അഫ്ഗാന്‍ സ്പിന്നര്‍ക്ക് മുന്നില്‍ സിംബാബ്‌വെ വീണു, 54 പുറത്ത്! മുംബൈ ഇന്ത്യന്‍സ് കോടികള്‍ മുടക്കിയത് വെറുതയല്ല

By Web Team  |  First Published Dec 19, 2024, 8:12 PM IST

സിംബാബ്‌വെ നിരയില്‍  സീന്‍ വില്യംസ് (16), സിക്കന്ദര്‍ റാസ (19) എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാന്‍ സാധിച്ചത്.


ഹരാരെ: സിംബാബ്‌വെക്കെതിരായ രണ്ടാം ഏകദിനത്തില്‍ അഫ്ഗാനിസ്ഥാന് 232 റണ്‍സിന്റെ കൂറ്റന്‍ ജയം. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അഫ്ഗാനിസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സാണ് നേടിയത്. സെദിഖുള്ള അദല്‍ (104) സെഞ്ചുറി നേടി. അബ്ദുള്‍ മാലിക്കിന് 84 റണ്‍സുണ്ട്. മറുപടി ബാറ്റിംഗില്‍ 17.5 ഓവറില്‍ 54ന് എല്ലാവരും പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം നേടിയ അല്ലാഹ് ഗസന്‍ഫാര്‍, നവീദ് സദ്രാന്‍ എന്നിവരാണ് സിംബാബ്‌വെയെ തകര്‍ത്തത്. ഇതില്‍ ഗസര്‍ഫാറിനെ ഐപിഎല്‍ ലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് 4.8 കോടിക്ക് സ്വന്തമാക്കിയിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ അഫ്ഗാന് 1-0ത്തിന് മുന്നിലെത്തി. ആദ്യ ഏകദിനം മഴ മുടക്കിയിരുന്നു.

സിംബാബ്‌വെ നിരയില്‍  സീന്‍ വില്യംസ് (16), സിക്കന്ദര്‍ റാസ (19) എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാന്‍ സാധിച്ചത്. ബെന്‍ കറന്റെ (0) വിക്കറ്റാണ് ആദ്യം നഷ്ടമാകുന്നത്. പിന്നാലെ തദിവനാഷെ മറുമാനി (3), ഡിയോണ്‍ മയേഴ്‌സ് (1), ക്രെയ്ഗ് ഇര്‍വിന്‍ (4) എന്നിവരും മടങ്ങി. ഇതോടെ നാലിന് 11 എന്ന നിലയിലായി സിംബാബ്‌വെ. പിന്നീട് വില്യംസ് - റാസ സഖ്യം കൂട്ടിചേര്‍ത്ത 21 റണ്‍സാണ് കൂട്ടത്തകര്‍ച്ചയില്‍ നിന്ന് ടീമിനെ രക്ഷിക്കുന്നത്. വില്യംസ് മടങ്ങിയതോടെ സിംബാബ്‌വെയുടെ പ്രതീക്ഷകളും അവസാനിച്ചു. ബ്രയാന്‍ ബെന്നറ്റ് (0), ന്യൂമാന്‍ ന്യാംഹുറി (1), റിച്ചാര്‍ഡ് ഗവാര (8), ട്രവര്‍ ഗ്വാന്‍ഡു (0), ടിനൊടെന്‍ഡ മപോസ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഫസല്‍ഹഖ് ഫാറൂഖി രണ്ടും അസ്മതുള്ള ഒമര്‍സായ് ഒരു വിക്കറ്റും വീഴ്ത്തി.

Latest Videos

undefined

അക്ഷയ്ക്ക് സെഞ്ചുറി, അഭിജിത്തിന് നാല് വിക്കറ്റ്! ഉത്തരാഖണ്ഡിനെ തകര്‍ത്ത് കേരളം; അണ്ടര്‍ 23യില്‍ മൂന്നാം ജയം

നേരത്തെ ഗംഭീര തുടക്കമായിരുന്നു അഫ്ഗാനിസ്ഥാന്. ഒന്നാം വിക്കറ്റില്‍ അദല്‍ - മാലിക്ക് സഖ്യം ഒന്നാം വിക്കറ്റില്‍ 191 റണ്‍സ് കൂട്ടിചേര്‍ത്തു. മാലിക്കിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമാകുന്നത്. 101 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സും 11 ഫോറും നേടി. പിന്നീടെത്തിയ അസ്മതുള്ള ഒമര്‍സായ് (5), റഹ്മത്ത് ഷാ (1) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. ഇതിനിടെ സെഞ്ചുറി പൂര്‍ത്തിയാക്കിയ അദല്‍ മടങ്ങി. 128 പന്തുകള്‍ നേരിട്ട താരം നാല് സിക്‌സും എട്ട് ഫോറും നേടി. മുഹമ്മദ് നബി (18), ഇക്രം അലിഖില്‍ (5) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അഷ്മതുള്ള ഷഹീദി (29) പുറത്താവാതെ നിന്നു. 

click me!