ഹാർദ്ദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസി പ്രതീക്ഷകൾ തകർത്തത് ഗംഭീറല്ല, അതിന് പിന്നിൽ അജിത് അഗാർക്കറെന്ന് റിപ്പോർട്ട്

By Web Team  |  First Published Jul 21, 2024, 12:20 PM IST

ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദ്ദിക്കിന്‍റെ മികവില്‍ അഗാര്‍ക്കര്‍ സംശയം പ്രകടിപ്പിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


മുംബൈ: രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ഇന്ത്യൻ ടി20 ടീമിനെ നയിക്കാമെന്ന ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പ്രതീക്ഷകള്‍ തകര്‍ത്തത് ഗൗതം ഗംഭീര്‍ മാത്രമല്ലെന്ന് റിപ്പോര്‍ട്ട്. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ നിര്‍ണായക ഇടപെടലും ഹാര്‍ദ്ദിക്കിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് നീക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദ്ദിക്കിന്‍റെ മികവില്‍ അഗാര്‍ക്കര്‍ സംശയം പ്രകടിപ്പിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുജറാത്ത് ടൈറ്റന്‍സ് നായകനെന്ന നിലയില്‍ ആദ്യ സീസണില്‍ തന്നെ ടീമിനെ ചാമ്പ്യന്‍മാരാക്കിയെങ്കിലും അതിന് പിന്നില്‍ ആശിഷ് നെഹ്റയെന്ന കോച്ചിന്‍റെ തന്ത്രപരമായ ഇടപടെലുണ്ടെന്നും എന്നാല്‍ മുംബൈ ഇന്ത്യൻസ് നായകനായപ്പോള്‍ പരിശീലകന്‍ മാര്‍ക്ക് ബൗച്ചറില്‍ നിന്ന്  അങ്ങനെയൊരു സഹായം കിട്ടാതായതോടെ ഹാര്‍ദ്ദിക്കിന്‍റെ ക്യാപ്റ്റന്‍സിയിലെ പാളിച്ചകള്‍ പുറത്തുവന്നുവെന്നുമായിരുന്നു അഗാര്‍ക്കറുടെ നിലപാട്.

Latest Videos

ഇന്ത്യ വന്നില്ലെങ്കിലും ചാമ്പ്യൻസ് ട്രോഫി നടക്കും, തുറന്നടിച്ച് പാക് താരം ഹസന്‍ അലി

ഒരു രാജ്യാന്തര ക്യാപ്റ്റനുവേണ്ട തന്ത്രപരമായ മികവോ മത്സരാവബോധമോ ഹാര്‍ദ്ദിക്കിനില്ലെന്നും അഗാര്‍ക്കര്‍ നിലപാടെടുത്തു. ഇതിന് പുറമെ ഇന്ത്യൻ ടീമിലെ യുവതാരങ്ങള്‍ ഹാര്‍ദ്ദിക്കിനെക്കാള്‍ സൂര്യകുമാറിനോട് അടുപ്പം പുലര്‍ത്തുന്നതും സെലക്ടര്‍മാരുടെ തീരുമാനത്തെ സ്വാധീനിച്ചു. ഇതിനൊപ്പം ഹാര്‍ദ്ദിക്കിന്‍റെ ഫിറ്റ്നെസ് പ്രശ്നങ്ങള്‍ കൂടി പുതിയ പരിശീലകനായ ഗംഭീര്‍ ചൂണ്ടിക്കാട്ടിയതോടെയാണ് ടി20 ലോകകപ്പില്‍ വൈസ് ക്യാപ്റ്റനായിരുന്ന ഹാര്‍ദ്ദിക്കിന്‍റെ പ്രതീക്ഷകള്‍ തെറ്റിച്ച് സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മെഗാ താരലേലത്തിന് മുമ്പ് റിഷഭ് പന്തിനെ കൈവിടുമോ; നിലപാട് വ്യക്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഏകദിനത്തിലും ടി20യിലുമായി ഇന്ത്യ കളിച്ച 138 മത്സരങ്ങളില്‍ 69 മത്സരങ്ങളില്‍ മാത്രമാണ് പാണ്ഡ്യ കളിച്ചതെന്നും ഇത്തരമൊരു താരത്തെ ക്യാപ്റ്റനാക്കാനാവില്ലെന്നും ഗംഭീര്‍ നിലപാടെടുത്തു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇന്ത്യ കളിച്ച 79 ടി20 മത്സരങ്ങളില്‍ 46 എണ്ണത്തില്‍ മാത്രമാണ് പാണ്ഡ്യ കളിച്ചത്. ഇതിന് പുറമെ ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് തുടര്‍ച്ചയായി വിട്ടു നില്‍ക്കുന്നതും പാണ്ഡ്യക്ക് തിരിച്ചടിയായി. ഏകദിന ലോകകപ്പിലും ടി20 ലോകകപ്പിലും ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായിരുന്ന ഹാര്‍ദ്ദിക് കഴിഞ്ഞ ഐപിഎല്‍ സീസണില്‍ മുംബൈ ഇന്ത്യൻസിന്‍റെ നായകനുമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!