ഓസ്ട്രേലിയ എക്കെതിരെ തിരിച്ചടിച്ച് ഇന്ത്യ എ, ലീഡ് 100 കടന്നു; റുതുരാജിനും അഭിമന്യു ഈശ്വരനും വീണ്ടും നിരാശ

By Web Team  |  First Published Nov 1, 2024, 1:36 PM IST

 ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌‌വാദിന്‍റെയും അഭിമന്യു ഈശ്വരന്‍റെയും വിക്കറ്റുകളാണ് ഇന്ത്യ എ ക്ക് രണ്ടാം ഇന്നിംഗ്സില്‍ നഷ്ടമായത്.


മെല്‍ബണ്‍: അനൗദ്യോഗിക ടെസ്റ്റ് മത്സരത്തില്‍ ഓസ്ട്രേലിയ എക്കിതിരെ സായ് സുദര്‍ശന്‍റെയും മലയാളി താരം ദേവ്‌ദത്ത് പടിക്കലിന്‍റെയും അര്‍ധസെഞ്ചുറികളിലൂടെ തിരിച്ചടിച്ച് ഇന്ത്യ എ. 88 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഇന്ത്യ എ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെന്ന ശക്തമായ നിലയിലാണ്. 96 റണ്‍സുമായി സായ് സുദര്‍ശനും 80 റണ്‍സോടെ ദേവ്‌ദത്ത് പടിക്കലുമാണ് ക്രീസില്‍. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌‌വാദിന്‍റെയും അഭിമന്യു ഈശ്വരന്‍റെയും വിക്കറ്റുകളാണ് ഇന്ത്യ എ ക്ക് നഷ്ടമായത്. എട്ട് വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യ എക്ക് ഇപ്പോള്‍ 120 റണ്‍സിന്‍റെ ആകെ ലീഡുണ്ട്.

88 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് കടവുമായി രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഇന്ത്യ എക്ക് നാലാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദിനെ(5) നഷ്ടമായി. പിടിച്ചു നില്‍ക്കുമെന്ന് കരുതിയ അഭിമന്യു ഈശ്വരന്‍ (12) റണ്ണൗട്ടായതോടെ ഇന്ത്യ എ 30-2 എന്ന സ്കോറില്‍ പതറി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന സായ് സുദര്‍ശനും ദേവ്‌ദത്ത് പടിക്കലും ചേര്‍ന്ന് 178 റണ്‍സ് കൂട്ടുകെട്ടിലൂടെ ഇന്ത്യയെ കരകയറ്റി. 185 പന്തില്‍ 9 ബൗണ്ടറി പറത്തിയാണ് സായ് സുദര്‍ശന്‍ 96 റണ്‍സെടുത്തത്. 167 പന്തില്‍ 80 റണ്‍സടിച്ച ദേവ്‌ദത്ത് പടിക്കല്‍ അ‍ഞ്ച് ബൗണ്ടറി നേടി.

Latest Videos

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ ഇന്ത്യക്കും ദക്ഷിണാഫ്രിക്കക്കും ശ്രീലങ്കക്കും വേണ്ടത് 4 ജയം, ഓസീസിന് 5

നേരത്തെ 99-4 എന്ന സ്കോറില്‍ രണ്ടാം ദിനം ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ഓസ്ട്രേലിയ എയെ ഇന്ത്യ എ 195 റണ്‍സിന്  എറിഞ്ഞിട്ടിരുന്നു. 46 റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്ത മുകേഷ് കുമാറാണ് ഓസ്ട്രേലിയയെ തകര്‍ത്തത്. പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റെടുത്തു. നിതീഷ് റെഡ്ഡിക്കാണ് ഒരു വിക്കറ്റ്. വാലറ്റത്ത് 33 റണ്‍സുമായി പൊരുതിയ ടോഡ് മര്‍ഫിയുടെ പോരാട്ടമാണ് ഓസ്ട്രേലിയ എക്ക് 88 റണ്‍സിന്‍റെ നിര്‍ണായക ലീഡ് സമ്മാനിച്ചത്. 39 റണ്‍സെടുത്ത ക്യാപ്റ്റന്‍ നഥാന്‍ മക്‌സ്വീനിയാണ് ഓസ്ട്രേലിയ എയുടെ ടോപ് സ്കോറര്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!