ഗുജറാത്ത് ടൈറ്റന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവയാണ് എബിഡി കിരീട സാധ്യത കല്‍പിക്കുന്ന മറ്റ് ടീമുകള്‍
അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ തുടക്കമാവും മുമ്പ് തന്‍റെ ഫേവറൈറ്റ് ടീമുകളെ പ്രഖ്യാപിച്ച് ആര്‍സിബിയുടെ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എ ബി ഡിവില്ലിയേഴ്‌സ്. നാല് ടീമുകളുടെ പേര് എബിഡി മുന്നോട്ടുവെച്ചപ്പോള്‍ താനേറെക്കാലം ചിലവഴിച്ച റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ പേര് പറയാന്‍ മുന്‍ താരം മറന്നില്ല. ഇതുവരെ ഐപിഎല്‍ കിരീടം നേടാത്ത ടീമാണ് ആര്‍സിബി.
ഗുജറാത്ത് ടൈറ്റന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവയാണ് എബിഡി കിരീട സാധ്യത കല്‍പിക്കുന്ന മറ്റ് ടീമുകള്‍. ഈ മൂന്ന് ടീമുകളും മുന്‍ ചാമ്പ്യന്‍മാരാണ്. ഗുജറാത്ത് നിലവിലെ ചാമ്പ്യന്‍മാരാണെങ്കില്‍ ചെന്നൈ നാല് തവണയും ഹൈദരബാദ് ഒന്നും കിരീടം നേടിയിട്ടുണ്ട്. അഞ്ച് തവണ ജേതാക്കളായിട്ടുള്ള മുംബൈ ഇന്ത്യന്‍സിന്‍റെയും രണ്ട് തവണ ചാമ്പ്യൻമാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റേയും പേര് എ ബി ഡിവില്ലിയേഴ്‌സ് പറയുന്നില്ല എന്നത് ശ്രദ്ധേയമാണ്.
ഒരു ഐപിഎല്‍ കിരീടം പോലും പേരിലില്ലാത്ത താരമാണ് എ ബി ഡിവില്ലിയേഴ്‌സ്. ഐപിഎല്ലിന്‍റെ തുടക്കത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് താരമായിരുന്ന ഡിവില്ലിയേഴ്സ് പിന്നീട് റോയല്‍ ചലഞ്ചേഴ്സ് ബാഗ്ലൂരിലേക്ക് കൂടുമാറുകയായിരുന്നു. ആര്‍സിബിയ്ക്ക് ഒരിക്കല്‍ പോലും ഐപിഎല്‍ കിരീടം നേടാനാവാഞ്ഞത് ഡിവില്ലിയേഴ്സിന്‍റെ കരിയറിലും വലിയ വിടവായി. എന്നാല്‍ ഐപിഎല്‍ കണ്ട എക്കാലത്തെയും മികച്ച ബാറ്റര്‍മാരുടെ കൂട്ടത്തിലാണ് ഡിവില്ലിയേഴ്സിന്‍റെ സ്ഥാനം. ഐപിഎല്ലില്‍ 184 മത്സരങ്ങള്‍ കളിച്ച താരം മൂന്ന് സെഞ്ചുറികളും 40 ഫിഫ്റ്റികളും സഹിതം 5162 റണ്‍സ് അടിച്ചുകൂട്ടി. 151.69 ആണ് പ്രഹരശേഷി.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ പതിനാറാം സീസണിന് ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ തുടക്കമാവും. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സും മുന്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും മുഖാമുഖം വരും. ഗുജറാത്തിനെ ഹാര്‍ദിക് പാണ്ഡ്യയും ചെന്നൈയെ എം എസ് ധോണിയുമാണ് നയിക്കുന്നത്. കഴിഞ്ഞ തവണത്തെ മോശം പ്രകടനത്തെ മറികടക്കാനാണ് സിഎസ്‌കെ ഇത്തവണ ഇറങ്ങുന്നത്.