കൊവിഡ് വ്യാപനം ഇതേ രീതിയിൽ തുടരുകയാണെങ്കിൽ മഹാരാഷ്ട്രയിൽ വീണ്ടും ലോക്ക്ഡൌൺ ഏർപ്പെടുത്തുന്നത് തള്ളാനാവില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ
മുംബൈ: കൊവിഡ് വ്യാപനം ഇതേ രീതിയിൽ തുടരുകയാണെങ്കിൽ മഹാരാഷ്ട്രയിൽ വീണ്ടും ലോക്ക്ഡൌൺ ഏർപ്പെടുത്തുന്നത് തള്ളാനാവില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ നടന്ന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്ക്ഡൌണിനെതിരായി പലരും മുന്നോട്ട് വരുന്നുണ്ട്. അതൊരു ഓപ്ഷനല്ലെന്ന് പറയുന്നവരും എതിർക്കുന്നവരും എല്ലാമുണ്ട്. എല്ലാവരും ചോദിക്കുന്നത് എന്തുകൊണ്ടാണ് ആരോഗ്യ സംവിധാനങ്ങൾ സർക്കാർ കാര്യക്ഷമമാക്കാത്തത് എന്നാണ്. എല്ലാവരോടും എനിക്ക് പറയാനുള്ളത് , അതിനായുള്ള ഡോക്ടേഴ്സിനെ എനിക്കു തരൂ, ഹോസ്പിറ്റൽ മെച്ചപ്പെടുത്താനുള്ള ആളുകളെ തരൂ എന്നാണ്.
ലോക്ക്ഡൌണിനെ എതിർക്കുന്നവർ ജനങ്ങളെ സഹായിക്കാൻ മുന്നോട്ടുവരണം. ഈ സാഹചര്യം തുടർന്നാൽ സ്ഥിതി നിയന്ത്രിക്കാൻ വൈകാതെ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കേണ്ടി വരും. അത് രണ്ട് ദിവസങ്ങൾക്കകം ഉണ്ടാവുകയും ചെയ്യും.
ഇതേ രീതിയിൽ മുന്നോട്ടുപോയാൽ കുറച്ചു ദിവസങ്ങൾക്കൊണ്ട് ആശുപത്രികൾ നിറയും. പാർട്ടികൾ രാഷ്ട്രീയം കളിക്കരുതെന്നാണ് ആവശ്യപ്പെടാനുള്ള മറ്റൊരു കാര്യം. അങ്ങനെയെങ്കിൽ ജനങ്ങളുടെ ജീവൻ വച്ചാണ് കളിക്കുന്നതെന്ന് ബോധം വേണം.