തെരഞ്ഞെടുപ്പ് ചൂടിൽ ബം​ഗാൾ; കുതിച്ചുയർന്ന് കൊവിഡ് കേസുകൾ; മരണനിരക്കിൽ രാജ്യത്ത് മൂന്നാം സ്ഥാനം

By Web Team  |  First Published Apr 14, 2021, 11:41 AM IST

പശ്ചിമബം​ഗാളിൽ എട്ട് ഘട്ടങ്ങളിലായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് നാലുഘട്ടം പൂർത്തിയായി അഞ്ചാം ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്.


കൊൽക്കത്ത: ബം​ഗാളിൽ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആളുകൾ വൻതോതിൽ കൂട്ടംചേരുന്നതാണ് കൊവിഡ് വർദ്ധനവിന്റെ പ്രധാന കാരണമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് നടക്കുന്ന സമയമായതിനാൽ പൊതുറാലികളിൽ വൻജനാവലിയാണ് കാണപ്പെടുന്നത്. പശ്ചിമബം​ഗാളിൽ എട്ട് ഘട്ടങ്ങളിലായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് നാലുഘട്ടം പൂർത്തിയായി അഞ്ചാം ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. വളരെ വിപുലമായ പ്രചാരണ റാലികളാണ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്നത്. കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻവർദ്ധനവ് സംസ്ഥാനത്ത് ഉണ്ടാകുന്നതിന്റെ പ്രധാന കാരണവും ഇതു തന്നെയാണെന്ന് പറയാം. ബംഗാളിലെ കൊവിഡ് സാഹചര്യത്തെക്കുറിച്ച് ഗ്രാഫുകളുള്‍പ്പെടെ ഇന്ത്യാ ടൂഡേ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. 

Latest Videos

undefined

ഇന്ത്യയിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ കൊവിഡ് മരണ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്ന സംസ്ഥാനമായി മാറിയിരിക്കുകയാണ് പശ്ചിമ ബം​ഗാൾ.1.7 ശതമാനമണ് ഇവിടത്തെ കൊവിഡ് മരണനിരക്ക്. ദേശീയ ശരാശരി 1.3 ശതമാനമാണ്. ഇന്ത്യയിലെ ഏറ്റവും ഉയർന്ന കൊവിഡ് നിരക്ക് കാണിച്ചിരിക്കുന്ന മഹാരാഷ്ട്രയ്ക്ക് സമാനമായ കണക്കാണിത്. രോ​ഗികളുടെ എണ്ണത്തിൽ മഹാരാഷ്ട്രക്ക് പിന്നിലാണെങ്കിലും മരണനിരക്ക് ബം​ഗാളിൽ രൂക്ഷമാണ്. ഇക്കാര്യത്തിൽ പഞ്ചാബിനും സിക്കിമിനും പിന്നില്‍ ബംഗാളാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ബം​ഗാളിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്, ഇന്ത്യയിലെ തന്നെ ഏഴാം സ്ഥാനത്തേക്ക് കുതിച്ചുയർന്നിട്ടുണ്ട്. അഖിലേന്ത്യാ ശരാശരി 5.2 ശതമാനമാണെന്നിരിക്കെ ബം​ഗാളിലെ പോസിറ്റിവിറ്റി റേറ്റ് 6.5 ശതമാനമാണ്. അയൽ സംസ്ഥനങ്ങളായ  ബീഹാർ, ഝാർഖണ്ഡ്, ഒഡീഷ എന്നിവയോട് താരതമ്യപ്പെടുത്തുമ്പോൾ കഴിഞ്ഞമാസം പുതിയ കൊവിഡ് രോ​ഗികളുടെ എണ്ണം അസാമാന്യമാം വിധത്തിൽ കുതിച്ചുയർന്ന കാഴ്ചയാണ് ബം​ഗാളിൽ കാണാൻ സാധിക്കുന്നത്. ഏപ്രിൽ 12 വരെയുള്ള ഏഴ് ദിവസത്തെ ശരാശരി കണക്കെടുത്താൽ ബം​ഗാളിൽ ഒരുദിവസം 3040 കേസുകളാണ് രജിസ്റ്റർ ചെയ്യുന്നത്. ബീഹാർ 2122, ഝാർഖണ്ഡ് 1734, ഒഡീഷ 981, അസം 234 എന്നിവയാണ് മറ്റ് കണക്കുകൾ. ഇവയേക്കാൾ വളരെ മുന്നിലാണ് ബം​ഗാളിലെ കണക്കുകൾ.  

ബംഗാളിലെ കോവിഡ് കേസുകളുടെ എണ്ണം മറ്റ് പല സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണ്. എന്നാൽ പുതിയ അണുബാധകളുടെ ദ്രുതഗതിയിലുള്ള വര്‍ധന സംസ്ഥാനത്ത് ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഫെബ്രുവരി 26 ന് തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിന് ശേഷം കോവിഡ് കേസുകള്‍ ഇരട്ടിയായ  സാഹചര്യമാണുള്ളത്. ഏപ്രില്‍ 17, 22, 26, 29 തീയതികളിലാണ് ബംഗാള്‍ തിരഞ്ഞെടുപ്പിന്റെ ബാക്കി ഘട്ടങ്ങള്‍. 


 

click me!