ടി20 വനിതാ ലോകകപ്പില്‍ പാകിസ്ഥാനെതിരെ ആറ് വിക്കറ്റ് ജയം നേടിയ ഇന്ത്യ സെമി പ്രതീക്ഷ നിലനിര്‍ത്തിയിരുന്നു.
ദുബായ്: ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ നിന്ന് ഇന്ത്യ കരകയറിയത് ചിരവൈരികളായ പാകിസ്ഥാനെ തകര്‍ത്തായിരുന്നു. ആദ്യം പാകിസ്ഥാനെ എറിഞ്ഞിട്ട ഇന്ത്യ പാകിസ്ഥാനെ 20 ഓവറില്‍ 105 റണ്‍സില്‍ തളച്ചപ്പോള്‍ 18.5 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ലക്ഷ്യത്തിലെത്തിയത്. കുറച്ചുകൂടി നേരത്തെ ജയിച്ച് നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്താനായില്ലെന്ന നിരാശ മാത്രമാണ് ഇന്ത്യൻ ജയത്തില്‍ ബാക്കിയായത്.
വിജയത്തിന് അടുത്ത് ജെമീമ റോഡ്രിഗസിനെയും റിച്ച ഘോഷിനെയും അടുപ്പിച്ച് നഷ്ടമായതും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ കഴുത്തുവേദനമൂലം റിട്ടയേര്‍ഡ് ഹര്‍ട്ടായതുമാണ് ഇന്ത്യൻ ജയം വൈകിപ്പിച്ചത്. എങ്കിലും മലയാളി താരം സജന സജീവന്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടി ഇന്ത്യയെ വിജയവര കടത്തി.
undefined
വിജയ റണ്‍ പൂര്‍ത്തിയാക്കിയശേഷം ഗ്രൗണ്ട് വിടുന്ന സജ്നയെ ടീമിലെ മറ്റൊരു മലയാളി താരമായ ആശ ശോഭന എതിരേറ്റ വാക്കുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്. സജന ഗ്രൗണ്ടില്‍ നിന്ന് കയറി വരുമ്പോള്‍ റിയാസ് ഖാന്‍ പറഞ്ഞ് അടുത്തിയെ സൈബറിടത്തില്‍ സൂപ്പര്‍ ഹിറ്റായ 'അടിച്ചു കയറി വാ...' എന്ന ഡയലോഗ് പറഞ്ഞാണ് ആശ, സജ്നയെ വരവേറ്റത്. ആശയുടെ വാക്കുകള്‍ കേട്ട സജ്നയും അടിച്ചു കേറി വാ എന്ന് ചിരിയോടെ ആവര്‍ത്തിക്കുന്നത് വീഡിയോയില്‍ കാണാം.
ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ഇന്ത്യയുടെ സെമി പ്രതീക്ഷകള്‍ നിലനിര്‍ത്തുന്നതായിരുന്നു പാകിസ്ഥാനെതിരെ നേടിയ ആവേശ ജയം. ലോകകപ്പിലെ അടുത്ത മത്സരത്തിൽ ബുധനാഴ്ച ശ്രീലങ്കയെ നേരിടുന്ന ഇന്ത്യക്ക് ഞായറാഴ്ച നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയയുടെ വെല്ലുവിളിയും മറികടക്കണം. പാകിസ്ഥാനെതിരെ ജയിച്ചെങ്കിലും ആദ്യ കളിയിലെ തോല്‍വി ഇന്ത്യയുടെ സെമി പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാണ്. ശേഷിക്കുന്ന രണ്ട് കളികളും ജയിച്ചാലെ ഇന്ത്യക്ക് സെമി സാധ്യത സജീവമാക്കാനാവു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക