ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല
മുംബൈ: വിരാട് കോലി (Virat Kohli) മാറി രോഹിത് ശര്‍മ്മയ്‌ക്ക് (Rohit Sharma) കീഴിലാണ് ഇനി ഇന്ത്യന്‍ ഏകദിന ടീം (Indian Odi Team) കളത്തിലിറങ്ങുക. ജനുവരിയില്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന പരമ്പരയാണ് (India Tour of South Africa 2021-22) ഏകദിന നായകന്‍ എന്ന നിലയില്‍ രോഹിത്തിന്‍റെ ആദ്യ ദൗത്യം. ഏകദിന പരമ്പരയ്‌ക്കുള്ള ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഒരു താരത്തെ ഒഴിവാക്കരുത് എന്ന് അഭ്യര്‍ഥിച്ചിരിക്കുകയാണ് മുന്‍താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര (Aakash Chopra).
ധവാനെ തള്ളരുത്...
'12, 8, 14, 0 എന്നിങ്ങനെയാണ് വിജയ് ഹസാരേ ട്രോഫിയില്‍ ശിഖര്‍ ധവാന്‍റെ സ്‌കോര്‍. നിങ്ങള്‍ അദേഹത്തെ സെലക്‌ട് ചെയ്യുമോ? ധവാനെ ടീമിലെടുക്കണം എന്നാണ് എന്‍റെ അഭിപ്രായം. ഇന്ത്യയുടെ കഴിവ് തെളിയിച്ച താരമാണ് ധവാന്‍. ഏകദിന ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡുള്ള താരം. അദേഹം മിസ്റ്റര്‍ ഐസിസിയാണ്. 2023 ലോകകപ്പ് മുന്‍നിര്‍ത്തിയാണെങ്കില്‍ അദേഹം പൂര്‍ണ ഫിറ്റാണെങ്കില്‍ ടീമിലെടുക്കേണ്ടതുണ്ട്.
2021ല്‍ ടീം ഇന്ത്യ അധികം ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടില്ല. പിന്നെന്തിന് ശിഖര്‍ ധവാനെ ടീമില്‍ നിന്ന് ഒഴിവാക്കണം. ടി20 ലോകകപ്പില്‍ അദേഹത്തെ ടീമിലെടുക്കണം എന്നുവരെ പലരും ആവശ്യപ്പെട്ടിരുന്നു. റുതുരാജ് ഗെയ്‌ക്‌വാദ് റണ്‍സ് കണ്ടെത്തുന്നുണ്ട്. വെങ്കടേഷ് അയ്യര്‍ക്ക് ഓപ്പണര്‍ ചെയ്യാനാകും. അല്ലെങ്കില്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ഇറങ്ങാം. ശിഖര്‍ ധവാനെ ഒഴിവാക്കുന്നത് അനീതിയായിരിക്കും. സീനിയര്‍ ടീമില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള താരത്തെ ആഭ്യന്തര ഫോം മാത്രം പരിഗണിച്ച് പുറത്താക്കരുത്. ധവാന്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ വേണം. ടീമില്‍ തലമുറമാറ്റമുണ്ടാകുമെങ്കില്‍ ധവാനെ അക്കാര്യം കൃത്യമായി സെലക്‌ടര്‍മാര്‍ അറിയിക്കണം. കാരണം അയാളൊരു സീനിയര്‍ താരമാണ്' എന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വിജയ് ഹസാരെ ഏകദിന ക്രിക്കറ്റില്‍ മികച്ച ഫോമില്‍ കളിക്കുന്ന റുതുരാജ് ഗെയ്‌ക്‌വാദും വെങ്കടേഷ് അയ്യരും ഉള്‍പ്പടെയുള്ള താരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ അവസരം കാത്തിരിക്കുകയാണ്. അതേസമയം ശിഖര്‍ ധവാന്‍റെ സ്ഥാനം ചോദ്യചിഹ്നമാണ്. അഞ്ച് മത്സരങ്ങളില്‍ 58 റണ്‍സാണ് ദില്ലിക്കായി ധവാന് നേടാനായുള്ളൂ.
ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍
ടെസ്റ്റ് പരമ്പരയ്‌ക്കായി ഇന്ത്യന്‍ ടീം ഇതിനകം ദക്ഷിണാഫ്രിക്കയില്‍ എത്തിയിട്ടുണ്ട്. ഡിസംബര്‍ 26നാണ് ഒന്നാം ടെസ്റ്റിന് തുടക്കമാവുക. വിരാട് കോലിയാണ് ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍. ദക്ഷിണാഫ്രിക്കയില്‍ കന്നി ടെസ്റ്റ് പരമ്പര ജയമാണ് ടീം ഇന്ത്യ ലക്ഷ്യമിടുന്നത്. പരിക്ക് കാരണം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും സ്‌പിന്നര്‍മാരായ രവീന്ദ്ര ജഡേജയും അക്‌സര്‍ പട്ടേലും ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡിലില്ല. ഏകദിന പരമ്പരയില്‍ ഇവര്‍ മടങ്ങിയെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡ്
വിരാട് കോലി(ക്യാപ്റ്റന്‍), പ്രിയങ്ക് പാഞ്ചല്‍, കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, ഹനുമാ വിഹാരി, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), വൃദ്ധിമാന്‍ സാഹ(വിക്കറ്റ് കീപ്പര്‍), രവിചന്ദ്ര അശ്വിന്‍, ജയന്ത് യാദവ്, ഇശാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്‌പ്രീത് ബുമ്ര, ഷര്‍ദ്ദുള്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്.