പടക്കളത്തില്‍ നിന്ന് ഓസീസ് ലോകകപ്പിന്

By Web Team  |  First Published May 11, 2019, 4:19 PM IST

ഓസ്ട്രേലിയന്‍ കളിക്കാരില്‍ പോരാട്ടവീര്യം നിറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ലാംഗറുടെ നേതൃത്വത്തിലുള്ള ടീം ഗാല്ലിപോളി സന്ദര്‍ശിച്ചത്.


മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ടീം ഇത്തവണ ലോകകപ്പ് കളിക്കാന്‍ ഇംഗ്ലണ്ടിലെത്തുന്നത് യുദ്ധക്കളത്തില്‍ നിന്നാണ്. ഒന്നാം ലോകമഹായുദ്ധത്തിന് മുന്നോടിയായി ബ്രിട്ടീഷ്, ഫ്രഞ്ച് സേനകളും ടര്‍ക്കിഷ് സൈന്യവും തമ്മില്‍ യുദ്ധം നടന്ന ടര്‍ക്കിയിലെ ഗാല്ലിപോളിയില്‍ സമയം ചെലവഴിച്ചശേഷമാണ് ഒന്നരമാസം നീണ്ടു നില്‍ക്കുന്ന ലോകകപ്പിനായി ഓസ്ട്രേലിയന്‍ ടീം ഇംഗ്ലണ്ടിലെത്തുന്നത്.

വെള്ളിയാഴ്ച കോച്ച് ജസ്റ്റിന്‍ ലാംഗറുടെ നേതൃത്വത്തിലുള്ള ഓസീസ് ടീം ടര്‍ക്കിയിലെ ഗാല്ലിപോളിയിലെത്തി. ഒന്നാം ലോകമഹായുദ്ധത്തിന്റെ മുന്നോടിയായി 1915ല്‍ ടര്‍ക്കി കീഴടക്കാനെത്തിയ ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും സൈന്യം യുദ്ധം ചെയ്തത് ഗാല്ലിപോളിയിലായിരുന്നു. ഓസ്ട്രേലിയയുടെയും ന്യൂസിലന്‍ഡിന്റെയും സൈനിക വിഭാഗങ്ങളും ആ യുദ്ധത്തില്‍ പങ്കാളികളികളായി. യുദ്ധത്തില്‍ അന്തിമമായി ടര്‍ക്കി വിജയിക്കുകയും ഓസ്ട്രേലിയയുടെയും ന്യൂസിലന്‍ഡിന്റെയും പതിനായിരക്കണക്കിന് സൈനികര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു.

Latest Videos

undefined

ഓസ്ട്രേലിയന്‍ കളിക്കാരില്‍ പോരാട്ടവീര്യം നിറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ലാംഗറുടെ നേതൃത്വത്തിലുള്ള ടീം ഗാല്ലിപോളി സന്ദര്‍ശിച്ചത്. 2001ല്‍ സ്റ്റീവ് വോയുടെ നേതൃത്വത്തിലുള്ള ഓസ്ട്രേലിയന്‍ ടീമും ഗാല്ലിപ്പോളിയിലെത്തിയിട്ടുണ്ട്. അന്ന് ടീമിന്റെ ഭാഗമായിരുന്ന ജസ്റ്റിന്‍ ലാംഗര്‍ക്ക് ടീമിനൊപ്പം പോകാനായിരുന്നില്ല. തന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്ന് എന്നായിരുന്നു ലാംഗര്‍ ഇതിനെ വിശേഷിപ്പിച്ചത്. കഴിഞ്ഞവര്‍ഷം പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ആടിയുലഞ്ഞ ഓസീസ് ടീമിന്റെ പരിശീലക ചുമതല ഏറ്റെടുത്തശേഷം ലാംഗര്‍ ടീമിനെയുംകൊണ്ട് ഒന്നാം ലോകമഹായുദ്ധം നടന്ന വടക്കന്‍ ഫ്രാന്‍സിലെ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.

മികച്ചഫോമിലാണ് ഓസ്ട്രേലിയന്‍ ടീം ഇത്തവണ ലോകകപ്പിലെത്തുന്നത്. ഇന്ത്യക്കും പാക്കിസ്ഥാനുമെതിരെ തുടര്‍ച്ചയായി എട്ട് ഏകദിനങ്ങള്‍ ജയിച്ച ഓസീസ് ന്യൂസിലന്‍ഡിനെതിരായ അനൗദ്യോഗിക ഏകദിന പരമ്പരയിലും വിജയിച്ചിരുന്നു.

click me!