ആസിഫ് അലിയുടെ ക്യാച്ച് വിട്ട രാത്രി അര്‍ഷ്‌ദീപ് സിംഗ് ഉറങ്ങിയില്ല; വെളിപ്പെടുത്തല്‍

By Jomit Jose  |  First Published Sep 14, 2022, 6:11 PM IST

ആസിഫ് അലിയുടെ ക്യാച്ച് നഷ്‌ടപ്പെടുത്തിയ രാത്രി അര്‍ഷ്‌ദീപിന് ഉറങ്ങാനായില്ല എന്നാണ് അദ്ദേഹത്തിന്‍റെ പരിശീലകന്‍ ജശ്വന്ത് റായിയുടെ വെളിപ്പെടുത്തല്‍


മുംബൈ: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ നിര്‍ണായക ക്യാച്ച് നഷ്‌ടപ്പെടുത്തിയ പേസര്‍ അര്‍ഷ്‌ദീപ് സിംഗ് കടുത്ത സൈബര്‍ ആക്രമണമാണ് നേരിട്ടത്. അര്‍ഷ്‌ദീപിനെതിരെ മാത്രമല്ല, കുടുംബത്തിന് നേരെയും സാമൂഹ്യമാധ്യമങ്ങളില്‍ ആക്ഷേപങ്ങളുണ്ടായി. വിക്കിപീഡിയയിൽ അ‌ർഷ്‌ദീപിന്‍റെ പേജിൽ ഇന്ത്യ എന്നതിന് പകരം ഖലിസ്ഥാൻ എന്ന് തിരുത്തിയത് വലിയ വിവാദമായിരുന്നു. താരത്തിനെതിരായ സൈബര്‍ ആക്രമണം അടങ്ങിയെങ്കിലും അര്‍ഷ്‌ദീപിനെ കുറിച്ച് വമ്പന്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് പരിശീലകന്‍. 

ആസിഫ് അലിയുടെ ക്യാച്ച് നഷ്‌ടപ്പെടുത്തിയ രാത്രി അര്‍ഷ്‌ദീപിന് ഉറങ്ങാനായില്ല എന്നാണ് അദ്ദേഹത്തിന്‍റെ പരിശീലകന്‍ ജശ്വന്ത് റായിയുടെ വെളിപ്പെടുത്തല്‍. 'ഏതൊരു താരത്തിനെയും പോലെ അര്‍ഷ്‌ദീപ് അല്‍പം സമ്മര്‍ദത്തിലായിരുന്നു. എന്നാല്‍ ടീമിനെ ജയിപ്പിക്കാന്‍ എല്ലാ കഠിന പരിശ്രമവും നടത്തിയ നീ വിഷമിക്കേണ്ടതില്ലെന്ന് ഞങ്ങള്‍ പറഞ്ഞു. ക്യാച്ച് വിട്ടതിന് ശേഷവും അവസാന ഓവറില്‍ ഏഴ് റണ്‍സ് പ്രതിരോധിക്കുന്നതിന് അടുത്തെത്തി അര്‍ഷ്‌ദീപ്. ആ രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന് അര്‍ഷ്‌ദീപ് എന്നോട് പറഞ്ഞു'. 

Latest Videos

ട്രോളുകളെ ഭയമില്ല

'ട്രോളുകളെ കുറിച്ച് അര്‍ഷ്‌ദീപ് സിംഗ് കാര്യമാക്കുന്നേയില്ല. അയാളുടെ ചിന്തകളത്രയും യോര്‍ക്കറുകള്‍ എറിയാനുള്ള ശ്രമം ഫുള്‍ടോസില്‍ അവസാനിക്കുന്നതിലായിരുന്നു. ടി20 ലോകകപ്പ് ഏതൊരു താരത്തെ സംബന്ധിച്ചും വലിയ ടൂര്‍ണമെന്‍റാണ്. അര്‍ഷ്‌ദീപിന്‍റെ മനോഭാവവും തെറ്റുകളും അദ്ദേഹത്തെയും ടീമിനേയും ഭാവിയില്‍ സഹായിക്കും' എന്നും ജശ്വന്ത് റായി കൂട്ടിച്ചേര്‍ത്തു. 

ആവേശ മത്സരത്തില്‍ സ്‌പിന്നര്‍ രവി ബിഷ്‌ണോയി 18-ാം ഓവര്‍ എറിയുമ്പോള്‍ പാകിസ്ഥാന് ജയിക്കാന്‍ 34 റണ്‍സ് വേണമായിരുന്നു. ഖുശ്‌ദില്‍ ഷായും ആസിഫ് അലിയുമായിരുന്നു ക്രീസില്‍. മൂന്നാം പന്തില്‍ ആസിഫ് എഡ്‌ജായപ്പോള്‍ അനായാസം എന്ന് തോന്നിച്ച ക്യാച്ച് അര്‍ഷ്‌ദീപിന് കൈപ്പിടിയിലൊതുക്കാനായില്ല. എന്നാല്‍ ഈ സമ്മര്‍ദത്തിനിടയിലും അവസാന ഓവറില്‍ ഏഴ് റണ്‍സ് പ്രതിരോധിക്കാനിറങ്ങിയ താരം അഞ്ചാം പന്ത് വരെ പോരാടി. എങ്കിലും താരത്തിനെതിരായ സൈബര്‍ ആക്രമണത്തിന് അയവുവന്നില്ല. അര്‍ഷ്‌ദീപ് സിംഗിനെ പിന്തുണച്ച് മുന്‍ നായകന്‍ വിരാട് കോലിയും ഹര്‍ഭജന്‍ സിംഗ്, മുഹമ്മദ് ഷമി തുടങ്ങി നിരവധി പേരും രംഗത്തെത്തിയിരുന്നു. 

അർഷ്‌ദീപ് സിംഗിനെതിരായ ട്രോളുകളും വിമർശനങ്ങളും കാര്യമാക്കുന്നില്ല: മാതാപിതാക്കള്‍

click me!