'സമ്മര്‍ദ ഘട്ടത്തില്‍ ആരും തെറ്റുകള്‍ വരുത്താം. കടുത്ത സമ്മര്‍ദമുള്ള മത്സരമായിരുന്നു അത്, അതിനാല്‍ തെറ്റുകള്‍ വരും'.
ദുബായ്: ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ തോല്‍വിയില്‍ ഇന്ത്യന്‍ യുവ പേസര്‍ അര്‍ഷ്‌ദീപ് സിംഗ് സൈബര്‍ ആക്രമണം നേരിടുകയാണ്. നിര്‍ണായകമായ ക്യാച്ച് പാഴാക്കിയ താരത്തെ ഖാലിസ്ഥാനി എന്ന് വിളിച്ചാക്ഷേപിക്കുകയാണ് ഒരു വിഭാഗം. അര്‍ഷ്‌ദീപിന്‍റെ കുടുംബത്തെ വരെ സംഭവത്തിലേക്ക് വലിച്ചിഴച്ചു ചിലര്‍. സൈബര്‍ ആക്രമണം പെരുകുമ്പോള്‍ താരത്തിന് പൂര്‍ണ പിന്തുണ നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലി.
സമ്മര്‍ദ ഘട്ടത്തില്‍ ആരും തെറ്റുകള്‍ വരുത്താം. കടുത്ത സമ്മര്‍ദമുള്ള മത്സരമായിരുന്നു അത്, അതിനാല്‍ തെറ്റുകള്‍ വരും. എന്‍റെ ആദ്യ ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെതിരെ കളിച്ചത് ഓര്‍ക്കുന്നു. ഷാഹിദ് അഫ്രീദിക്കെതിരെ വളരെ മോശം ഷോട്ട് കളിച്ചു. എനിക്കന്ന് ഉറങ്ങാന്‍ കഴിഞ്ഞില്ല. സീലിംഗ് നോക്കി ഞാന്‍ രാവിലെ അഞ്ച് മണി വരെ കിടന്നു. എന്‍റെ കരിയര്‍ അവസാനിച്ചു എന്ന് കരുതി. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ സ്വാഭാവികമാണ്. നിനക്ക് ചുറ്റും മുതിര്‍ന്ന താരങ്ങളുണ്ട്. ടീം അന്തരീക്ഷവും കൊള്ളാം. ക്യാപ്റ്റനും കോച്ചിനുമാണ് ഈ ക്രഡിറ്റ് നല്‍കുന്നത്. താരങ്ങള്‍ അവരുടെ തെറ്റുകളില്‍ നിന്ന് പഠിക്കും. തെറ്റുകള്‍ അംഗീകരിക്കുകയും സമാന സമ്മര്‍ദം വരുമ്പോള്‍ എങ്ങനെ പരിഹരിക്കാമെന്ന് ആലോചിക്കുകയുമാണ് വേണ്ടത് എന്നും വിരാട് കോലി പാകിസ്ഥാനെതിരായ മത്സര ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മത്സരത്തില്‍ സ്‌പിന്നര്‍ രവി ബിഷ്‌ണോയി 18-ാം ഓവര്‍ എറിയുമ്പോള്‍ പാകിസ്ഥാന് ജയിക്കാന്‍ 34 റണ്‍സ് വേണമായിരുന്നു. ഖുശ്‌ദില്‍ ഷായും ആസിഫ് അലിയുമായിരുന്നു ക്രീസില്‍. മൂന്നാം പന്തില്‍ ആസിഫ് എഡ്‌ജായപ്പോള്‍ അനായാസം എന്ന് തോന്നിച്ച ക്യാച്ച് അര്‍ഷ്‌ദീപ് പാഴാക്കുകയായിരുന്നു. എന്നാല്‍ ഈ സമ്മര്‍ദത്തിനിടയിലും അര്‍ഷ്‌ദീപിനെ അവസാന ഓവര്‍ എല്‍പിച്ചു ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. ഏഴ് റണ്‍സ് പ്രതിരോധിക്കാനിറങ്ങിയ താരം അഞ്ചാം പന്ത് വരെ പോരാട്ടം കാഴ്‌ചവെച്ചു.
അവസാന ഓവര്‍ ത്രില്ലറായി മാറിയ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ അഞ്ച് വിക്കറ്റിന്‍റെ ജയം പാകിസ്ഥാന്‍ സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തപ്പോള്‍ പാകിസ്ഥാന്‍ അഞ്ച് വിക്കറ്റും ഒരു പന്തും ബാക്കിനില്‍ക്കേ ജയത്തിലെത്തി. 20 പന്തില്‍ 42 റണ്‍സും ഒരു വിക്കറ്റും മൂന്ന് ക്യാച്ചുമായി തിളങ്ങിയ മുഹമ്മദ് നവാസാണ് പാകിസ്ഥാന്‍റെ വിജയശില്‍പി. 51 പന്തില്‍ 71 റണ്‍സ് നേടിയ മുഹമ്മദ് റിസ്‌വാനും പാക് ജയത്തില്‍ നിര്‍ണായകമായി. നേരത്തെ 44 പന്തില്‍ 60 റണ്‍സെടുത്ത വിരാട് കോലിയാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ ഉറപ്പിച്ചത്.