'ജനാധിപത്യ വിശ്വാസികളേ, ചെറുപ്പക്കാരേ, നിങ്ങളോടാണ് സംസാരിക്കാനുള്ളത്' - കവർ സ്റ്റോറി

By Sindhu Sooryakumar  |  First Published Mar 8, 2020, 12:05 AM IST

മാധ്യമവിലക്കിൽ ഏഷ്യാനെറ്റ് ന്യൂസിന് പറയാനുള്ളതിതാണ്. 'കവർ സ്റ്റോറി'യിലൂടെ എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ എഴുതുന്നു.


'Audi alteram partem' ‍അഥവാ 'hear to the other side' എന്നതാണ് നമ്മുടെ നിയമസംഹിതയുടെ അടിസ്ഥാനതത്വം. അതായത് നിയമനടപടി ഏതെടുത്താലും മറുഭാഗം കൂടി കേൾക്കണം എന്നർത്ഥം. അതായത് അഭിപ്രായസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന നടപടി ആയാലും മറുഭാഗം കൂടി കേൾക്കാതെ തീരുമാനമെടുക്കരുത്.  

ഭരണഘടനയുടെ 19 -ാം അനുച്ഛേദം ഉറപ്പു നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന് കീഴിലാണ് നമ്മുടെ മാധ്യമസ്വാതന്ത്ര്യവും വരുന്നത്. മാധ്യമസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടണം എന്ന് ഏത് ഭരണകൂടത്തിനും എപ്പോഴും തോന്നുന്നതാണ്. അതിനുള്ള ശ്രമവും അവർ എപ്പോഴും നടത്തുന്നതാണ്. പക്ഷേ, അതിനെ ചെറുത്തുനിൽക്കുക, മാധ്യമസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും സംരക്ഷിക്കുക എന്നതാണ് ജനാധിപത്യത്തിൽ ജനങ്ങൾ ചെയ്യേണ്ടത്. 

Latest Videos

undefined

ഏഷ്യാനെറ്റ് ന്യൂസ് ഇവിടെത്തന്നെയുണ്ട്. നേരോടെ, നിർഭയം, നിരന്തരം. ഇവിടെത്തന്നെയുണ്ടാവുകയും ചെയ്യും. രാജ്യത്തെ നിയമവ്യവസ്ഥയനുസരിച്ച് പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും ഈ നിയമ, ജനാധിപത്യവ്യവസ്ഥയിൽ തുടരാനുള്ള എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും നമ്മുടെ ഭരണഘടന ഉറപ്പു നൽകുന്നുണ്ട്.

സംപ്രേഷണവിലക്കിനെക്കുറിച്ച് പറഞ്ഞു തുടങ്ങാം

ദില്ലി കലാപം റിപ്പോർട്ട് ചെയ്തതിൽ വലിയ കുറ്റമാരോപിച്ച് ഏഷ്യാനെറ്റ് ന്യൂസിന് കേന്ദ്രവാർത്താ വിതരണമന്ത്രാലയം 48 മണിക്കൂർ ഏർപ്പെടുത്തിയ സംപ്രേഷണവിലക്ക് ആറ് മണിക്കൂറിന് ശേഷം നീക്കി. നിലവിൽ വാർത്താ വിതരണമന്ത്രാലയത്തിന്‍റെ ചുമതല മന്ത്രി പ്രകാശ് ജാവദേക്കറിനാണ്. ചാനലിന്‍റെ വിലക്ക് നീക്കിയതിന് ശേഷം മന്ത്രി പ്രകാശ് ജാവദേക്കർ മാധ്യമങ്ങളോട് പറഞ്ഞത് ശ്രദ്ധിക്കുക.

''കേരളത്തിലെ രണ്ട് മാധ്യമങ്ങളെ 48 മണിക്കൂർ നേരത്തേക്ക് വിലക്കിയിരുന്നു. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുകയും കണ്ടെത്തുകയും, വിലക്ക് നീക്കാൻ അടിയന്തരനിർദേശം നൽകുകയും ചെയ്തു. ഒരു ചാനൽ മേധാവി എന്നോട് സംസാരിച്ചു. അദ്ദേഹത്തിന്‍റെ ചാനൽ ഏഷ്യാനെറ്റ് ന്യൂസ്, രാത്രി തന്നെ പുനഃസ്ഥാപിക്കപ്പെട്ടു. രണ്ടാമത്തെ ചാനൽ, മീഡിയ വൺ, രാവിലെയോടെ പുനഃസ്ഥാപിക്കപ്പെട്ടു. ഞങ്ങളുടെ അടിസ്ഥാനപരമായ നിലപാട് മാധ്യമസ്വാതന്ത്ര്യം ഈ ജനാധിപത്യവ്യവസ്ഥിതിയിൽ വേണമെന്നാണ്. അത് മോദി സർക്കാരിന്‍റെ അടിസ്ഥാനനിലപാടാണ്. ഞങ്ങൾ അടിയന്തരാവസ്ഥ അതിജീവിച്ചവരാണ്. അന്ന് മാധ്യമസ്വാതന്ത്ര്യം കവർന്നെടുക്കപ്പെട്ടതാണ്. അന്ന് മാധ്യമസ്വാതന്ത്ര്യം കവർന്നെടുക്കപ്പെട്ടതിനെതിരെ പോരാടി ജയിലിൽ പോയവരാണ് ‍ഞങ്ങൾ. അന്ന് ഞങ്ങൾ അത് സംരക്ഷിച്ചതാണ്. പ്രധാനമന്ത്രിയടക്കം ഇതിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് വിശദമായി പരിശോധിക്കുന്നുണ്ട്. എന്താണെന്ന് കണ്ടെത്തിയാൽ ഉടനെ അത് പരിഹരിക്കുന്നതിനും, അതിൽ തെറ്റുണ്ടായാൽ നടപടിയെടുക്കുന്നതിനും തീരുമാനമായിട്ടുണ്ട്''

അതായത് പ്രധാനമന്ത്രിയോ ബന്ധപ്പെട്ട വകുപ്പുതലവൻ വാർത്താവിതരണമന്ത്രിയോ അറിയാതെയാണ് ഈ തീരുമാനം എടുത്തത് എന്ന്. വിശ്വസിക്കാം, അല്ലെങ്കിൽ വിശ്വസിക്കാതിരിക്കാം. എന്തായാലും സംഭവം അന്വേഷിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. വാർത്താചാനലുകളുടെ സ്വയം നിയന്ത്രിതസമിതിയായ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനും ഇക്കാര്യം വിശദീകരിച്ച് പ്രസ്താവനയിറക്കി. 

ഇന്ത്യയിൽ പുലരുന്നത് ജനാധിപത്യമാണ്. മൗലികാവകാശങ്ങൾ ലംഘിക്കുന്ന അടിയന്തരാവസ്ഥയല്ല. അങ്ങനെയല്ല, അടിയന്തരാവസ്ഥയാണ് എന്ന് ഏതെങ്കിലും വ്യക്തിക്കോ പ്രസ്ഥാനത്തിനോ കൂട്ടായ്മയ്ക്കോ ഒക്കെ തോന്നിയാൽ, അതനുസരിച്ച് അവർ പ്രവർത്തിക്കാൻ തുടങ്ങിയാൽ, അത് വച്ചുപൊറുപ്പിക്കരുത്.

ഒരിക്കൽ അടിയന്തരാവസ്ഥയെ നെഞ്ചുറപ്പോടെ നേരിട്ട മാധ്യമപ്രവർത്തകരും അന്ന് നെഞ്ച് വളച്ച് ഇഴഞ്ഞവരും മാധ്യമസമൂഹത്തിലുണ്ട്. എക്കാലവും ഭരണത്തോടൊട്ടി നിന്ന് ആനുകൂല്യങ്ങൾ പറ്റി, പ്രീതിപ്പെടുത്തുന്നവരുണ്ട്. അവർക്കൊന്നും ഒരു പ്രതിസന്ധിയും നേരിടേണ്ടി വരില്ല. ഉറച്ച നിലപാടും സത്യസന്ധതയും ആർജവവും വസ്തുതാപരമായ ശരികളും കയ്യിലുള്ളവർക്ക്, അതുപയോഗിച്ച് മാധ്യമപ്രവർത്തനം നടത്തുന്നവർക്ക്, എപ്പോഴും മുന്നിൽ പ്രതിസന്ധിയുണ്ടാകും. അതാണ് ദില്ലി റിപ്പോർട്ടിംഗിൽ ഏഷ്യാനെറ്റ് ന്യൂസിന് നേരിടേണ്ടി വന്നത്. 

എത്രയോ അധികം എതിർപ്പുകളും വിമർശനങ്ങളും പരിഹാസങ്ങളും അധിക്ഷേപങ്ങളും നേരിട്ടാണ് സത്യസന്ധരായ മാധ്യമപ്രവർത്തകരുടെ ഓരോ ദിവസവും കടന്നുപോകുന്നതെന്ന് ഒരുപക്ഷേ സാധാരണക്കാർക്ക് മനസ്സിലാകുന്ന ലളിതമായ കാര്യമല്ല. ഇതിനെല്ലാമിടയിലും കരുത്തുറ്റ മാധ്യമപ്രവർത്തനം നമ്മുടെ നാട്ടിൽ നിലനിൽക്കുന്നുണ്ട് എന്നതാണ് സന്തോഷകരമായ കാര്യം. മലയാളികളുടെ പ്രിയ വാർത്താചാനലായി ഒന്നാം സ്ഥാനത്ത് ഏഷ്യാനെറ്റ് ന്യൂസ് തുടരുന്നതും അങ്ങനെയാണ്.

നിയമം അംഗീകരിക്കും, നേതൃത്വം നൽകുന്നവരുടെ രാഷ്ട്രീയത്തെയല്ല!

മാധ്യമസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്നു എന്നത് പ്രധാനമന്ത്രിയെപ്പോലും ആശങ്കയിലാഴ്‍ത്തുന്നു എന്നാണ് വാർത്താവിതരണമന്ത്രി പ്രകാശ് ജാവദേക്കർ പറയുന്നത്. പ്രധാനമന്ത്രിയെപ്പോലും ആശങ്കയിലാഴ്‍ത്തുന്ന, വാർത്താവിതരണമന്ത്രിയെപ്പോലും ഇരുട്ടിൽ നിർത്തുന്ന ഇത്തരം തീരുമാനങ്ങൾ ചില ഉദ്യോഗസ്ഥർ മാത്രമെടുക്കുന്നതാണെങ്കിൽ അത്തരം ഉദ്യോഗസ്ഥർ ഈ സംവിധാനത്തിൽ ഉണ്ടാകരുത്. അത് ജനാധിപത്യത്തിന് അപകടമാണ്. ഏഷ്യാനെറ്റ് ന്യൂസ് മാത്രമല്ല, എല്ലാ മാധ്യമസ്ഥാപനങ്ങളും എല്ലാ സ്ഥാപനങ്ങളും എല്ലാ വ്യക്തികളും രാജ്യത്തെ നിയമവ്യവസ്ഥ അംഗീകരിക്കാൻ ബാധ്യതയുള്ളവരാണ്. അതിൽ എന്തെങ്കിലും വീഴ്ച വന്നാൽ നിയമവ്യവസ്ഥ നൽകുന്ന ശിക്ഷ അംഗീകരിക്കാനും തയ്യാറാവേണ്ടതാണ്. ഏഷ്യാനെറ്റ് ന്യൂസും അതിന് തയ്യാറാണ്. നിയമവ്യവസ്ഥയെ അംഗീകരിക്കുക എന്ന് വച്ചാൽ അതിനർത്ഥം രാജ്യത്ത് ഇപ്പോൾ അധികാരത്തിലുള്ള രാഷ്ട്രീയത്തെ അംഗീകരിക്കുക എന്നല്ല. ഭരണകൂടങ്ങൾക്ക് പ്രിയരാവുക എന്നതല്ല. അവരുടെ സ്വേച്ഛയ്ക്ക് പ്രവർത്തിക്കുക എന്നതുമല്ല. നമ്മളനുസരിക്കുന്നത് രാജ്യത്ത് എഴുതിവച്ചിരിക്കുന്ന നിയമവ്യവസ്ഥയെയാണ്. നമ്മൾ ബഹുമാനിക്കുന്നതും അതിനെത്തന്നെ. അത് ചെയ്തേ പറ്റൂ. പൗരൻമാരുടെ കടമയാണത്. 

വാർത്തകൾ കൊടുക്കുമ്പോൾ നിലവിലുള്ള നിയമങ്ങൾ അനുസരിക്കണം, അത് പാലിക്കണം. അതിന് ഏഷ്യാനെറ്റ് ന്യൂസടക്കം എല്ലാവരും ബാധ്യസ്ഥരാണ്. വീഴ്ചകൾക്ക് ശിക്ഷ നൽകാൻ വ്യവസ്ഥാപിത മാർഗങ്ങളും സംവിധാനങ്ങളുമുണ്ട്. സംപ്രേഷണം അപ്‍ലിങ്ക് ചെയ്യുന്ന സാങ്കേതിക വിദഗ്ധരോട് 'ആ ചാനലിനെയങ്ങ് സ്വിച്ച്ഓഫ് ചെയ്തേക്ക്' എന്ന്- അതിനുള്ള മുമ്പുള്ള നടപടി ക്രമങ്ങൾ പാലിക്കാതെ പറയുന്നിടത്താണ് പ്രശ്നം. മാധ്യമങ്ങളെ വരുതിക്ക് നിർത്താനുള്ള ശ്രമമായി ഇതിനെ കാണേണ്ടി വരുന്നതും അതുകൊണ്ടാണ്.

''ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും നേരെ നടത്തിയ വളരെ ഗുരുതരമായ നീതിനിഷേധത്തിന് നേരെ ഞാൻ പ്രതിഷേധിക്കുകയാണ്. മാധ്യമങ്ങൾ ഭരണകൂടത്തിന് അനുസരിച്ച് മാത്രം പ്രവർത്തിക്കണമെന്ന ഉത്തരവ് അംഗീകരിക്കാനാവുന്നതല്ല. സ്വതന്ത്രമാധ്യമപ്രവർത്തനത്തിന് എതിരായ വെല്ലുവിളിയാണിത്'', എന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

''ഇന്ന് ഈ രണ്ട് മാധ്യമങ്ങൾക്ക് എതിരായ ഈ നടപടി നാളെ മറ്റ് മാധ്യമങ്ങൾക്ക് എതിരെയും വരും. മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടുക എന്ന സ്വേച്ഛാധിപത്യപരമായ നടപടിയാണ് ബിജെപി ഗവൺമെന്‍റ് സ്വീകരിക്കുന്നത്. ആരും ഞങ്ങളെ വിമർശിക്കരുത്. അങ്ങനെ ചെയ്താൽ അവരുടെ ടെലിവിഷൻ ചാനലായാലും പത്രങ്ങളായാലും അത് പൂട്ടണ്ടി വരും എന്ന മുന്നറിയിപ്പാണിത്. അടിയന്തരാവസ്ഥക്കാലത്ത് പ്രസ് സെൻസർഷിപ്പുണ്ടായിരുന്നു. അതിനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള സംഭവങ്ങളാണ് നടക്കുന്നത്. അതുകൊണ്ട് ഇതിനെതിരെ എല്ലാ മാധ്യമങ്ങളും ഒന്നിച്ച് നിൽക്കണം'', എന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

''നരേന്ദ്രമോദി - അമിത് ഷാ കൂട്ടുകെട്ടിന് ജനാധിപത്യം തകർത്ത്, ജനങ്ങളുടെ അവകാശം ഇല്ലാതാക്കി മുന്നോട്ടുപോകാനുള്ള ഒരു തുടക്കമാണിത്. അതിന്‍റെ ഏറ്റവുമൊടുവിലുള്ള അധ്യായമാണ് ഏഷ്യാനെറ്റ് ന്യൂസിന്‍റെയും മീഡിയ വണ്ണിന്‍റെയും സംപ്രേഷണവിലക്ക്. ഇതിനെ ജനാധിപത്യം പുലരണം എന്നാഗ്രഹിക്കുന്ന മുഴുവൻ ആളുകളും തുറന്നെതിർക്കേണ്ടതാണ്'', എന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി.

ഇത് പഴയകാലമല്ല. ഭരണഘടനാസ്ഥാപനങ്ങളെല്ലാം ഏറെ ദുർബലമായ കാലമാണ്. കശ്മീരിൽ ആദ്യം വിലക്ക് വീണത് മാധ്യമങ്ങൾക്കായിരുന്നു. ആ ഹർജി ഇനിയും സുപ്രീംകോടതി തീർപ്പാക്കിയിട്ടില്ല. വലിയ പ്രാധാന്യം കൽപിച്ചിട്ടില്ല എന്നർത്ഥം. രാജ്യാന്തരതലത്തിൽ മാധ്യമസ്വാതന്ത്ര്യത്തിന്‍റെ കണക്കിൽ ഇന്ത്യയുടെ പോക്ക് പിന്നോട്ടാണ്, മുന്നോട്ടല്ല. ചില മതാധിഷ്ഠിത രാജ്യങ്ങളേക്കാൾ പുറകിലാണ് ഇന്ത്യ. ജനാധിപത്യഭരണകൂടത്തിന് ഇത് അലങ്കാരമല്ല. 

കേരളാ പൊലീസിനെ മാത്രമല്ല, ദില്ലി പൊലീസിനെയും മാധ്യമങ്ങൾ വിലയിരുത്തും, വിമർശിക്കും. അതിനിയും ഉണ്ടാകും. സർക്കാരിന് അനുകൂലമായ വാർത്തകൾ പുറത്തുവിടാൻ സർക്കാർ സംവിധാനങ്ങളുണ്ട്. വിമർശനങ്ങളും എതിർസ്വരങ്ങളും കൂടി ഉൾക്കൊള്ളുന്നതാണ് ജനാധിപത്യത്തിന്‍റെ ശക്തി. ഈ ജനാധിപത്യത്തിന്‍റെ ബലത്തിൽ ഒരു പ്രധാനഘടകം മാധ്യമസ്വാതന്ത്ര്യമാണ്. അത് അത്രയെളുപ്പത്തിൽ ഇല്ലാതാക്കാനാകില്ല. ആധുനികകാലത്ത് ടെലിവിഷനും പത്രവും മാത്രമല്ല 'മാധ്യമം' എന്ന പരിധിയിലുള്ളത്. വിശാലമായ, വൈവിധ്യപൂർണമായ ലോകമാണത്. അതിൽ കുറേയേറെപ്പേരെ വശത്താക്കാൻ ഏത് ഭരണകൂടത്തിനുമാകും. അവരുടെ വിടുവായത്തരങ്ങൾ ഒരിക്കലും ശിക്ഷിക്കപ്പെടില്ല. തെറ്റിദ്ധാരണ പരത്തി ആൾക്കൂട്ടത്തെ ധ്രുവീകരിക്കുന്ന അവരുടെ മാധ്യമസമ്പ്രദായങ്ങളെ ഭരണകൂടം പ്രോത്സാഹിപ്പിക്കും. അപ്പോഴും ഒരു ചെറുകൂട്ടം കാണും.  എല്ലാ എതിർപ്പുകളും മറികടന്ന് മുന്നോട്ടുപോകുന്ന നല്ല മാധ്യമപ്രവർത്തകരുടെ കൂട്ടമാണത്.

''വാർത്താവിതരണമന്ത്രി പ്രകാശ് ജാവദേക്കർ പറയുന്നത് കേട്ട് അദ്ഭുതമാണ് തോന്നുന്നത്. സ്വന്തം മന്ത്രാലയത്തിൽ നടക്കുന്നത് അദ്ദേഹത്തിന് അറിയില്ലേ? ബിജെപി സർക്കാരിൽ മോദിയുടെയും അമിത് ഷായുടെയും അനുമതിയില്ലാതെ ഒന്നും നടക്കില്ലെന്ന് ഉറപ്പല്ലേ? ദില്ലിയിലെയും നാഗ്പൂരിലെയും ഉന്നതരുടെ നിർദേശപ്രകാരമാണ് ഏഷ്യാനെറ്റിന്‍റെയും മീഡിയ വണ്ണിന്‍റെയും സംപ്രേഷണം വിലക്കിയത്'', എന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറയുന്നു.

''വിലക്കിനുള്ള കാരണം തന്നെ നിഷ്ഠുരമാണ്. വിലക്ക് എന്നത് അതിനിഷ്ഠുരവും. രാവിലെ പത്ത് മണിയോടെ ഇവരുടെ സംപ്രേഷണം തിരികെയെത്തി എന്നതിൽ സന്തോഷമുണ്ട്'', എന്ന് കോൺഗ്രസ് നേതാവ് പി ചിദംബരം.

ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരേ, ചെറുപ്പക്കാരേ...

പറയുന്നത് നിങ്ങളോടാണ്, നിങ്ങളോട് മാത്രമാണ്. നാം ജീവിക്കുന്ന കാലം വലിയ വെല്ലുവിളികൾ നിറഞ്ഞതാണ്. കലാപത്തിൽ മുറിവേറ്റവർക്ക് ഉടൻ ചികിത്സ നൽകണമെന്നുത്തരവിടുന്ന ജഡ്ജിക്കുള്ള സ്ഥലം മാറ്റ ഉത്തരവ് അതേ രാത്രി ഇറക്കി ഉടനെ അദ്ദേഹത്തെ പായിക്കുന്ന നാടാണിത്. കലാപക്കേസ് ഒരു മാസം കഴിഞ്ഞ് കേൾക്കാമെന്ന് കോടതി പറയുന്ന കാലം. 

ഇതൊന്നും വലിയ പ്രശ്നമല്ല, ഇതാണ് നമ്മുടെ രീതി- എന്നത് സാധാരണമാകുന്ന കാലം. ഇക്കാലത്തെ മാധ്യമപ്രവർത്തനവും വെല്ലുവിളി നിറഞ്ഞതാണ്. നടുവുകുനിക്കാതെ, നിവർന്ന് നിന്ന്, നിയമവ്യവസ്ഥ അംഗീകരിച്ച്, ജനത്തിനൊപ്പം, ശരിക്കൊപ്പം നിന്ന് ഭരണകൂടത്തിന്‍റെ തെറ്റുകളെ തെറ്റെന്ന് തന്നെ വിളിച്ച്, വിമർശിക്കേണ്ടത് വിമർശിച്ച് പോകുമ്പോൾ, നിറുകയിലടിച്ച് താഴ്‍ത്താൻ ഒരുപാട് കൈകൾ ശ്രമിക്കും. വീഴാതിരിക്കാനാണ് ശ്രമം.

ഭരണകൂടത്തിന്‍റെ കോടാലിക്കൈകളാവുകയോ, പ്രിയരാവുകയോ അല്ല, രാജ്യതാത്പര്യത്തിനും ജനതാത്പര്യത്തിനുമൊപ്പം നിൽക്കലാണ് ലക്ഷ്യം. 

നമ്മുടെ പാർലമെന്‍റിന് ആരെയാണ് പേടി?

ദില്ലി കലാപത്തിലെ മരണസംഖ്യ ഔദ്യോഗികമായി ഇതുവരെ 53 ആണ്. ഇത് കൂടിക്കൊണ്ടേയിരിക്കും. കാണാതായവരുടെ കണക്കെടുപ്പ് തുടരുന്നു. പൂർണമായ വിവരങ്ങൾ കിട്ടിയിട്ടുമില്ല. പക്ഷേ, നമ്മുടെ പാർലമെന്‍റിന് ഇതൊന്നും ചർച്ച ചെയ്യാൻ സമയമില്ല. എല്ലാവരും ഹോളി ആഘോഷിക്കൂ, ഹോളി ആഘോഷം കഴിഞ്ഞ് ചർച്ച ചെയ്യാം എന്ന് സ്പീക്കർ ഓം ബിർള റൂളിംഗ് നടത്തിയിട്ടുണ്ട്. റൂളിംഗ് നൽകിയാൽ പിന്നൊന്നും ചെയ്യാനില്ല. എതിർക്കുന്നവർക്ക് സസ്പെൻഷൻ മാത്രം. രാജ്യതലസ്ഥാനത്ത് നടക്കുന്ന കലാപം ചർച്ച ചെയ്യാൻ മടിക്കുന്ന സർക്കാരാണ് നമ്മുടേത് എന്ന് മനസ്സിലാക്കാൻ പ്രയാസമില്ലല്ലോ. ദില്ലി പൊലീസിന്‍റെ വീഴ്ച അമിത് ഷായുടെ പരാജയമാണ്. ഈ വൻവീഴ്ച ലോക്സഭയിൽ ചർച്ച ചെയ്യാൻ  അനുമതി നൽകേണ്ടതില്ല എന്ന് സ്പീക്കർ ഓംബിർള തീരുമാനിക്കുന്നു എന്ന് വ്യാഖ്യാനിച്ചാൽ കുറ്റം പറയാനാകില്ല എന്നർത്ഥം. മാധ്യമസ്വാതന്ത്ര്യം മാത്രമല്ല അപകടത്തിലാകുന്നത്. ദില്ലി പൊലീസിന്‍റെ വീഴ്ചകൾ വളരെ വ്യക്തമായി പുറത്തുവന്നതാണ്. അത് മാധ്യമങ്ങൾ തന്നെയാണ് തുറന്നുകാട്ടിയിരിക്കുന്നത്. സിസിടിവികൾ പൊലീസ് നശിപ്പിക്കുന്നതിലോ വന്ദേമാതരം വിളിപ്പിക്കുന്നതിലോ ഒതുങ്ങുന്നില്ല അത്. അതിനുമെല്ലാമപ്പുറമുള്ള വീഴ്ചകളാണ് ദില്ലി പൊലീസിന് സംഭവിച്ചിട്ടുള്ളത്. എന്നിട്ടും ഈ കലാപം ചർച്ച ചെയ്യാൻ ആവശ്യപ്പെടുമ്പോൾ, ഹോളി കഴിയട്ടെ എന്ന് തീരുമാനിക്കുന്നതിന്‍റെ യുക്തിയെന്ത്? ആരോടൊപ്പമാണ് നമ്മുടെ ലോക്സഭ?

ചാന്ദ്ബാഗിൽ വലിയൊരു കെട്ടിടത്തിന് മുകളിൽ കയറി നിന്ന്, വലിയ തോക്കുകളുപയോഗിച്ച് അക്രമികൾ വെടിയുതിർക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത് ഏഷ്യാനെറ്റ് ന്യൂസടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ്. ഇതുപോലെ ഒരുപാട് വിവരങ്ങൾ ദില്ലി കലാപത്തിന്‍റെ അണിയറക്കഥകളായി ഇപ്പോഴും പുറത്തുവരികയാണ്. ഒന്നും എവിടെയും ഉന്നയിക്കാൻ ആർക്കും കഴിയുന്നില്ല. അതല്ലെങ്കിൽ അങ്ങനെ ചെയ്യാൻ ഒരു വിധത്തിലും ആരെയും അനുവദിക്കാത്തതാണ് ഇപ്പോഴത്തെ നമ്മുടെ വ്യവസ്ഥിതി. അതുകൊണ്ടാണ് ദില്ലി കലാപം പെട്ടെന്ന് ചർച്ച ചെയ്യേണ്ടത് ഒരു അത്യാവശ്യമാണെന്ന് നമ്മുടെ പാർലമെന്‍റിന് തോന്നാത്തത്.

''ചർച്ച ചെയ്യേണ്ട വിഷയമാണ്. കേന്ദ്രം ചർച്ച ചെയ്യാൻ തയ്യാറാണ്. പക്ഷേ ഹോളിയുടെ കാലമാണല്ലോ ഇപ്പോൾ'', എന്ന് സ്പീക്ക‍ർ പറഞ്ഞുതുടങ്ങിയപ്പോഴേ പ്രതിപക്ഷം സഭയിൽ ബഹളം തുടങ്ങി. 

ലോകം മുഴുവൻ കൊറോണ ഭീതിയിലാണ്. ഹോളി ആഘോഷത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് പ്രധാനമന്ത്രി തന്നെ പറഞ്ഞു കഴിഞ്ഞു. സുപ്രീംകോടതി ഹോളിയാഘോഷം മാറ്റിവച്ചു. എന്നാലും എല്ലാവരും ഹോളി ആഘോഷിച്ചിട്ട് വരട്ടെ, ആഘോഷിക്കൂ, ആഘോഷിക്കൂ എന്നാണ് ലോക്സഭാ സ്പീക്കറുടെ തീട്ടൂരം. 

ദില്ലിയിൽ ലോക്സഭയിൽ ഇരുന്ന് സ്പീക്കർ ഓം ബിർള ഇത് പറയുമ്പോൾ തൊട്ടപ്പുറത്ത് കിഴക്കൻ ദില്ലിയിൽ നൂറ് കണക്കിന് മനുഷ്യരാണ്, ഇന്ത്യൻ പൗരൻമാരാണ്, നിയമവാഴ്ചയ്ക്കും നീതിക്കും വേണ്ടി കാത്തിരിക്കുന്നത്. അവരുടെ ജീവിതം ഇല്ലാതാക്കിയ കലാപം ചർച്ച ചെയ്യാൻ അവരുടെ കൂടി ജനപ്രതിനിധികൾ ഉൾപ്പെട്ട അവരുടെ സർക്കാരിന് സമയമായിട്ടില്ല പോലും. അതിന് ആഘോഷങ്ങൾ കഴിയണം പോലും.

ജീവനും ജീവിതവും തുലഞ്ഞുപോയവരുടെ കാര്യത്തിൽ കേന്ദ്രസർക്കാരിന് ഇത്ര താൽപ്പര്യം മാത്രമേയുള്ളൂ എന്നാണ് നമ്മൾ മനസ്സിലാക്കേണ്ടത്. ഈ തീരുമാനത്തെ പ്രതിപക്ഷം എതിർത്തു. നിരന്തരം ചോദ്യം ചെയ്തു. സഭയിൽ ബഹളമുണ്ടാക്കി. പലതവണ സഭാനടപടികൾ തടസ്സപ്പെട്ടു. ഇതിനിടയിൽ കേരളത്തിൽ നിന്ന് അടക്കമുള്ള എംപിമാർക്ക് സസ്പെൻഷൻ നേരിടേണ്ടി വന്നു. 

കാണാതായവരെ കണ്ടെത്താനാകുന്നില്ല, മരണസംഖ്യ കൂടുന്നുണ്ട്. ചർച്ച ചെയ്യാൻ എന്തിനിത്ര താമസം എന്ന് സർക്കാർ അനുകൂലികളൊഴിച്ച് എല്ലാവരും പറയുന്നുമുണ്ട്. 

''ചർച്ച വേണമെങ്കിലും ആദ്യം സമാധാനം വേണം. അതുണ്ടാകട്ടെ. സഭയിൽ സമാധാനമുണ്ടാക്കിയിട്ട് ചർച്ചയുടെ കാര്യം നോക്കാം'', എന്ന് പാർലമെന്‍ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി പറയുന്നു.

ചോദ്യങ്ങൾ ഒരുപാടുണ്ടെങ്കിലും ഉത്തരം പറയേണ്ടതില്ല എന്ന് തന്നെയാണ് കേന്ദ്രത്തിന്‍റെ നിലപാട്. എല്ലാം അവസാനിക്കട്ടെ, എല്ലാം തണുക്കട്ടെ, എല്ലാം കഴിഞ്ഞാവാം ചർച്ച എന്നതാണ് സർക്കാർ നയം. പിന്നെന്തിന് ചർച്ച? പ്രശ്നം പരിഹരിക്കാൻ വേണ്ടിയല്ലേ ചർച്ച? എന്ന് പ്രതിപക്ഷം. 

എല്ലാം നന്നായി ചെയ്തെങ്കിൽ, മൂടി വയ്ക്കാൻ ഒന്നുമില്ലെങ്കിൽ, കൈകൾ ശുദ്ധമെങ്കിൽ ദുർബലരായ പ്രതിപക്ഷത്തിന്‍റെ ശബ്ദത്തെ എന്തിന് വൻഭൂരിപക്ഷമുള്ള സർക്കാർ ഭയക്കണം? പരാജയപ്പെട്ടത് അമിത് ഷായുടെ ദില്ലി പൊലീസായതുകൊണ്ട് ചർച്ച ചെയ്യാൻ മാനക്കേടുണ്ടോ? ചർച്ച അനുവദിക്കാൻ ഭയമുണ്ടോ? ചർച്ച ചെയ്തില്ലെങ്കിൽ ആരും ഒന്നും അറിയില്ലെന്ന് സർക്കാർ കരുതുന്നുണ്ടോ? 

കലാപം കൊടുമ്പിരിക്കൊണ്ട ദിവസങ്ങളിൽ കേന്ദ്രസേനയെ നിയോഗിക്കേണ്ടതില്ല എന്ന് തീരുമാനിച്ച പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമുള്ള നാടാണ്. കലാപം, അതിലെ ആസൂത്രണം, രാഷ്ട്രീയപിൻബലം - ഇതൊക്കെ ചർച്ച ചെയ്തില്ലെങ്കിൽ പിന്നെന്തിനാണ് നമുക്കൊരു ജനപ്രതിനിധിസഭ? എല്ലാം 'ഹായ്, ഹായ്' എന്ന് പുകഴ്‍ത്തലല്ല - എന്ന് ഈ സർക്കാരിന് അറിയാഞ്ഞിട്ടല്ലല്ലോ? അല്ലേ? 

കാണാം, കവർ സ്റ്റോറി:

click me!