സീസണിലാകെ 1062 സിക്സുകളാണ് ഇത്തവണ ഐപിഎല്ലില്‍ പിറന്നത്. റണ്‍വേട്ടയിലെന്ന പോലെ സിക്സ് വേട്ടയിലും മുന്നിലെത്തിയത് രാജസ്ഥാന്‍ റോയല്‍സിന്‍റെ ജോസ് ബട്‌ലറായിരുന്നു. എന്നാല്‍ വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തിയിട്ടും സിക്സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാട്ടാതിരുന്ന ബൗളര്‍മാരുമുണ്ട്.
അഹമ്മദാബാദ്: ജോസ് ബട്‌ലറെയും കെ എല്‍ രാഹുലിനെയുംപോലുള്ള ബാറ്റര്‍മാര്‍ ആറാടിയ ഇത്തവണത്തെ ഐപിഎല്‍ സിക്സുകള്‍ കൊണ്ടും സമ്പന്നമായിരുന്നു. അഞ്ച് വര്‍ഷത്തിനുശേഷം ഗുജറാത്ത് ടൈറ്റന്‍സിലൂടെ ഐപിഎല്ലില്‍(IPL 2022) ഒരു പുതിയ വിജയി ഉണ്ടായെന്ന പ്രത്യേകതയും ഇത്തവണത്തെ ഐപിഎല്ലിനുണ്ട്. 2008ലെ ആദ്യ സീസണില്‍ കിരീടം നേടിയ രാജസ്ഥാന്‍ റോയല്‍സിനുശേഷം അരങ്ങേറ്റ സീസണില്‍ തന്നെ കിരീടം നേടുന്ന ടീമെന്ന റെക്കോര്‍ഡും ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ഇത്തവണ സ്വന്തമാക്കി.
സീസണിലാകെ 1062 സിക്സുകളാണ് ഇത്തവണ ഐപിഎല്ലില്‍ പിറന്നത്. റണ്‍വേട്ടയിലെന്ന പോലെ സിക്സ് വേട്ടയിലും മുന്നിലെത്തിയത് രാജസ്ഥാന്‍ റോയല്‍സിന്‍റെ ജോസ് ബട്‌ലറായിരുന്നു. എന്നാല്‍ വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തിയിട്ടും സിക്സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാട്ടാതിരുന്ന ബൗളര്‍മാരുമുണ്ട്.
കുല്‍ദീപ് യാദവ്(Kuldeep Yadav): സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി പന്തെറിഞ്ഞ ഇന്ത്യയുടെ ചൈനാമാന്‍ സ്പിന്നറായ കുല്‍ദീപ് വിക്കറ്റ് വേട്ടയില്‍ കരുത്തു കാട്ടിയെങ്കിലും സിക്സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാട്ടിയില്ല. സീസണില്‍ 14 കളികളില്‍ 22 സിക്സ് വഴങ്ങിയ കുല്‍ദീപ് യാദവ് ഏറ്റവും കൂടുതല്‍ സിക്സ് വഴങ്ങിയ ബൗളര്‍മാരില്‍ അഞ്ചാം സ്ഥാനത്താണ്.
ഷര്‍ദ്ദുല്‍ ഠാക്കൂര്‍(Shardul Thakur): ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ നിറം മങ്ങിയ പ്രകടനത്തിന് കാരണമായത് സീസണില്‍ അവരുടെ പ്രധാന ആയുധമാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ദീപക് ചാഹറിന്‍റെ പരിക്കായിരുന്നു. 15 കോടി രൂപക്ക് ടീമിലെത്തിച്ച ചാഹറിന് ഒറ്റ മത്സരത്തില്‍ പോലും പന്തെറിയാനായില്ല. ചെന്നൈക്കായി എല്ലാ മത്സരങ്ങളിലും പന്തെറിഞ്ഞ ഷര്‍ദ്ദുല്‍ ഠാക്കൂറാണ് സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സ് വഴങ്ങിയ ബൗളര്‍മാരില്‍ നാലാം സ്ഥാനത്ത്. 14 മത്സരങ്ങലില്‍ 23 സിക്സാണ് ഷര്‍ദ്ദുല്‍ വിട്ടുകൊടുത്തത്.
യുസ്വേന്ദ്ര ചാഹല്‍(Yuzvendra Chahal): വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കിയ രാജസ്ഥാന്‍ റോയല്‍സിന്‍റെ യുസ്‌വേന്ദ്ര ചാഹല്‍ സിക്സ് വഴങ്ങുന്നതിലും മുന്നിലെത്തിയെന്നത് മറ്റൊരു കൗതുകമായി. രാജസ്ഥാനായി ഫൈനലടക്കം 17 മത്സരങ്ങളിലും കളിച്ച ചാഹല്‍ 27 സിക്സ് വഴങ്ങി സീസണില്‍ കൂടുതല്‍ സിക്സ് വഴങ്ങിയവരില്‍ മൂന്നാമതുണ്ട്.
വേഗം കൊണ്ട് കാര്യമില്ല; ഉമ്രാന്‍ മാലിക്കിന് മുന്നറിയിപ്പുമായി ഷഹീന്‍ അഫ്രീദി
വാനിന്ദു ഹസരങ്ക(Wanindu Hasaranga): കിരീടം ഒരിക്കല്‍ കൂടി കൈവിട്ടെങ്കിലും ആര്‍സിബി ഐപിഎല്‍ പ്ലേ ഓഫിലെത്തിയത് ശ്രീലങ്കന്‍ സ്പിന്നറായ വാനിന്ദു ഹസരങ്കയുടെ സ്പിന്‍ മികവില്‍ കൂടിയായിരുന്നു. സീസണില്‍ 26 വിക്കറ്റുമായി ചാഹലിന് പിന്നില്‍ രണ്ടാം സ്ഥാനത്തായിരുന്ന ഹസരങ്ക സിക്സ് വഴങ്ങുന്നതില്‍ ചാഹലിന് മുന്നിലാണുള്ളത്. 30 സിക്സുകള്‍ വഴങ്ങിയ ഹസരങ്കയാണ് സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സ് വഴങ്ങി രണ്ടാമത്തെ ബൗളര്‍.
മുഹമ്മദ് സിറാജ് (Mohammed Siraj): ആര്‍സിബിയുടെ ബൗളിംഗ് കുന്തമുനയാകുമെന്ന് കരുതിയ മുഹമ്മദ് സിറാജ് എന്തുകൊണ്ടു മറക്കാന്‍ ആഗ്രഹിക്കുന്ന സീസണായിരിക്കും ഇത്. സീസണില്‍ ചാഹലിനെപ്പോലും കൈവിട്ട് ആര്‍സിബി നിലനിര്‍ത്തിയ താരങ്ങളിലൊരാളായ സിറാജ 15 മത്സരങ്ങളില്‍ 31 സിക്സുകള്‍ വിട്ടുകൊടുത്ത് സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സ് വഴങ്ങിയ ബൗളറാണ്. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സ് വഴങ്ങുന്ന ബൗളറെന്ന നാണക്കേടിന്‍റെ റെക്കോര്‍ഡും സിറാജിന്‍റെ പേരിലായി.