ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ സസ്‌പെന്‍സ്! ടീം പ്രഖ്യാപനം വൈകും, കാത്തിരിപ്പ് ഈ മാസം 12 വരെ

By Web Desk  |  First Published Jan 6, 2025, 10:40 PM IST

ഈമാസം 12ന് മുമ്പാണ് ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിക്കേണ്ടത്. ഫെബ്രുവരി 13 വരെ മാറ്റങ്ങള്‍ നടത്താം.


മുംബൈ: ഇന്ത്യയുടെ ടെസ്റ്റ് കലണ്ടറിന് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയോടെ അവസാനമായിരുന്നു. ഇനി നിശ്ചിത ഓവര്‍ ക്രിക്കറ്റ് ഇന്ത്യക്ക് മുന്നിലുള്ളത്. ഇംഗ്ലണ്ടിനെതിരെ ടി20 - ഏകദിന പരമ്പര തുടങ്ങുന്നതോടെ ഇന്ത്യയുടെ നിശ്ചിത ഓവര്‍ മത്സരങ്ങള്‍ ആരംഭിക്കും. പിന്നാലെ ഐസിസി ചാംപ്യന്‍സ് ട്രോഫിയും ഇന്ത്യക്ക് മുന്നിലുണ്ട്. ജനുവരി 22നാണ് ഇംഗ്ലണ്ടിനെതിരായ പരമ്പര ആരംഭിക്കുന്നത്. അഞ്ച് ടി20കളും മൂന്ന് ഏകദിന മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. ഫെബ്രുവരി 19ന് ഐസിസി ചാംപ്യന്‍സ് ട്രോഫിയും ആരംഭിക്കും.

ഈമാസം 12ന് മുമ്പാണ് ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിക്കേണ്ടത്. ഫെബ്രുവരി 13 വരെ മാറ്റങ്ങള്‍ നടത്താം. ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. ടീം ലിസ്റ്റ് സമര്‍പ്പിക്കേണ്ട ജനുവരി 12ന് ആയിരിക്കും ഇന്ത്യ സ്‌ക്വാഡ് പ്രഖ്യാപിക്കുകയെന്നാണ് പുറത്തുവരുന്ന വിവരം. രോഹിത് ശര്‍മ തന്നെയായിരിക്കും ടീമിനെ നയിക്കുക. നേരത്തെ രോഹിത്തിനെ ഒഴിവാക്കുമെന്നും ഹാര്‍ദിക് പാണ്ഡ്യ നായകനായേക്കുമെന്നുള്ള വാര്‍ത്തകള്‍ വന്നിരുന്നു.

Latest Videos

ഫോളോ ഓണ്‍ ചെയ്ത് ലീഡെടുത്തിട്ടും പാകിസ്ഥാനെ തൂത്തുവാരി ദക്ഷിണാഫ്രിക്ക! കേപ്ടൗണില്‍ ജയം 10 വിക്കറ്റിന്

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ സ്ഥിരത പുലര്‍ത്തുന്നില്ലെങ്കിലും റിഷഭ് പന്തും ടീമിനൊപ്പം തുടരും. എന്നാല്‍ കെ എല്‍ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറാവാനാണ് സാധ്യത കൂടുതല്‍. മലയാളി താരം സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയില്ല. അദ്ദേഹം വിജയ് ഹസാരെ ട്രോഫി കളിക്കാതിരുന്നത് തിരിച്ചടിയാവും. ട്രാവലിംഗ് റിസര്‍വായി ചിലപ്പോള്‍ ടീമില്‍ ഉള്‍പ്പെട്ടേക്കാം. ജസ്പ്രിത് ബുമ്ര ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാവും. ഇംഗ്ലണ്ടിനെതിരെ താരം കളിച്ചേക്കില്ല. പകരം ചാംപ്യന്‍സ് ട്രോഫിയില്‍ അദ്ദേഹം ഉപനായകനായി തിരിച്ചെത്തും. ശുഭ്മാന്‍ ഗില്ലാണ് നിലവില്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍.

ഏകദിനത്തിലെ പ്രകടനങ്ങള്‍ കണക്കിലെടുത്ത് സൂര്യകുമാര്‍ യാദവിനും സ്ഥാനം ഉറപ്പില്ല. കൂടാതെ, മുഹമ്മദ് ഷമിയുടെ ലഭ്യതയും സൂക്ഷ്മ പരിശോധനയിലാണ്. മുഹമ്മദ് സിറാജിനേയും ചില ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ട്. രോഹിത്തിനൊപ്പം വിരാട് കോലിയും ടീമില്‍ സ്ഥാനം നിലനിര്‍ത്തുമെന്ന് ഉറപ്പാണ്. ശുഭ്മാന്‍ ഗില്ലനും മറ്റു വെല്ലുവിളികളുണ്ടാവില്ല. യശസ്വി ജയ്സ്വള്‍ ഏകദിന അരങ്ങേറ്റത്തിന് വേണ്ടി ഇനിയും കാത്തിരിക്കേണ്ടി വരും. മധ്യനിരയില്‍ കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ കളിക്കും.

ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യയുടെ സാധ്യതാ സ്‌ക്വാഡ്: ശുഭ്മാന്‍ ഗില്‍, രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, നിതീഷ് കുമാര്‍ റെഡ്ഡി, ഹാര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, രവീന്ദ്ര ജഡേജ / അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര.

click me!