) അര്‍ധ സെഞ്ചുറി നേടി. ആദില്‍ റഷീദ് മൂന്നും ക്രിസ് വോക്‌സും ഡേവിഡ് വില്ലിയും രണ്ട് വീതവും മൊയീന്‍ അലി ഒന്നും വിക്കറ്റ് നേടി.
വിജയ് ഹസാരെ ട്രോഫി; ആന്ധ്രയ്‌ക്കെതിരെ കേരളത്തിന് കനത്ത തോല്‍വി