ഐപിഎല്ലില്‍ ആര്‍ക്കും വേണ്ട! പിന്നാലെ അതിവേഗ സെഞ്ചുറിയോടെ റെക്കോര്‍ഡിട്ട് അന്‍മോല്‍പ്രീത് സിംഗ്

By Web Team  |  First Published Dec 21, 2024, 6:19 PM IST

ബാറ്റിംഗ് ആരംഭിച്ച പഞ്ചാബിന് തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ അഭിഷേക് ശര്‍മയുടെ (10) വിക്കറ്റ് നഷ്ടമായി. ഏഴ് പന്ത് മാത്രമാണ് അഭിഷേക് കളിച്ചത്.


അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ 45 പന്തില്‍ 115 റണ്‍സ് അടിച്ചെടുത്ത് പഞ്ചാബ് താരം അന്‍മോല്‍പ്രീത് സിംഗ്. അരുണാചല്‍ പ്രദേശിനെതിരെ ആയിരുന്നു അന്‍മോലിന്റെ വെടിക്കെട്ട്. 35 പന്തില്‍ താരം സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന വേഗമേറിയ സെഞ്ചുറി കൂടിയാണിത്. ഇക്കഴിഞ്ഞ ഐപിഎല്‍ താരലേലത്തില്‍ താരം അണ്‍സോള്‍ഡ് ആയിരുന്നു. അരുണാചല്‍ ഉയര്‍ത്തിയ 165 റണ്‍സിന്റെ വിജയലക്ഷ്യം താരത്തിന്റെ സെഞ്ചുറി കരുത്തില്‍ പഞ്ചാബ് 12.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു. നേരത്തെ, മൂന്ന് വിക്കറ്റ് നേടിയ മായങ്ക് മര്‍കണ്ഡെയാണ് അരുണാചലിനെ ചെറിയ സ്‌കോറില്‍ ഒതുക്കാന്‍ സഹായിച്ചത്. 

പിന്നാലെ ബാറ്റിംഗ് ആരംഭിച്ച പഞ്ചാബിന് തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ അഭിഷേക് ശര്‍മയുടെ (10) വിക്കറ്റ് നഷ്ടമായി. ഏഴ് പന്ത് മാത്രമാണ് അഭിഷേക് കളിച്ചത്. മൂന്നാമനായി ക്രീസിലെത്തിയ അന്‍മോല്‍, പ്രഭ്‌സിമ്രാന്‍ സിംഗിനെ (25 പന്തില്‍ 35) കൂട്ടുപിടിച്ച് പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചു. ഒമ്പത് സിക്‌സും 12 ഫോറും ഉള്‍പ്പെടുന്നതായിരുന്നു അന്‍മോലിന്റെ ഇന്നിംഗ്‌സ്. പ്രഭ്‌സിമ്രാന്‍ സിംഗ് ഒരു സിക്‌സും നാല് ഫോറും നേടി. നേരത്തെ, ടെച്ചി നെരി (42), ഹര്‍ദിക് വര്‍മ (38) എന്നിവര്‍ മാത്രമാണ് അരുണാചല്‍ നിരയില്‍ അല്‍പമെങ്കിലും പിടിച്ചുനിന്നത്. മായങ്കിന് പുറമെ അശ്വനി കുമാറും മൂന്ന് വിക്കറ്റ് വീഴ്ത്തി. ബല്‍ത്തേജ് സിംഗ് രണ്ട് വിക്കറ്റ് വീഴ്ത്തി. 

🚨 ANMOLPREET SINGH SMASHED THE FASTEST LIST A CENTURY IN HISTORY BY AN INDIAN. 🚨 pic.twitter.com/SzjuE703RO

— chanchal sarkar (@cricxnews140982)

Latest Videos

undefined

മറ്റൊരു മത്സരത്തില്‍ മുംബൈക്കെതിരെ കര്‍ണാടകയ്ക്ക് ഏഴ് വിക്കറ്റ് ജയം. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ നാല് വിക്കറ്റ് നഷ്ടത്തില്‍ 382 റണ്‍സാണ് അടിച്ചെടുത്തത്. 55 പന്തില്‍ 114 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് ടീമിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. എന്നാല്‍ മറുപടി ബാറ്റിംഗില്‍ കര്‍ണാടക 46.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 101 പന്തില്‍ 150 റണ്‍സെടുത്ത കൃഷ്ണന്‍ ശ്രീജിത്താണ് കര്‍ണാടകയുടെ ഹീറോ.

കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കര്‍ണാടകയ്ക്ക് 36 റണ്‍സുള്ളപ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടമായി. 21 റണ്‍സെടുത്ത നികിന്‍ ജോസിന്റെ വിക്കറ്റാണ് കര്‍ണാടകയ്ക്ക നഷ്ടമാകുന്നത്. പിന്നീട് ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ (48 പന്തില്‍ 47) - അനീഷ് കെ വി (66 പന്തില്‍ 82) സഖ്യം 70 റണ്‍സ് കൂട്ടിചേര്‍ത്തു. 15-ാം ഓവറില്‍ മായങ്കിനെ പുറത്താക്കി ശിവം ദുബെ മുംബൈക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു. എന്നാല്‍ യഥാര്‍ത്ഥ കളി വരാനുണ്ടായിരുന്നു. അനീഷ്, പ്രവീണ്‍ ദുബെ (50 പന്തില്‍ 65) നടത്തിയ പ്രകടനം കര്‍ണാടകയെ വിജയത്തിലേക്ക് നയിച്ചു. 66 പന്തുകള്‍ കളിച്ച അനീഷിന്റെ ഇന്നിംഗ്‌സില്‍ മൂന്ന് സിക്‌സും ഒമ്പത് ഫോറുമുണ്ടായിരുന്നു. ഇരുവരും 94 റണ്‍സാണ് കൂട്ടിചേര്‍ത്തത്. അനീഷ് പുറത്തായെങ്കിലും പ്രവീണിനെ കൂട്ടുപിടിച്ച് ശ്രീജിത്ത് ടീമിനെ വിജത്തിലേക്ക് നയിച്ചു. നാല് സിക്‌സും 20 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ശ്രീജിത്തിന്റെ ഇന്നിംഗ്‌സ്. 50 പന്തുകള്‍ നേരിട്ട പ്രവീണ്‍ ഒരു സിക്‌സും അഞ്ച് ഫോറും നേടി.

click me!