അന്ന് തെറിവിളിച്ചവര്‍ കാണുന്നുണ്ടോ; അര്‍ഷ്‌ദീപ് സിംഗ് മുത്താണ്, ഇന്ത്യയുടെ സ്വത്താണ്

By Jomit Jose  |  First Published Sep 28, 2022, 8:51 PM IST

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടി20യില്‍ തന്‍റെ ഒന്നാം ഓവറില്‍ തന്നെ മൂന്ന് വിക്കറ്റുകളുമായി പ്രതിഭ അറിയിക്കുകയായിരുന്നു അര്‍ഷ്‌ദീപ് സിംഗ്


കാര്യവട്ടം: 'രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഓരോ കായികതാരവും അവരുടെ കഴിവിന്‍റെ പരമാവധി നല്‍കാനാണ് ശ്രമിക്കാറ്. കായികരംഗത്ത് നിങ്ങള്‍ ചിലപ്പോള്‍ ജയിച്ചേക്കാം. ചിലപ്പോള്‍ തോല്‍ക്കും. എങ്കിലും പിന്തുണയാണ് താരങ്ങള്‍ക്ക് വേണ്ടത്. ക്രിക്കറ്റോ, മറ്റേതെങ്കിലും കായികയിനമോ ആവട്ടേ, താരങ്ങളെ വ്യക്തിപരമായി ആക്രമിക്കാതിരിക്കുക'- ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ആസിഫ് അലിയുടെ ക്യാച്ച് വെറും 23 വയസ് മാത്രമുള്ള ഇന്ത്യ പേസര്‍ അര്‍ഷ്‌ദീപ് സിംഗ് കൈവിട്ടതില്‍ അദ്ദേഹവും കുടുംബവും കടുത്ത സൈബര്‍ ആക്രമണം നേരിട്ടപ്പോള്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ താരത്തിന് നല്‍കിയ പിന്തുണ ഇങ്ങനെയായിരുന്നു. മുഹമ്മദ് ഷമി മുതല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വരെ... അര്‍ഷ്‌ദീപിന് പിന്നില്‍ അന്ന് ഇന്ത്യന്‍ ക്രിക്കറ്റ് സമൂഹം ഒറ്റക്കെട്ടായി അണിരന്നപ്പോള്‍ താരം വിസ്‌മയ പ്രകടനവുമായി തിരിച്ചെത്തിയിരിക്കുകയാണ്. അതും കേരളത്തിന്‍റെ മുറ്റത്ത്. 

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടി20യില്‍ തന്‍റെ ഒന്നാം ഓവറില്‍ തന്നെ മൂന്ന് വിക്കറ്റുകളുമായി പ്രതിഭ അറിയിക്കുകയായിരുന്നു അര്‍ഷ്‌ദീപ് സിംഗ്. പ്രോട്ടീസ് ഇന്നിംഗ്‌സിലെ ആദ്യ ഓവറിലെ അവസാന പന്തില്‍ തെംബാ ബാവുമയെ ദീപക് ചാഹര്‍ ബൗള്‍ഡാക്കിയതില്‍ തുടങ്ങിയതാണ് ഗ്രീന്‍ഫീല്‍ഡിലെ വിക്കറ്റ് മഴ. തൊട്ടടുത്ത ഓവര്‍ എറിയാനെത്തിയത് അര്‍ഷ്‌ദീപ് സിംഗ്. ഓസീസിനെതിരായ പരമ്പരയില്‍ മൂന്ന് മത്സരത്തിലും അവസരം ലഭിക്കാതിരുന്ന താരം മടങ്ങിവരവില്‍ തന്‍റെ രണ്ടാമത്തെ പന്തില്‍ തന്നെ വമ്പന്‍ അത്ഭുതം കാണിച്ചാണ് തുടങ്ങിയത്. 

Latest Videos

അര്‍ഷ്‌ദീപിന്‍റെ പന്തില്‍ ഇന്‍സൈഡ് എഡ്‌ജായി ദക്ഷിണാഫ്രിക്കയുടെ സ്റ്റാര്‍ ബാറ്റര്‍ ക്വിന്‍റണ്‍ ഡികോക്ക് പുറത്തായി. തൊട്ടടുത്ത പന്തില്‍ എയ്‌ഡന്‍ മാര്‍ക്രം റണ്ണൊന്നു നേടിയില്ല. നാലാം പന്തില്‍ ബൗണ്ടറിയും പിന്നാലെ തുടരെ തുടരെ രണ്ട് വൈഡും പിറന്നു. എന്നാല്‍ വീണ്ടുമെറിഞ്ഞ അഞ്ചാം പന്തില്‍ റൂസ്സോയേയും അവസാന പന്തില്‍ കില്ലര്‍ മില്ലറേയും അര്‍ഷ്‌ മടക്കി. റൂസോ വിക്കറ്റിന് പിന്നില്‍ റിഷഭ് പന്തിന്‍റെ കൈകളിലെത്തിയപ്പോള്‍ മില്ലര്‍ ബൗള്‍ഡാവുകയായിരുന്നു. ഇരു താരങ്ങളുടേയും ഗോള്‍ഡന്‍ ഡക്കാണ് എന്ന സവിശേഷതയുമുണ്ട്. തന്‍റെ 4 ഓവര്‍ ക്വാട്ട പൂര്‍ത്തിയായപ്പോള്‍ 32 റണ്‍സിന് മൂന്ന് വിക്കറ്റ് അര്‍ഷ്‌ദീപ് പേരിലാക്കി. ദക്ഷിണാഫ്രിക്ക 20 ഓവറില്‍ 106-8 എന്ന സ്‌കോറില്‍ ഒതുങ്ങുകയും ചെയ്തു. ഏഷ്യാ കപ്പിലെ വിവാദ സംഭവത്തിന് പിന്നാലെ താരത്തെ പിന്തുണച്ച നായകന്‍ രോഹിത് ശര്‍മ്മയ്ക്കും ക്രിക്കറ്റ് സമൂഹത്തിനുമുണ്ട് ഈ മിന്നും പ്രകടനത്തിന്‍റെ ക്രഡിറ്റ്. 

ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ആസിഫ് അലിയുടെ ക്യാച്ച് പാഴാക്കിയ അര്‍ഷ്‌ദീപിനെതിരെ വിമര്‍ശനം അതിരുകടന്ന് സൈബര്‍ ആക്രമണവും ദേശസ്‌നേഹം ചോദ്യം ചെയ്യുന്നതിലും വരെ എത്തിയിരുന്നു. മത്സരത്തില്‍ സ്‌പിന്നര്‍ രവി ബിഷ്‌ണോയി 18-ാം ഓവര്‍ എറിയുമ്പോള്‍ പാക് ടീമിന് ജയിക്കാന്‍ 34 റണ്‍സാണ് വേണ്ടിയിരുന്നത്. മൂന്നാം പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച ആസിഫ് അലി എഡ്‌ജായി മുകളിലേക്ക് ഉയര്‍ന്നു. പക്ഷേ അനായാസമായ ക്യാച്ച് അര്‍ഷ്‌ദീപിന് സ്വന്തമാക്കാനായില്ല. ഇതോടെയാണ് ഹാലിളകിയ ആരാധകര്‍ താരത്തിനും കുടുംബത്തിനുമെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വെറുപ്പ് അഴിച്ചുവിട്ടത്. ഖാലിസ്ഥാനി എന്നുവരെ വിളിച്ച് ഇക്കൂട്ടര്‍ അര്‍ഷ്‌ദീപ് സിംഗിനെ ആക്രമിച്ചു. എന്നാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോലി, ഹര്‍ഭജന്‍ സിംഗ്, മുഹമ്മദ് ഷമി തുടങ്ങി നിരവധി പേര്‍ അര്‍ഷ്‌ദീപിന് പിന്തുണയുമായി അന്നെത്തിയത് നിര്‍ണായകമായി. ഒടുവില്‍ വമ്പന്‍ തിരിച്ചുവരവുമായി ആരാധകരുടെ കയ്യടി വാങ്ങുകയാണ് അര്‍ഷ്‌ദീപ് സിംഗ്. 

കത്തിച്ചുകളഞ്ഞല്ലോ പാവങ്ങളെ; ദീപക് ചാഹറിനും അര്‍ഷ്‌ദീപിനും ആരാധകരുടെ വാഴ്‌ത്തുപാട്ട്

click me!