രജിസ്ട്രേഷനായി നല്‍കുന്ന തിരിച്ചറിയല്‍ രേഖ രജിസ്റ്റര്‍ ചെയ്യുന്ന ആളുടേത് തന്നെയാണോ എന്ന് സ്ഥിരീകരിക്കാനുളള മാര്‍ഗം കൊവിന്‍ ആപ്പില്‍ ഇല്ലെന്ന പരിമിതിയാണ് തട്ടിപ്പുകാര്‍ മുതലെടുക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം.
കൊല്ലം: വാക്സിനേഷന് രജിസ്റ്റർ ചെയ്യാനുള്ള കോവിൻ ആപ്പിലെ പിഴവ് മുതലെടുത്ത് രാജ്യവ്യാപക തട്ടിപ്പ് നടക്കുന്നതായി സംശയം. ആധാർ അടക്കമുളള തിരിച്ചറിയൽ രേഖകളുടെ നമ്പർ മോഷ്ടിച്ച് വ്യാജൻമാർ വാക്സിനേഷനായി രജിസ്റ്റർ ചെയ്യുന്നുവെന്ന പരാതികളാണ് ഉയരുന്നത്. രജിസ്ട്രേഷനായി നല്‍കുന്ന തിരിച്ചറിയല്‍ രേഖ രജിസ്റ്റര്‍ ചെയ്യുന്ന ആളുടേത് തന്നെയാണോ എന്ന് സ്ഥിരീകരിക്കാനുളള മാര്‍ഗം കൊവിന്‍ ആപ്പില്‍ ഇല്ലെന്ന പരിമിതിയാണ് തട്ടിപ്പുകാര്‍ മുതലെടുക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം.
പുനലൂരുകാരൻ അജിത്തിന്‍റെ കഥ വായിക്കാം:
undefined
പുനലൂരുകാരന്‍ അജിത് അച്ഛനും അമ്മയ്ക്കും കൊവിഡ് വാക്സിന്‍ എടുക്കാനായി കൊവിന്‍ പോര്‍ട്ടലില്‍ രജിസ്ട്രേഷന്‍ നടത്താനുളള ശ്രമത്തിനിടെയാണ്, രണ്ടാളുടെയും ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ച് ആരോ പോര്‍ട്ടലില്‍ മുമ്പേ രജിസ്റ്റര്‍ ചെയ്തിരുന്നെന്ന കാര്യം തിരിച്ചറിഞ്ഞത്. അവിടം കൊണ്ടും തീര്‍ന്നില്ല. തന്‍റെയും സഹോദരന്‍റെയും ആധാര്‍ നമ്പരുകളും സമാനമായ തരത്തില്‍ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെന്നും അജിത് കണ്ടെത്തി.
സംഗതി ശരിയാണോ എന്നറിയാന്‍ ഞങ്ങളും ശ്രമിച്ചു. സംഭവം സത്യമാണ്. ആധാറും പാന്‍കാര്‍ഡും വോട്ടര്‍ ഐഡിയുമടക്കം എട്ട് തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. പക്ഷേ രജിസ്റ്റര്‍ ചെയ്യുന്ന തിരിച്ചറിയല്‍ രേഖയുടെ നമ്പരും രജിസ്റ്റര്‍ ചെയ്യുന്നയാളും തമ്മില്‍ ഒരു ബന്ധവും ഉണ്ടാകണമെന്നില്ല.
ആധാറിനു പുറമേ മറ്റ് തിരിച്ചറിയല്‍ രേഖകളും ഉണ്ടായിരുന്നതു കൊണ്ട് അജിതും കുടുംബവും കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു. പക്ഷേ ഒരൊറ്റ തിരിച്ചറിയല്‍ രേഖ മാത്രമുളള ഇന്നാട്ടിലെ ലക്ഷക്കണക്കിന് സാധാരണക്കാരില്‍ എത്ര പേര്‍ക്ക് ഈ തട്ടിപ്പു കാരണം വാക്സിന്‍ രജിസ്ട്രേഷന്‍ സാധ്യമാകാതെ പോയിട്ടുണ്ടാകാമെന്ന ചോദ്യമാണ് ഉയരുന്നത്. ഒരു പ്രവാസിയുടെ പാസ്പോര്‍ട്ട് നമ്പരാണ് ഈ തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്നതെങ്കില്‍ പാസ്പോര്‍ട്ട് നമ്പരടക്കം രേഖപ്പെടുത്തിയ വാക്സിന്‍ സര്‍ട്ടിഫിക്കറ്റുമായി ആ ആളുടെ മടക്ക യാത്ര പോലും തടസ്സപ്പെട്ടേക്കാം.
രജിസ്റ്റര്‍ ചെയ്യുന്ന ഓരോ തിരിച്ചറിയല്‍ രേഖയുടെയും ആധികാരികത ഉറപ്പാക്കാനുളള സൗകര്യം പോര്‍ട്ടലില്‍ കൊണ്ടുവരിക കൂടുതല്‍ സങ്കീര്‍ണതയ്ക്ക് വഴി വയ്ക്കുമെന്നാണ് ഔദ്യോഗിക വിശദീകരണം. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഉപയോഗിക്കുന്ന തിരിച്ചറിയല്‍ രേഖ പരിശോധിച്ചു മാത്രമേ വാക്സിന്‍ കേന്ദ്രത്തില്‍ വാക്സിന്‍ നല്‍കൂ എന്നും ഉത്തരവാദപ്പെട്ടവര്‍ പറയുന്നു. പക്ഷേ രജിസ്ട്രേഷന്‍ നടന്നാലല്ലേ സാറേ വാക്സിന്‍ കേന്ദ്രത്തിലേക്ക് പോകേണ്ടി വരുന്നുളളൂ എന്ന ചോദ്യം അപ്പോഴും ബാക്കിയാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona