മറ്റൊരു നാഴികക്കല്ല് പിന്നിട്ട് കോലി! മുന്നിലുള്ളത് സച്ചിനും ദ്രാവിഡും ഗവാസ്‌കറും മാത്രം

By Web Team  |  First Published Oct 19, 2024, 8:33 AM IST

ന്യൂസിലന്‍ഡിനെതിരെ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ കോലി 70 റണ്‍സെടുത്ത് പുറത്തായിരുന്നു.


ബെംഗളൂരു: ടെസ്റ്റ് ക്രിക്കറ്റില്‍ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് വിരാട് കോലി. ടെസ്റ്റില്‍ 9000 റണ്‍സ് നേടുന്ന നാലാമത്തെ ഇന്ത്യന്‍താരമെന്ന നേട്ടമാണ് കോലി സ്വന്തമാക്കിയത്. ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ ബെംഗളൂരുവിലാണ് കോലിയുടെ നേട്ടം. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗാവസ്‌കര്‍ എന്നിവരാണ് റണ്‍വേട്ടയില്‍ കോലിക്ക് മുന്നിലുള്ള ഇന്ത്യന്‍ താരങ്ങള്‍. 15921 റണ്‍സുള്ള സച്ചിനാണ് റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്തുള്ളത്. ദ്രാവിഡിന് 13265 റണ്‍സും ഗാവസ്‌കറിന് 10122 റണ്‍സും ആണുള്ളത്. 197 ഇന്നിംഗ്‌സില്‍ നിന്നാണ് കോലി 9000 റണ്‍സ് പിന്നിട്ടത്. ഇതില്‍ 29 സെഞ്ച്വറിയും 31 അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടുന്നു. 35കാരനായ കോലി 295 ഏകദിനങ്ങളില്‍ നിന്ന് 50 സെഞ്ച്വറികളോടെ 13906 റണ്‍സും 125 ട്വന്റി 20യില്‍ നിന്നായി 4188 റണ്‍സുണ്ട്.

ന്യൂസിലന്‍ഡിനെതിരെ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ കോലി 70 റണ്‍സെടുത്ത് പുറത്തായിരുന്നു. മൂന്നാം ദിവസത്തെ അവസാന പന്തിലാണ് കോലി മടങ്ങുന്നത്. 356 റണ്‍സിന്റെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ തിരിച്ചടിക്കുന്നതാണ് ബെംഗളൂരുവില്‍ കണ്ടത്. 356 റണ്‍സ് കടം മറികടക്കാനായി രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ ഇന്ത്യ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെന്ന നിലയിലാണ് ക്രീസ് വിട്ടത്. 70 റണ്‍സോടെ സര്‍ഫറാസ് ഖാന്‍ ക്രീസില്‍. ഏഴ് വിക്കറ്റ് കൈയിലിരിക്കെ ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കാന്‍ ഇന്ത്യക്ക് ഇനിയും 125 റണ്‍സ് കൂടിവേണം.

Latest Videos

undefined

ഇത്രയും കുഞ്ഞന്‍ സ്‌കോര്‍ ഇന്ത്യന്‍ പിച്ചില്‍ ആദ്യം! രോഹിത്തിനും സംഘത്തിനും മോശം റെക്കോര്‍ഡ്

കോലിക്ക് പുറമെ 52 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും 35 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളിന്റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. അജാസ് പട്ടേല്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഗ്ലെന്‍ ഫിലിപ്‌സാണ് മൂന്നാം ദിനത്തിലെ അവസാന പന്തില്‍ കോലിയെ വീഴ്ത്തിയത്. സ്‌കോര്‍ ഇന്ത്യ 46, 231-3, ന്യൂസിലന്‍ഡ് 402.

tags
click me!