പേടിക്കണം ഡെൽറ്റ പ്ലസ് വകഭേദത്തെ, രാജ്യത്ത് കൊവിഡ് മരണസംഖ്യയിൽ ഈ മാസം വൻ വ‍ർദ്ധന

By Web Team  |  First Published Jun 14, 2021, 9:43 AM IST

കൊവിഡ് മൂലം 6,148 പേരുടെ മരണമാണ് ജൂൺ 10-ന് രേഖപ്പെടുത്തപ്പെട്ടത്. രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയതിലെ ഏറ്റവുമുയർന്ന മരണസംഖ്യയായിരുന്നു അത്. രാജ്യത്ത് രണ്ടാംതരംഗമേൽപ്പിച്ച ആഘാതം ഉയർന്ന മരണനിരക്ക് തന്നെയാണ്. മൂന്നാംതരംഗത്തിന്‍റെ സൂചനകൾ ഉറപ്പായിരിക്കേ, എത്രത്തോളം തയ്യാറാണ് ഇന്ത്യ?
 


ദില്ലി: രാജ്യത്ത് കൊവിഡ് രണ്ടാംതരംഗമേൽപിച്ചത് വൻ ആഘാതമെന്ന് കണക്കുകൾ. ഈ മാസം രാജ്യത്തെ കൊവിഡ് മരണനിരക്കിൽ വൻവർദ്ധനയാണുണ്ടായത്. മരണസംഖ്യ 19 ശതമാനം കൂടി. സംസ്ഥാനങ്ങളിൽ പലതും പഴയ കണക്കുകൾ പുറത്തുവിടുന്നതും ഇതിന് കാരണമാകുന്നുണ്ടെന്നും കണക്കുകൾ തെളിയിക്കുന്നു. ഇന്ത്യയിൽ കാണുന്ന ഡെൽറ്റ പ്ലസ് വകഭേദത്തിന് വീണ്ടും ജനിതകമാറ്റം സംഭവിച്ചുവെന്നതും ആശങ്ക വാനോളമുയർത്തുകയാണ്. ഡെൽറ്റ പ്ലസ് എന്നതാണ് പുതിയ വൈറസ് വകഭേദത്തിന് പേര് നൽകിയിരിക്കുന്നത്. തീവ്രവ്യാപന ശേഷിയുള്ള വൈറസ് വകഭേദമാണിതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 

ഇതിനിടെ കണക്കുകളിൽ അൽപ്പം ആശ്വാസമായി ഇന്നത്തെ കൊവിഡ് കണക്ക് വന്നു. രാജ്യത്ത് കൊവിഡ് പ്രതിദിന കണക്ക് എഴുപതിനായിരത്തിലെത്തി. 24 മണിക്കൂറിനിടെ 70,421 പുതിയ രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 3921 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 72 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്കാണിത്. 1,19,501 പേരുടെ രോഗം ഭേദമായി. 

Latest Videos

undefined

ചില സംസ്ഥാനങ്ങളിൽ മരണസംഖ്യ രണ്ട് മടങ്ങ് വരെ കഴിഞ്ഞ രണ്ട് മാസത്തിനിടെ ഉയർന്നുവെന്നാണ് കണക്കുകൾ പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത്. നാല് സംസ്ഥാനങ്ങളിലൊഴികെ ബാക്കിയെല്ലായിടത്തും കഴിഞ്ഞ ആറ് ആഴ്ചകൾക്കിടെ മരണസംഖ്യ ഇരട്ടിയോളമായി ഉയർന്നു. ചില സംസ്ഥാനങ്ങളിൽ മരണസംഖ്യ നാല് മടങ്ങോളം കൂടിയതായും കണക്കുകൾ തെളിയിക്കുന്നു. 

മരണസംഖ്യ പിടിച്ചുനിർത്തിയ സംസ്ഥാനങ്ങൾ പശ്ചിമബംഗാൾ, ഒഡിഷ, ആന്ധ്രാപ്രദേശ്, ത്രിപുര, ലഡാക്ക് എന്നിവ മാത്രമാണ്. ബാക്കിയെല്ലായിടങ്ങളിലും മരണസംഖ്യയിൽ കുത്തനെയാണ് വർദ്ധന. 

ഏപ്രിൽ 1 മുതൽ 2.1 ലക്ഷം കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിൽ അതിൽ 1.18 ലക്ഷം (55 ശതമാനത്തോളം) മഹാരാഷ്ട്ര, ക‍ർണാടക, തമിഴ്നാട്, ദില്ലി, ഉത്തർപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്. രാജ്യത്തിന്ന് വരെ ഏറ്റവും കൂടുതൽ കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഈ സംസ്ഥാനങ്ങളിൽ നിന്ന് തന്നെ. 

ഈ അഞ്ച് സംസ്ഥാനങ്ങളിലെ മരണനിരക്ക് 2 മുതൽ രണ്ടര മടങ്ങ് വരെ കൂടിയെന്ന് കണക്കുകൾ തെളിയിക്കുന്നു. മറ്റ് ചില സംസ്ഥാനങ്ങളിൽ കഴിഞ്ഞ ഏപ്രിൽ 1 മുതലാണ് ഇതുവരെ റിപ്പോർട്ട് ചെയ്തതിലെ 80 ശതമാനം മരണങ്ങളും റിപ്പോർട്ട് ചെയ്തത്. 

സംസ്ഥാനം മരണസംഖ്യ ഏപ്രിൽ 1 മരണസംഖ്യ ജൂൺ 12 % വർദ്ധന
മഹാരാഷ്ട്ര 56,262 1,11,309 97.84%
കർണാടക 12,604 32,788 160.14%
തമിഴ്നാട് 12,738  29,280 129.86%
ദില്ലി 11,036 24,800 124.71%
ഉത്തർപ്രദേശ് 8,820 21,735 146.43%

കണക്കുകൾക്ക് കടപ്പാട്, ദ ഇന്ത്യൻ എക്സ്പ്രസ്

ഉദാഹരണത്തിന് ബിഹാറിൽ ഇതു വരെയുള്ളതിൽ 83 ശതമാനം മരണവും ഏപ്രിൽ 1 ന് ശേഷമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പക്ഷേ ഇതിന് പ്രധാനകാരണം, കഴിഞ്ഞ കുറച്ച് കാലം മുമ്പുള്ള മരണമടക്കം 4000- മരണം കൂടി രണ്ട് ദിവസം മുമ്പ് കണക്കിലേക്ക് ബിഹാർ സർക്കാർ കൂട്ടിച്ചേ‍ർത്തതാണ്. ഈ കണക്കിൽപ്പെടാത്ത മരണങ്ങൾ എന്ന് സംഭവിച്ചതാണെന്ന വിവരം ഇതുവരെ ബിഹാർ സർക്കാർ പുറത്തുവിട്ടിട്ടില്ല. ഇതിൽച്ചിലതെല്ലാം കഴിഞ്ഞ വർഷത്തേതുമാകാമെന്ന സൂചനകളാണ് പുറത്തുവരുന്നത്. 

രാജ്യത്തെ ആകെ മരണസംഖ്യയും രണ്ട് മടങ്ങ് കൂടി

1.64 ലക്ഷത്തിൽ നിന്ന് 3.73 ലക്ഷത്തിലെത്തി നിൽക്കുകയാണ് രാജ്യത്തെ ആകെ മരണസംഖ്യ. അതായത് ആറാഴ്ചയ്ക്കുള്ളിൽ രാജ്യത്തെ മൊത്തം മരണസംഖ്യയിൽ ഇരട്ടി വർദ്ധനയുണ്ടായെന്ന് സാരം. 

ഉത്തരാഖണ്ഡ്, അസം, ഗോവ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ഇതുവരെയുണ്ടായതിലെ 70 ശതമാനം മരണവും റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ ആറാഴ്ചകളിലാണ്. മരണസംഖ്യ ഇവിടെ മൂന്ന് മടങ്ങ് കൂടിയെന്നർത്ഥം. 

click me!