രാജ്യത്ത് കൊവിഡ് ലോക്ഡൗൺ പ്രഖ്യാപിച്ചിട്ട് ഒരു വർഷം തികയുകയാണ്. ലോക്ഡൗൺ വാർഷികത്തിൽ രാജ്യം കൊവിഡിന്റെ രണ്ടാം തരംഗത്തെ നേരിടാനുള്ള തയ്യാറാടെുപ്പിലാണ്. പ്രതിദിനം വെറും 525 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്ന സമയത്തായിരുന്നു പ്രധാനമന്ത്രി രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചത്. ഒരു വർഷം പൂർത്തിയാകുമ്പോൾ, ഒരിടവേളക്ക് ശേഷം ഇന്ത്യയിൽ വീണ്ടും പ്രതിദിന കണക്ക് അരലക്ഷത്തോട് അടുക്കുകയാണ്. കഴിഞ്ഞ. 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 47,262 പേർക്കാണ്.
14ാമത്തെ ദിവസമാണ് കൊവിഡ് കണക്ക് ഉയരുന്നത്. കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിനൊപ്പം രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും വലിയ വർധനയാണ് പുതിയ കണക്കുകളിൽ കാണാൻ കഴിയുന്നത്. 275 പേരാണ് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്. ഇതിൽ 132 ൽ അധികം മരണവും മഹാരാഷ്ട്രയിലാണ്. ആറ് സംസ്ഥാനങ്ങളിലാണ് ആകെ കേസുകളുടെ 80 ശതമാനത്തിലേറെയും ഉള്ളത്. ദില്ലിയിലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തിലെത്തി.
അതേസമയം 18 സംസ്ഥാനങ്ങളിൽ കൊവിഡിന്റെ പല വകഭേദങ്ങൾ കണ്ടെത്തിയതും ആശങ്കയണ്ടാകുന്നുണ്ട് .736 സാമ്പിളുകളിൽ യുകെ വകഭേദവും34 സാമ്പിളുകളിൽ സൗത്ത് ആഫ്രിക്കൻ വകഭേദവും കണ്ടെത്തി.കേരളത്തിൽ 2032 സാമ്പിളുകൾ പരിശോധിച്ചതിൽ 123 എണ്ണത്തിൽ എൻ440കെ എന്ന കൊവിഡ് വകഭേദം കണ്ടെത്തി. 11 ജില്ലകളിൽ ആണ് ഈ വകഭേദത്തിൻറെ സാന്നിധ്യം കണ്ടെത്തിയത്. കൊവിഡ് കണക്ക് ഉയരുന്നതിന് വകഭേദങ്ങൾ കണ്ടെത്തിയതുമായി ബന്ധമുണ്ട് എന്നതിന് തെളിവില്ല എന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നുണ്ട്.
പുതിയ തരംഗത്തെ നേരിടാൻ പരിശോധനയുടെ എണ്ണം കൂട്ടി സമ്പർക്കപ്പട്ടിക തയ്യാറാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകിയിരുന്നു. കണ്ടെയിൻമെനറ് സോണുകൾക്കുള്ളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള തീരുമാനം സംസ്ഥാനങ്ങൾക്കെടുക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. ഇതിനിടെ രാജ്യത്ത് വാക്സിൻ സ്വീകരിച്ചരുടെ എണ്ണം 5 കോടി കടന്നു എന്ന വാർത്തയാണ് ആശ്വാസം നൽകുന്ന ഒരു വാർത്ത.
സമ്പൂർണ്ണ ലോക്ഡൗണിലേക്ക് ഇനി രാജ്യം പോകില്ലെന്നിരിക്കെ തന്നെ നിയന്ത്രണങ്ങൾ കർശനമാക്കാതെ രോഗവ്യാപനം തടയാൻ കഴിയില്ലെന്നതാണ് വിലയിരുത്തൽ. കൂടുതൽ വ്യാപനമുള്ള സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സംസ്ഥാനങ്ങളോട് നിർദേശിച്ചിരിക്കുകയാണ് കേന്ദ്രം. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്ന കേരളവും ബംഗാളും പോലുള്ള സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം കൂടുതൽ രൂക്ഷമാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
വാക്സിനേഷനൊപ്പം തന്നെ കടുത്ത നിയന്ത്രണങ്ങളും ഉണ്ടായാൽ മാത്രമേ കൊവിഡിനെ വരുതിയിലാക്കാൻ സാധിക്കൂവെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുമ്പോഴും നിയന്ത്രണങ്ങളോടുള്ള അയഞ്ഞ സമീപനം പലയിടത്തും പ്രകടമാണ്. ആദ്യ തരംഗം തടയാൻ സാധിച്ചതിന്റെ ആത്മവിശ്വാസത്തിൽ വരും ദിവസങ്ങളിൽ ശക്തമായ നിയന്ത്രണങ്ങൾ പഴുതില്ലാതെ നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയാണ് ,രാജ്യത്ത് അരലക്ഷത്തോടടുക്കുന്ന പ്രതിദിന കൊവിഡ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്..