ഒച്ചിഴയും വേഗം ഇനി നടപ്പില്ല; ബാബര്‍ അസമിനെയും മുഹമ്മദ് റിസ്‌വാനേയും പൊരിച്ച് അക്വിബ് ജാവേദ്

By Jomit Jose  |  First Published Sep 15, 2022, 11:26 AM IST

ബാബര്‍ അസമിന്‍റെയും മുഹമ്മദ് റിസ്‌വാന്‍റെ പ്രഹരശേഷി കുറയുന്നതില്‍ ചോദ്യവുമായി നേരത്തെ മുന്‍ പേസര്‍ ഷൊയൈബ് അക്തറും രംഗത്തെത്തിയിരുന്നു


ലാഹോര്‍: നിലവിലെ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിലെ മികച്ച ബാറ്റര്‍മാരെന്ന പേരുണ്ടെങ്കിലും ബാബര്‍ അസമിന്‍റെയും മുഹമ്മദ് റിസ്‌വാന്‍റേയും ബാറ്റിംഗ് ശൈലി ചോദ്യം ചെയ്‌ത് പാക് മുന്‍ പേസര്‍ അക്വിബ് ജാവേദ്. ഇരുവരുടെയും ബാറ്റ് ശൈലി വച്ച് ടൂര്‍ണമെന്‍റുകളൊന്നും പാകിസ്ഥാന്‍ ജയിക്കാന്‍ പോകുന്നില്ല എന്നും ജാവേദ് വിമര്‍ശിച്ചു. നിലവില്‍ രാജ്യാന്തര ടി20 ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ഒന്നും മൂന്നും സ്ഥാനങ്ങളിലാണ് യഥാക്രമം മുഹമ്മദ് റിസ്‌വാനും ബാബര്‍ അസമും. ടീമിന്‍റെ ഭൂരിഭാഗം റണ്‍സും ഇരുവരുമാണ് കണ്ടെത്തുന്നതെങ്കിലും താരങ്ങളുടെ സ്ട്രൈക്ക് റേറ്റാണ് ആഖിബ് ജാവേദ് ചോദ്യം ചെയ്യുന്നത്. 

'ഈ രണ്ട് ഓപ്പണര്‍മാരും ടൂര്‍ണമെന്‍റുകള്‍ ജയിക്കാന്‍ പോകുന്നില്ല. ലോകത്തെ നമ്പര്‍ 1, 3 താരങ്ങളാണ് ഇവര്‍. പക്ഷേ എന്താണ് ചെയ്യേണ്ടത് എന്ന് താരങ്ങള്‍ക്കറിയണം. ഏഷ്യാ കപ്പ് ഫൈനലില്‍ ഓപ്പണറായി ഇറങ്ങി 15 ഓവര്‍ ബാറ്റ് ചെയ്ത് റിസ്‌വാന്‍ പുറത്തായി. എട്ട് റണ്‍ ശരാശരി വേണ്ടപ്പോള്‍ ബാറ്റിംഗിന് ഇറങ്ങിയിട്ട് 17 ശരാശരി വേണ്ട അവസ്ഥയിലേക്ക് ടീമിനെ തള്ളിയിട്ടാണ് റിസ്‌വാന്‍ പുറത്തായത്. ഫഖര്‍ സമന്‍റെ കരിയര്‍ തകര്‍ക്കുകയാണ്. ബാബറിനോ റിസ്‌വാനോ ഒപ്പം സമനാണ് ഓപ്പണറായി ഇറങ്ങേണ്ടത്. ഷാന്‍ മസൂദ് മൂന്നാം നമ്പറിലെത്തണം. റിസ്‌വാന്‍ നാലില്‍ വരട്ടെ. അയാള്‍ക്ക് സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാം. അതിന് ശേഷം തയ്യിബ് താഹിര്‍, അഗ സല്‍മാന്‍ എന്നിവരും, ഖുശ്‌ദില്‍ ഷാ, ആസിഫ് അലി, ഇഫ്‌തിഖര്‍ എന്നിവരില്‍ ഒരാളെ ഏഴാം നമ്പറിലും കളിപ്പിക്കാം' എന്നും അക്വിബ് ജാവേദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

Latest Videos

താരങ്ങള്‍ക്ക് രൂക്ഷ വിമര്‍ശനം 

ബാബര്‍ അസമിന്‍റെയും മുഹമ്മദ് റിസ്‌വാന്‍റെ പ്രഹരശേഷി കുറയുന്നതില്‍ ചോദ്യവുമായി നേരത്തെ മുന്‍ പേസര്‍ ഷൊയൈബ് അക്തറും രംഗത്തെത്തിയിരുന്നു. 'ഈ കോംബിനേഷന്‍ വിജയിക്കുമെന്ന് തോന്നുന്നില്ല. പാക്കിസ്ഥാന് പരിഹരിക്കേണ്ടതായി നിരവധി പ്രശ്നങ്ങളുണ്ട്. ഫഖര്‍, ഇഫ്തിഖര്‍, ഖുഷ്ദില്‍ എല്ലാവരും എന്നിവരുടെ പ്രകടനങ്ങളെ വിലയിരുത്തണം. റിസ്‌വാന്‍ 50 പന്തില്‍ 50 റണ്‍സെടുക്കുന്ന പരിപാടി ഇനി നടക്കില്ല, ഇത്തരം ബാറ്റിംഗ് കൊണ്ട് പാക്കിസ്ഥാന് യാതൊരു ഗുണവുമില്ല, ശ്രീലങ്കക്ക് എല്ലാ ആശംസകളും, എന്തൊരു ടീമാണ് അവരുടേത്' എന്നുമായിരുന്നു അക്തറിന്‍റെ ട്വീറ്റ്. 

ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്ക 23 റണ്‍സിന് വിജയിച്ചപ്പോള്‍ മുഹമ്മദ് റിസ്‌വാന്‍ അര്‍ധസെഞ്ചുറി നേടിയെങ്കിലും 49 പന്തിലാണ് 55 റണ്‍സേ ഉണ്ടായിരുന്നുള്ളൂ. റിസ്‌വാന്‍റെ മെല്ലെപ്പോക്ക് അവസാന ഓവറുകളില്‍ പാക് ബാറ്റര്‍മാരെ സമ്മര്‍ദ്ദത്തിലാക്കി. ആറ് പന്തില്‍ അഞ്ച് റണ്‍സെടുത്ത നായകന്‍ ബാബര്‍ അസം പുറത്തായശേഷം വണ്‍ ഡൗണായി ക്രീസിലെത്തിയ ഫഖര്‍ സമന്‍ ഗോള്‍ഡന്‍ ഡക്കായപ്പോള്‍ റിസ്‌വാനൊപ്പം പിടിച്ചുനിന്ന ഇഫ്തിഖര്‍ അഹമ്മദ് 31 പന്തിലാണ് 32 റണ്‍സെടുത്തത്. ഖുഷ്ദില്‍ ഷാ ആകട്ടെ നാലു പന്തില്‍ രണ്ട് റണ്‍സെടുത്ത് നിര്‍ണായക ഘട്ടത്തില്‍ പുറത്താവുകയും ചെയ്തു.

ഈ കളി കൊണ്ട് പാക്കിസ്ഥാന് ഗുണമില്ല; ബാബറിനും റിസ്‌വാനും ഫഖറിനുമെതിരെ ആഞ്ഞടിച്ച് അക്തര്‍

click me!