220-2 എന്ന നിലയില്‍ ഇന്ന് കളി തുടങ്ങിയ ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിംഗ്സ് 297 റൺസിൽ അവസാനിച്ചു
ബ്രിസ്‌ബേന്‍: ആഷസ് ടെസ്റ്റ് പരമ്പരയില്‍ (Ashes 2021-22 ) ഗാബയില്‍ (The Gabba) സ്വപ്‌ന തുടക്കവുമായി ആതിഥേയരായ ഓസ്‌ട്രേലിയ. ആദ്യ ടെസ്റ്റില്‍ (Australia vs England 1st Test ) ഇംഗ്ലണ്ടിനെതിരെ ഒന്‍പത് വിക്കറ്റിന്‍റെ വമ്പന്‍ ജയം ഓസീസ് സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്‌സില്‍ വേണ്ടിയിരുന്ന 20 റണ്‍സ് വിജയലക്ഷ്യം ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 5.1 ഓവറില്‍ ഓസീസ് സ്വന്തമാക്കി. ഒന്‍പത് റണ്‍സുമായി അലക്‌സ് ക്യാരി പുറത്തായപ്പോള്‍ മാര്‍ക്കസ് ഹാരിസും(9*), മാര്‍നസ് ലബുഷെയ്‌നും ആതിഥേയരുടെ ജയമുറപ്പിച്ചു. ഇതോടെ ഓസീസ് പരമ്പരയില്‍ 1-0ന് മുന്നിലെത്തി. സ്‌കോര്‍: ഇംഗ്ലണ്ട്- 147 & 297, ഓസീസ്- 425 & 20/1.
രണ്ടാം ഇന്നിംഗ്‌സില്‍ ശക്തമായ നിലയില്‍ നാലാംദിനമായ ഇന്ന് ബാറ്റിംഗ് ആരംഭിച്ചിട്ടും അതിവേഗം പുറത്തായതാണ് ഇംഗ്ലണ്ടിന് മരണക്കെണിയൊരുക്കിയത്. 220-2 എന്ന നിലയില്‍ ഇന്ന് കളി തുടങ്ങിയ ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിംഗ്സ് 297 റൺസിൽ അവസാനിച്ചു. വന്‍ ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്‌സിന് ഇറങ്ങിയ ഇംഗ്ലണ്ടിന് മൂന്നാം വിക്കറ്റില്‍ അതിശക്തമായ കൂട്ടുകെട്ടുമായി കുതിച്ച ശേഷമായിരുന്നു കൂട്ടത്തകര്‍ച്ച. റൂട്ട്-മാലന്‍ സഖ്യത്തിന്‍റെ 162 റണ്‍സ് മാത്രമേ ഇംഗ്ലണ്ടിന് ആശ്വസിക്കാനുള്ളൂ.
ഡേവിഡ് മാലൻ 82 ഉം നായകൻ ജോ റൂട്ട് 89 ഉം റൺസിന് പുറത്തായത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. ജോസ് ബട്‍ലർ 23 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. നേഥൻ ലയൺ നാലും നായകൻ പാറ്റ് കമ്മിൻസും കാമറൂൺ ഗ്രീനും രണ്ട് വിക്കറ്റ് വീതവും നേടി. ഹേസൽവുഡും സ്റ്റാർക്കും ഓരോ വിക്കറ്റ് വീഴത്തി. നാല് വിക്കറ്റ് പ്രകടനത്തോടെ ലയൺ ടെസ്റ്റിൽ 400 വിക്കറ്റ് മറികടന്നു. ഈ നേട്ടം സ്വന്തമാക്കുന്ന പതിനേഴാമത്തെ ബൗളറാണ് ലയൺ. ഷെയ്ൻ വോണും ഗ്ലെൻ മഗ്രായുമാണ് ലയണ് മുൻപ് 400 വിക്കറ്റ് നേടിയ ഓസീസ് ബൗളർമാർ.
നേരത്തെ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 147 റണ്‍സ് പിന്തുടര്‍ന്ന് ഓസീസ് മൂന്നാം ദിനം 425 റണ്‍സില്‍ പുറത്തായിരുന്നു. 148 പന്തില്‍ 152 റണ്‍സ് നേടിയ ട്രാവിസ് ഹെഡാണ് ഓസീസിനെ മികച്ച സ്‌കോറിലെത്തിച്ചത്. വാലറ്റത്ത് സ്റ്റാര്‍ക്കിന്‍റെ 35 റണ്‍സ് കരുത്തായി. ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍(94), മൂന്നാമന്‍ മാര്‍നസ് ലബുഷെയ്‌ന്‍(74) എന്നിവരും ഓസീസ് നിരയില്‍ തിളങ്ങി. ഇംഗ്ലണ്ടിനായി വുഡും റോബിന്‍സണും മൂന്ന് വീതവും വോക്‌സ് രണ്ടും ലീച്ചും റൂട്ടും ഓരോ വിക്കറ്റും നേടി.
ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് വെറും 38 റണ്‍സിന് അഞ്ച് വിക്കറ്റുമായി ടീമിനെ മുന്നില്‍ നിന്ന് നയിച്ചതാണ് ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്‌സ് 147 റണ്‍സില്‍ അവസാനിപ്പിച്ചത്. സ്റ്റാര്‍ക്കും ഹേസല്‍വുഡും രണ്ട് വീതവും ഗ്രീന്‍ ഒന്നും വിക്കറ്റ് നേടി. ഹസീബ് ഹമീദ്(25), ഓലി പോപ്(35), ജോസ് ബട്‌ലര്‍(39), ക്രിസ് വോക്‌സ്(21) എന്നിവരേ ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കണ്ടുള്ളൂ. ടെസ്റ്റ് നായകനായി കന്നി മത്സരം തന്നെ ജയിക്കാന്‍ ഇതോടെ പാറ്റ് കമ്മിന്‍സിനായി. തകര്‍പ്പന്‍ സെഞ്ചുറിയുമായി ട്രാവിഡ് ഹെഡ് കളിയിലെ താരമായി.