ചിലർ ആ പ്രായവ്യത്യാസത്തെ പരിഹസിച്ചു കൊണ്ട് പോസ്റ്റിട്ടപ്പോൾ, മറ്റുചിലർ പ്രായം ഒരു പ്രശ്‌നമേയല്ല എന്ന് ദമ്പതികൾക്ക് ആശംസകൾ അർപ്പിച്ചു.
മാധവ് പാട്ടീൽ മഹാരാഷ്ട്രയിലെ ഒരു തലമുതിർന്ന സാമൂഹിക പ്രവർത്തകനാണ്, അറിയപ്പെടുന്ന ഒരു സീനിയർ ജേർണലിസ്റ്റ് കൂടിയാണ്. 1984 -ൽ ഉറപ്പിച്ച തന്റെ ആദ്യത്തെ വിവാഹം, പ്രതിശ്രുത വധുവിന്റെ പിന്മാറ്റത്തെത്തുടർന്ന് മുടങ്ങിയതോടെ, ഇനി ജീവിതത്തിൽ കല്യാണമേ കഴിക്കുന്നില്ല എന്ന ദൃഢനിശ്ചയം കൈക്കൊണ്ടയാളാണ് അദ്ദേഹം. അന്നുതൊട്ടിന്നു വരെ മഹാരാഷ്ട്രയിലെ ഉറൻ ഗ്രാമത്തിൽ തന്റെ ജോലിയും ചെയ്ത, വൃദ്ധയായ അമ്മയെയും പരിചരിച്ച് തികഞ്ഞ ബ്രഹ്മചര്യനിഷ്ഠയോടെ കഴിഞ്ഞു പോരുകയാണ് പാട്ടീൽ. ഈ കൊവിഡ് ലോക്ക് ഡൌൺ കാലം ആ ശിലാഹൃദയത്തെയും അലിയിച്ചു കളഞ്ഞിരിക്കുകയാണ്. ഇനി വിവാഹം കഴിക്കില്ല എന്നുള്ള ദൃഢനിശ്ചയത്തെ കുടഞ്ഞെറിഞ്ഞ് വിവാഹത്തിന് തയ്യാറെടുക്കുകയാണ് തന്റെ ജീവിതസായാഹ്നത്തിൽ ഈ വയോധികൻ.
ഇന്ന് മാധവ് പാട്ടീലിനു 66 വയസ്സുപ്രായമുണ്ട്. ഷഷ്ട്യബ്ദപൂർത്തി ആയപ്പോൾ തന്നെ, ഒന്ന് മിണ്ടിയും പറഞ്ഞും ഇരിക്കാൻ ആരെങ്കിലും കൂട്ടുണ്ടായിരുന്നെങ്കിൽ എന്ന് പാട്ടീലിനു തോന്നിത്തുടങ്ങിയിരുന്നു. ലോക്ക് ഡൌൺ തുടങ്ങിയതിനു ശേഷമാണ്, കഴിഞ്ഞ ഓഗസ്റ്റ് 8 -ൻ പാട്ടീൽ 45 കാരിയായ സഞ്ജനയെ കണ്ടുമുട്ടുന്നത്. കൊവിഡ് കാലത്ത് തന്റെ അനുജനെ നഷ്ടപ്പെട്ട സഞ്ജന ഒറ്റയ്ക്ക് ഒരു പ്രാദേശിക തർക്കത്തിൽ നീതി കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ വിഷയത്തിൽ ഒന്ന് സഹായിക്കാൻ, നടപടിക്രമങ്ങളെപ്പറ്റി മാർഗനിർദേശം തരാൻ ആരുണ്ട് എന്ന് തിരഞ്ഞുകൊണ്ടിരിക്കുമ്പോൾ സഞ്ജനയുടെ വേണ്ടപ്പെട്ടവർ ആരോ തന്നെയാണ് മാധവ് പാട്ടീൽ എന്ന സോഷ്യൽ വർക്കറുടെ പേര് നിർദേശിക്കുന്നത്.
സഞ്ജന ആദ്യം മാധവ് പാട്ടീലിനെ ഫോണിൽ ബന്ധപ്പെട്ടു. പിന്നീട് നേരിൽ കണ്ടു. ആദ്യമൊക്കെ പ്രശ്നത്തെക്കുറിച്ച് സംസാരിച്ച് അതിനു പരിഹാരം കണ്ടെത്താൻ ശ്രമിച്ച സഞ്ജനയും പാട്ടീലും വീണ്ടും കണ്ടുമുട്ടി. പ്രശനത്തെക്കുറിച്ചു മാത്രം അല്ലാതായി അവരുടെ സംസാരങ്ങൾ. ഇരുവരും പരസ്പരമുള്ള സാന്നിധ്യം ഇഷ്ടപ്പെട്ടു തുടങ്ങി.
കഴിഞ്ഞ ഒക്ടോബർ 29 -ന് അവർ ഇരുവരും വളരെ ലളിതമായ ചടങ്ങുകളോടെ പരസ്പരം വിവാഹിതരായി. സഞ്ജനയുടെ എഴുപതുകാരിയായ അമ്മ, ഇരുവരെയും അനുഗ്രഹിച്ചു. ഈ ചടങ്ങുകളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിച്ചു. ചിലർ ആ പ്രായവ്യത്യാസത്തെ പരിഹസിച്ചു കൊണ്ട് പോസ്റ്റിട്ടപ്പോൾ, മറ്റുചിലർ പ്രായം ഒരു പ്രശ്‌നമേയല്ല എന്ന് ദമ്പതികൾക്ക് ആശംസകൾ അർപ്പിച്ചു. ചെറുപ്പകാലത്തൊക്കെ വിവാഹമേ വേണ്ട എന്നും പറഞ്ഞു നടന്നിട്ടൊടുവിൽ ഇപ്പോൾ ഈ അറുപത്തിയാറാം വയസ്സിൽ ഇങ്ങനെ വിവാഹിതനാവുക എന്നതും വിധിയുടെ നിയോഗമാകാം എന്ന് മാധവ് പാട്ടീൽ പറയുന്നു. ഒരു ട്രെയിൻഡ് നഴ്സ് ആയ സഞ്ജനയുടെ സാന്നിധ്യം ആ അർത്ഥത്തിലും പാട്ടീലിനും അമ്മയ്ക്കും ഏറെ ആശ്വാസമേകുന്നുണ്ട്.