11 റണ്‍സിനിടെ നാല് വിക്കറ്റ്! ഹെഡിനേയും തൂക്കിയെറിഞ്ഞ് തീക്കാറ്റായി ബുമ്ര; ഓസീസിന് കൂട്ടത്തകര്‍ച്ച

By Web Desk  |  First Published Dec 29, 2024, 8:59 AM IST

സിറാജാണ് ഓസീസിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. 11 റണ്‍സിനിടെ നാല് വിക്കറ്റാണ് ഓസീസിന് നഷ്ടമായത്.


മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യയുടെ തകര്‍പ്പന്‍ തിരിച്ചുവരവ്. ക്ഷണ നേരത്തില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ഇന്ത്യ ഓസീസിനെ പ്രതിരോധത്തിലാക്കി. മെല്‍ബണില്‍ ലഞ്ചിന് ശേഷം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറിന് 99 എന്ന നിലയിലാണ് ഓസീസ്. 204 റണ്‍സ് ലീഡുണ്ട് ഓസീസിന്. ഒരോവറില്‍ രണ്ട് വിക്കറ്റ്‌റ് വീഴത്തിയ ജസ്പ്രിത് ബുമ്രയാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ഒന്നാകെ ബുമ്ര നാല് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജിന് രണ്ട് വിക്കറ്റുണ്ട്. ആദ്യ ഇന്നിംഗ്‌സില്‍ പൂജ്യത്തിന് പുറത്തായ ട്രാവിസ് ഹെഡിന് ഇത്തവണ ഒരു റണ്ണെടുക്കാനാണ് സാധിച്ചത്. മര്‍നസ് ലബുഷെയ്ന്‍ (46), പാറ്റ് കമ്മിന്‍സ് (4) എന്നിവരാണ് ക്രീസില്‍. 

ഒരു ഘട്ടത്തില്‍ രണ്ടിന് 80 നിലയിലായിരുന്നു ഓസീസ്. സാം കോണ്‍സ്റ്റാസ് (8), ഉസ്മാന്‍ ഖവാജ (21) എന്നിവരുടെ വിക്കറ്റുകള്‍ നേരത്തെ നഷ്ടമായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ അര്‍ധ സെഞ്ചുറി നേടിയ കോണ്‍സ്റ്റാസിന് ഇത്തവണ നിരാശപ്പെടേണ്ടി വന്നു. എട്ട് റണ്‍സ് മാത്രമെടുത്ത താരത്തെ ബുമ്ര ബൗള്‍ഡാക്കുകയായിരുന്നു. ഒരു പെര്‍ഫക്റ്റ് റിവഞ്ച്. കോണ്‍സ്റ്റാസ് മടങ്ങുമ്പോള്‍ 20 റണ്‍സ് മാത്രമായിരുന്നു ഓസീസിന്റെ സ്‌കോര്‍ബോര്‍ഡില്‍ ഉണ്ടായിരുന്നത്. ഉസ്മാന്‍ ഖവാജയ്ക്കും അധികം ആയുസുണ്ടായിരുന്നില്ല. മുഹമ്മദ് സിറാജിന്റെ പന്തില്‍ ബൗള്‍ഡായി താരം. തുടര്‍ന്ന് സ്മിത്ത് - ലബുഷെയന്‍ സഖ്യം 37 റണ്‍സ് കൂട്ടിചേര്‍ത്തു. സിറാജാണ് ഓസീസിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. 11 റണ്‍സിനിടെ നാല് വിക്കറ്റാണ് ഓസീസിന് നഷ്ടമായത്.

Latest Videos

ആദ്യം സ്മിത്തിനെ (13) മുഹമ്മദ് സിറാജ് റിഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. ടൊട്ടടുത്ത ഓവറില്‍ രണ്ട് വിക്കറ്റുകള്‍ ബുമ്ര നേടി. ട്രാവിസ് ഹെഡിനെ (1), മിച്ചല്‍ മാര്‍ഷ് (0) എന്നിവരെയാണ് ബുമ്ര തിരിച്ചയച്ചത്. പിന്നാലെ മറ്റൊരു ഓവറുമായെത്തിയ ബുമ്ര, അലക്‌സ് ക്യാരിയേയും (2) ബൗള്‍ഡാക്കി. ഇതോടെ ആറിന് 91 എന്ന നിലയിലായി ഓസീസ്. 

നേരത്തെ ഓസീസിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 474നെതിരെ ഇന്ത്യ 369ന് പുറത്തായിരുന്നു. ഒമ്പതിന് 358 എന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം ക്രീസിലെത്തിയത്. സെഞ്ചുറി നേടിയ നിതീഷ് കുമാര്‍ റെഡ്ഡിക്ക് (114) അധികനേരം ക്രീസില്‍ തുടരാനായില്ല. വ്യക്തിഗത സ്‌കോറിനോട് ഒമ്പത് റണ്‍സ് കൂടി കൂട്ടിചേര്‍ത്ത് നിതീഷ് മടങ്ങി. മുഹമ്മദ് സിറാജ് (4) പുറത്താവാതെ നിന്നു. ഓസീസിന് വേണ്ടി ലിയോണ്‍, പാറ്റ് കമ്മിന്‍സ്, സ്‌കോട്ട് ബോളണ്ട് എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

click me!