6 മാസമായി ജീവിച്ചത് കൊവിഡ് രോഗികള്‍ക്കായി; ഒടുവില്‍ വൈറസിന് കീഴടങ്ങി ആംബുലന്‍സ് ഡ്രൈവര്‍

By Web Team  |  First Published Oct 11, 2020, 11:51 AM IST

കൊവിഡ് വ്യാപനം രൂക്ഷമാവുകയും നിരന്തരം കൊവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വരുകയും ചെയ്തതോടെ ആരിഫ് വീട്ടിലേക്ക് പോകാറില്ലായിരുന്നു. ഭാര്യയും മക്കളുമായി ഫോണിലൂടെ മാത്രമായിരുന്നു സംസാരം. കൊവിഡ് ബാധിച്ച് മരിച്ചയാളെ സംസ്കരിക്കാന്‍ ബന്ധുക്കള്‍ക്ക് എത്താനാവാത്ത സാഹചര്യത്തില്‍ ആരിഫ് ഖാന്‍ സംസ്കാരച്ചടങ്ങുകള്‍ക്കും സഹായിച്ചിരുന്നതായാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്


ആറ് മാസമായി കൊവിഡ് രോഗികള്‍ക്കായി സേവനം ചെയ്ത ആംബുലന്‍സ് ഡ്രൈവര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ദില്ലിയിലെ സാലംപൂര്‍ മേഖലയിലാണ് സംഭവം. മാര്‍ച്ച് മാസം മുതല്‍ കൊവിഡ് രോഗികളും കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്കാരത്തിന് എത്തിക്കുന്നതിലും വ്യാപൃതനായിരുന്ന ആംബുലന്‍സ് ഡ്രൈവറായിരുന്ന ആരിഫ് ഖാനാണ് ശനിയാഴ്ച രാവിലെ മരിച്ചത്. ഇതിനോടകം ഇരുനൂറ് കൊവിഡ് രോഗികളുടെ മൃതദേഹമാണ് ആരിഫ് ഖാന്‍ അന്തിമ സംസ്കാരത്തിനായി എത്തിച്ചത്. ദില്ലിയിലെ ഹിന്ദു റാവു ആശുപത്രിയിലാണ് നാല്‍പത്തിയെട്ടുകാരനായ ആരിഫ് ഖാന്‍ കൊവിഡിന് കീഴടങ്ങിയത്.

ആറ് മാസത്തോളമായി ആംബുലന്‍സില്‍ തന്നെയായിരുന്നു ആരിഫിന്‍റെ ജീവിതം. കൊവിഡ് വ്യാപനം രൂക്ഷമാവുകയും നിരന്തരം കൊവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വരുകയും ചെയ്തതോടെ ആരിഫ് വീട്ടിലേക്ക് പോകാറില്ലായിരുന്നു. ഭാര്യയും മക്കളുമായി ഫോണിലൂടെ മാത്രമായിരുന്നു സംസാരം. കൊവിഡ് ബാധിച്ച് മരിച്ചയാളെ സംസ്കരിക്കാന്‍ ബന്ധുക്കള്‍ക്ക് എത്താനാവാത്ത സാഹചര്യത്തില്‍ ആരിഫ് ഖാന്‍ സംസ്കാരച്ചടങ്ങുകള്‍ക്കും സഹായിച്ചിരുന്നതായാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. ഒക്ടോബര്‍ മൂന്നിനാണ് ആരിഫ് ഖാന്‍ കൊവിഡ് ബാധിതനായത്. 

Latest Videos

undefined

വീട്ടുകാരുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി പിതാവ് കൊവിഡ് വ്യാപനത്തിന് പിന്നാലെ വീട്ടിലേക്ക് വരുന്നത് അപൂര്‍വ്വമായി ആയിരുന്നെന്നാണ് ആരിഫിന്‍റെ മകന്‍ പറയുന്നത്. അദ്ദേഹത്തേക്കുറിച്ച ഞങ്ങള്‍ക്ക് ആശങ്കയുണ്ടായിരുന്നുവെന്നും എന്നാല്‍ അദ്ദേഹം കൊവിഡിനെ ഭയന്നിരുന്നില്ലെന്നും മകന്‍ ദി ഇന്ത്യന്‍ എക്പ്രസിനോട് പ്രതികരിച്ചു. എന്നാല്‍ അവസാനമായി പിതാവിനെ കാണാന്‍ പോലും സാധിച്ചില്ലെന്ന വിഷമം വീട്ടുകാര്‍ മറച്ച് വയ്ക്കുന്നില്ല. 12 മുതല്‍ 14 മണിക്കൂര്‍ വരെയാണ് ഖാന്‍ ജോലി ചെയ്തിരുന്നതെന്ന് ആരിഫിന്‍റെ സഹപ്രവര്‍ത്തകര്‍ പറയുന്നു. 

ഷഹീന്‍ ഭഗത് സിംഗ് സേവാ ദള്‍ എന്ന സ്ഥാപനത്തിന്‍റെ കീഴിലായിരുന്നു ആരിഫ് ഖാന്‍റെ പ്രവര്‍ത്തനം. ദില്ലിയിലും പരിസരങ്ങളിലും എമര്‍ജന്‍സി സര്‍വ്വീസുകള്‍ സൌജന്യമായി നല്‍കുന്ന സംരംഭമാണ് ഈ സ്ഥാപനം. 1995ല്‍ ആരംഭിച്ച സ്ഥാപനത്തിലെ ആദ്യ കാല ജീവനക്കാരിലൊരൊളായിരുന്നു ഖാന്‍. 

click me!