അശ്വിന്‍റേത് ഒരു തുടക്കം മാത്രം, അടുത്ത വര്‍ഷം കൂടുതല്‍ താരങ്ങള്‍ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്

By Web Team  |  First Published Dec 19, 2024, 10:57 AM IST

ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് അശ്വിന്‍റെ പാതയില്‍ വരുന്ന വര്‍ഷം കൂടുതല്‍ താരങ്ങള്‍ വിരമിക്കല്‍ പ്രഖ്യാപനത്തിന് ഒരുങ്ങുന്നുവെന്നാണ് കരുതുന്നത്.


മുംബൈ: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച ആര്‍ അശ്വിന്‍ ആരാധകരെ ഞെട്ടിച്ചുവെങ്കില്‍ അതൊരു തുടക്കം മാത്രമാണെന്നാണ് സൂചന. അടുത്ത വര്‍ഷം കൂടുതല്‍ താരങ്ങള്‍ അശ്വിന്‍റെ പാത പിന്തുടര്‍ന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

അശ്വിന്‍റെ വിരമിക്കല്‍ സംബന്ധിച്ച് സെലക്ടര്‍മാര്‍ക്കോ ബിസിസിഐക്കോ യാതൊരു സൂചനയുമില്ലായിരുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ അശ്വിന് ന്യൂസിലന്‍ഡ് പരമ്പര പൂര്‍ത്തിയായപ്പോള്‍ തന്നെ സെലക്ടര്‍മാര്‍ വ്യക്തായ സന്ദേശം നല്‍കിയിരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. പെര്‍ത്ത് ടെസ്റ്റില്‍ അശ്വിന് പകരം വാഷിംഗ്ഗണ്‍ സുന്ദറെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിച്ചതും ഇതിന്‍റെ തുടര്‍ച്ചയായിരുന്നു.

Latest Videos

undefined

ഈ നൂറ്റാണ്ടില്‍ അത് സംഭവിച്ചിട്ടില്ല; ഗാബയിലെ സമനില ഓസ്ട്രേലിയുടെ സമനില തെറ്റിക്കും, അറിയാം ഈ കണക്കുകള്‍

ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് അശ്വിന്‍റെ പാതയില്‍ വരുന്ന വര്‍ഷം കൂടുതല്‍ താരങ്ങള്‍ വിരമിക്കല്‍ പ്രഖ്യാപനത്തിന് ഒരുങ്ങുന്നുവെന്നാണ് കരുതുന്നത്. ഓസ്ട്രേലിയയില്‍ കെ എല്‍ രാഹുല്‍ ഓപ്പണറായി തിളങ്ങിയതോടെ ഓപ്പണർ സ്ഥാനം നഷ്ടമായ ക്യാപ്റ്റൻ രോഹിത് ശര്‍മയുടെ ടീമിലെ സ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. ഓസ്ട്രേലിയക്കെതിരായ അവസാന രണ്ട് ടെസ്റ്റിൽ കൂടി തിളങ്ങാനായില്ലെങ്കില്‍ രോഹിത് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് മുന്‍ ഇന്ത്യൻ നായകന്‍ സുനില്‍ ഗവാസ്കര്‍ പ്രഖ്യാപിച്ചിരുന്നു.

ഓസ്ട്രേലിയക്കെതിരായ പരമ്പര കഴിഞ്ഞാല്‍ അടുത്ത വര്‍ഷം ജൂണില്‍ മാത്രമെ ഇന്ത്യക്ക് ടെസ്റ്റ് പരമ്പര ഉള്ളൂവെന്നതിനാല്‍ അടുത്ത രണ്ട് ടെസ്റ്റുകളിലെ രോഹിത്തിന്‍റെ പ്രകടനമാകും ടെസ്റ്റ് കരിയര്‍ നീട്ടുന്നതില്‍ നിര്‍ണായകമാകുക. വിരാട് കോലിയുടെ കാര്യത്തിലും സമാന സാഹചര്യമാണ് നിലവിലുള്ളത്. പെര്‍ത്ത് ടെസ്റ്റില്‍ സെഞ്ചുറി നേടിയെങ്കിലും ഓഫ് സ്റ്റംപിന് പുറത്ത് ഒരേരീതിയില്‍ പുറത്താവുന്ന കോലിയുടെ കഴിഞ്ഞ അ‍ഞ്ച് വര്‍ഷത്തെ ടെസ്റ്റ് പ്രകടനങ്ങളും ഓഡിറ്റിംഗിന് വിധേയമായികഴിഞ്ഞു. ഫെബ്രുവരിയില്‍ പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം രോഹിത്തും കോലിയും ടി20 ക്രിക്കറ്റിലെന്ന പോലെ ഏകദിന ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കാനുള്ള സാധ്യതകളും മുന്നിലുണ്ട്.

ഹെഡിനെ വീഴ്ത്താൻ കോലിയുടെ തന്ത്രം, ആദ്യം നിരസിച്ച് രോഹിത്, 'കൺവിൻസ്' ചെയ്ത് കോലി; ഒടുവില്‍ സംഭവിച്ചത്

2027ലെ ലോകകപ്പില്‍ കളിക്കുക എന്നത് വിദൂര സാധ്യതയായതിനാല്‍ ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ഇരുവരും ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കമെന്നാണ് ആരാധകരും കരുതുന്നത്. രവീന്ദ്ര ജഡേജയാണ് ഏകദിന ക്രിക്കറ്റ് മതിയാക്കാനിടയുള്ള മറ്റൊരു താരം. ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലാത്ത അജിങ്ക്യാ രഹാനെ ചേതേശ്വര്‍ പൂജാര എന്നിവരും വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ടെസ്റ്റിലും ഏകദിനത്തിലും ശുഭ്മാന്‍ ഗില്ലിനെ ഭാവി നായകനായി ബിസിസിഐ കാണുമ്പോള്‍ കെ എല്‍ രാഹുലും നായകസ്ഥാനത്തെത്താൻ സാധ്യതയുള്ള താരമാണ്. ടി20 ക്രിക്കറ്റില്‍ സൂര്യകുമാര്‍ യാദവ് 2026ലെ ടി20 ലോകകപ്പ് വരെ നായനായി തുടരാനാണ് സാധ്യത.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!