ഓപ്പണറായ സുദര്‍ശന്‍ ഐപിഎല്ലിലും തിളങ്ങിയ താരമാണെന്നും ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ആദ്യ അനൗദ്യോഗിക ടെസ്റ്റില്‍ 97 റണ്‍സടിച്ച് തിളങ്ങിയ സുദര്‍ശന് ഏത് സാഹചര്യത്തിലും തിളങ്ങാനാവുമെന്നും ആകാശ് ചോപ്ര വ്യക്തമാക്കി.
മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിരാട് കോലി അപ്രതീക്ഷിതമായി പിന്‍മാറിയതോടെ ആരാകും കോലിയുടെ പകരക്കാരനായി ടീമിലെത്തുക്ക എന്ന ചര്‍ച്ചകളും സജീവമായി. ആഭ്യന്തര ക്രിക്കറ്റില്‍ വര്‍ഷങ്ങളായി തിളങ്ങുന്ന സര്‍ഫറാസ് ഖാന്‍ മുതല്‍ റിങ്കു സിംഗിന്‍റെ പേരുകള്‍ വരെ കോലിയുടെ പകരക്കാരനായി നാലാം നമ്പറിലേക്ക് പറഞ്ഞു കേള്‍ക്കുന്നുണ്ട്.
എന്നാല്‍ കോലിയുടെ പകരക്കാരനാവേണ്ട പേരുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. തമിഴ്നാട് താരം സായ് സുദര്‍ശനാണ് കോലിയുടെ പകരക്കരനായി ടീമിലെത്താന്‍ ഏറ്റവും അനുയോജ്യനെന്ന് ആകാശ് ചോപ്ര യുട്യൂബ് വീഡിയോയില്‍ പറഞ്ഞു. സായ് സുദര്‍ശനെ പരിഗണിക്കാനുള്ള സാധ്യത വിരളമാണെങ്കിലും അവനെ ടീമിലെടുക്കുന്നത് തെറ്റാവില്ലെന്നും ആകാശ് ചോപ്ര വ്യക്തമാക്കി.
ഓപ്പണറായ സുദര്‍ശന്‍ ഐപിഎല്ലിലും തിളങ്ങിയ താരമാണെന്നും ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ആദ്യ അനൗദ്യോഗിക ടെസ്റ്റില്‍ 97 റണ്‍സടിച്ച് തിളങ്ങിയ സുദര്‍ശന് ഏത് സാഹചര്യത്തിലും തിളങ്ങാനാവുമെന്നും ആകാശ് ചോപ്ര വ്യക്തമാക്കി. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയില്‍ 127 റണ്‍സടിച്ച് തിളങ്ങിയ സുദര്‍ശന്‍ 15 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 63.50 ശരാശരിയില്‍ 989 റണ്‍സടിച്ചിട്ടുണ്ട്.
മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങാന്‍ സുദര്‍ശനാവുമെന്നും ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് കളിയില്‍ അര്‍ധസെഞ്ചുറികള്‍ നേടിയ സുദര്‍ശന്‍ ഇംഗ്ലണ്ട് എക്കെതിരായ ടെസ്റ്റില്‍ 97 റണ്‍സടിച്ചത് ഇതിന് തെളിവാണെന്നും ചോപ്ര പറഞ്ഞു. സ്ഥിരതയോടെ റണ്‍സടിക്കുന്ന സുദര്‍ശന്‍ ടെസ്റ്റ് ക്രിക്കറ്റിന് പറ്റിയ കളിക്കാരനാണെന്നും ചോപ്ര പറഞ്ഞു.
25നാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഹൈദരാബാദില്‍ തുടങ്ങുന്നത്. കോലി പിന്‍മാറിയെങ്കിലും ബിസിസിഐ ഇതുവരെ പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക