'സഞ്ജു നഷ്ടമാക്കിയത് റിഷഭ് പന്തിനെ മറികടന്ന് ടീമിലെത്താനുള്ള അവസരം'; ഇനി ആ ആഗ്രഹം മറന്നേക്കെന്ന് മുന്‍ താരം

By Web Team  |  First Published Dec 22, 2024, 6:52 PM IST

വിജയ് ഹസാരെയില്‍ നിന്ന് വിട്ടുനിന്നതോടെ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ചാംപ്യന്‍സ് ട്രോഫിയില്‍ സഞ്ജു ഉണ്ടാകുമോ എന്നുള്ള കാര്യം സംശയത്തിലായി.


ദില്ലി: സഞ്ജു സാംസണ്‍ ഇല്ലാതെയാണ് കേരളാ ക്രിക്കറ്റ് ടീം വിജയ് ഹസാരെ ട്രോഫിക്ക് ഇറങ്ങുന്നത്. സഞ്ജു വിട്ടുനില്‍ക്കാനുണ്ടായ കാരണം വ്യക്തമല്ല. സഞ്ജുവിന് പകരം സല്‍മാന്‍ നിസാറാണ് ടീമിനെ നയിക്കുന്നത്. ക്രിസ്മസ് അവധിക്ക് ശേഷം സഞ്ജു ടീമില്‍ തിരിച്ചെത്തുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. നാളെ ബറോഡയ്‌ക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. കേരളം ഗ്രൂപ്പ് ഇയിലാണ് കളിക്കുന്നത്. സയ്യിദ് മുഷ്താഖ് അലി ടി20യിലാണ് സഞ്ജു അവസാനമായി കേരളത്തിന് വേണ്ടി കളിച്ചത്. 

വിജയ് ഹസാരെയില്‍ നിന്ന് വിട്ടുനിന്നതോടെ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ചാംപ്യന്‍സ് ട്രോഫിയില്‍ സഞ്ജു ഉണ്ടാകുമോ എന്നുള്ള കാര്യം സംശയത്തിലായി. അതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ചാംപ്യന്‍സ് ട്രോഫി കളിക്കാനുള്ള അവസരം സഞ്ജു കളഞ്ഞൂവെന്നാണ് അദ്ദേഹം പറയുന്നത്. ആകാശ് ചോപ്രയുടെ വാക്കുകള്‍... ''വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമില്‍ സഞ്ജു ഇല്ല. എന്നാല്‍ വിജയ് ഹസാരെ കളിക്കുകയെന്നത് സഞ്ജുവിനെ സംബന്ധിച്ചിടത്തോളം പ്രധാനമായിരുന്നു. ടി20 ക്രിക്കറ്റില്‍ മൂന്ന് സെഞ്ചുറികള്‍ നേടി നില്‍ക്കുന്ന സമയത്ത് ഏകദിനത്തേയും കുറിച്ച് സഞ്ജു ചിന്തിക്കണമായിരുന്നു. റിഷഭ് പന്ത് ഏകദിനത്തില്‍ അടയാളപ്പെടുത്തിയിട്ടില്ലെന്നും സഞ്ജു ഓര്‍ക്കണമായിരുന്നു. അതുകൊണ്ടുതന്നെയാണ് വിജയ് ഹസാരെ കളിക്കണമെന്ന് പറഞ്ഞത്. എങ്ങനെയാണ് അദ്ദേഹത്തെ ഇനി ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തുക? സഞ്ജു പദ്ധതികളുടെ ഭാഗമാണെന്ന് എനിക്ക് തോന്നുന്നില്ല.'' ചോപ്ര വ്യക്തമാക്കി.

Latest Videos

undefined

മോശം പ്രകടനത്തിന് കാരണം താരങ്ങള്‍! ബ്ലാസ്റ്റേഴ്‌സിനെതിരെ ഐ എം വിജയന്‍

ബറോഡയ്ക്ക് പുറമെ ബംഗാള്‍, ദില്ലി, മധ്യ പ്രദേശ് തുടങ്ങിയ ശക്തരെ കേരളത്തിന് ഗ്രൂപ്പ് ഇയില്‍ നേരിടേണ്ടതുണ്ട്. ത്രിപുര, ബിഹാര്‍ എന്നിവര്‍ക്കെതിരെയും കേരളത്തിന് മത്സരങ്ങളുണ്ട്. എല്ലാ മത്സരങ്ങളും രാവിലെ ഒമ്പത് മണിക്കാണ് ആരംഭിക്കുക. ബറോഡയ്ക്കെതിരായ മത്സരശേഷം 26ന് മധ്യ പ്രദേശിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം. 28ന് ദില്ലിക്കെതിരേയും കളിക്കും. 31ന് ബംഗാളിനേയും കേരളം നേരിടും. ജനുവരി മൂന്നിന് ത്രിപുരയോടും കേരളം കളിക്കും. ജനുവരി അഞ്ചിന് ബിഹാറിനെതിരെയാണ് കേരളത്തിന്റെ അവസാന മത്സരം.

click me!