സാമൂഹ്യ മാധ്യമങ്ങളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകാരോഗ്യ സംഘടനയുടെ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടുവെന്ന തരത്തില്‍ വ്യാപകമായി പോസ്റ്റുകള്‍ പ്രചരിച്ചു.
ലോകാരോഗ്യ സംഘടനയുടെ(ഡബ്ല്യുഎച്ച്ഒ) എക്‌സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍മാനായി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ സ്ഥാനമേറ്റിരുന്നു. ഈ മാസം 22നാണ് അദ്ദേഹം ചുമതലയേറ്റത്. വര്‍ഷത്തില്‍ രണ്ട് തവണ നടക്കുന്ന ബോര്‍ഡ് യോഗത്തില്‍ അധ്യക്ഷത വഹിക്കുക എന്നതാണ് ചെയര്‍മാന്റെ കര്‍ത്തവ്യം. 2016ല്‍ മുന്‍ ആരോഗ്യമന്ത്രി ജെ പി നദ്ദയും ഇതേ സ്ഥാനം വഹിച്ചിട്ടുണ്ട്. ഇതിനിടെ സാമൂഹ്യ മാധ്യമങ്ങളില്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകാരോഗ്യ സംഘടനയുടെ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടുവെന്ന തരത്തില്‍ വ്യാപകമായി പോസ്റ്റുകള്‍ പ്രചരിച്ചു.
പ്രചാരണം
ഇന്ത്യന്‍ പ്രധാനമന്ത്രിയായ നരേന്ദ്ര മോദി ലോകാരോഗ്യ സംഘടനയുടെ ചെയര്‍മാനായി നിയോഗിക്കപ്പെട്ടുവെന്നുള്ളതായിരുന്നു പ്രധാന പ്രചാരണം. അദ്ദേഹത്തിന്‍റെ ചിത്രത്തോടൊപ്പം ലോകാരോഗ്യ സംഘടനയുടെ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടുവെന്നുള്ള കുറിപ്പുമായി പ്രചാരണം ട്വിറ്ററില്‍ നടന്നു.
വസ്തുത
എന്നാല്‍, ലോകാരോഗ്യ സംഘടനയ്ക്ക് ഒരു ചെയര്‍മാനില്ലെന്നുള്ളതാണ് വസ്തുത. ലോകാരോഗ്യ സംഘടനയിലെ ഏറ്റവും വലിയ സ്ഥാനം ഡയറക്ടര്‍ ജനറലാണ്. ഡോ ടെഡ്രോസ് അഥനോം ആണ് നിലവില്‍ ആ സ്ഥാനം വഹിക്കുന്നത്. അദ്ദേഹം എതോപ്യയുടെ മുന്‍ വിദേശകാര്യ മന്ത്രി കൂടിയാണ്. ലോകാരോഗ്യ സംഘടനയ്ക്ക് രണ്ട് ഭരണസമിതികളാണ് ഉള്ളത്. ലോക ആരോഗ്യ അസംബ്ലിയും എക്സിക്യൂട്ടീവ് ബോര്‍ഡും. കേന്ദ്ര ആരോഗ്യ മന്ത്രി എക്സിക്യൂട്ടീവ് ബോര്‍ഡിന്‍റെ ചെയര്‍മാനായാണ് നിയമിതനായത്.
പരിശോധനാ രീതി
ഫാക്ട് ചെക്ക് വെബ്സൈറ്റായ ആള്‍ട്ട് ന്യൂസാണ് ഈ പ്രചാരണം വ്യാജമാണെന്ന് പുറത്ത് കൊണ്ട് വന്നത്. നരേന്ദ്ര മോദിയെ ലോകാരോഗ്യ സംഘടനയുടെ ചെയര്‍മാനായി തെരഞ്ഞെടുത്തു എന്നുള്ള ഒരു ട്വിറ്റര്‍ പോസ്റ്റിന് മാത്രം 6,500 ലൈക്കുകളും 2,000 റീ ട്വീറ്റുകളുമാണ് വന്നത്.
നിഗമനം
നരേന്ദ്ര മോദിയെ ലോകാരോഗ്യ സംഘടനയുടെ ചെയര്‍മാനായി തെരഞ്ഞെടുത്തു എന്നുള്ള പ്രചാരണം വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ലോകാരോഗ്യ സംഘടനയ്ക്ക് അത്തരമൊരു സ്ഥാനം നിലവിലില്ല എന്നാണ് വ്യക്തമായിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോര്‍ഡിന് ചെയര്‍മാന്‍ സ്ഥാനമുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധനാണ് ആ സ്ഥാനം ഇപ്പോള്‍ വഹിക്കുന്നത്.