Mikhael Gorbachev : യുക്രൈന്‍ ഒരു കുഴിബോംബാണെന്ന് അന്നേ ഗോര്‍ബച്ചേവ് പ്രവചിച്ചു, ഒപ്പം പരിഹാരമാര്‍ഗങ്ങളും!

By Web Team  |  First Published Feb 26, 2022, 2:08 PM IST

സമാധാന കരാറുകള്‍ അംഗീകരിച്ചില്ലെങ്കില്‍ യുക്രൈന്‍ എന്നും കീറാമുട്ടിയായി തുടരുമെന്ന് പണ്ടേ പ്രവചിക്കപ്പെട്ടിരുന്നു. യുക്രൈന്‍ അടക്കമുള്ള രാജ്യങ്ങളുടെ പിറവിക്ക് ചുക്കാന്‍ പിടിച്ച മുന്‍ സോവിയറ്റ് യൂനിയന്‍ പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവാണ് യുക്രൈന്‍ എന്നും തലവേദനയായി തുടരുമെന്ന് പ്രവചിച്ചിരുന്നത്.


സമാധാന കരാറുകള്‍ അംഗീകരിച്ചില്ലെങ്കില്‍ യുക്രൈന്‍ എന്നും കീറാമുട്ടിയായി തുടരുമെന്ന് പണ്ടേ പ്രവചിക്കപ്പെട്ടിരുന്നു. യുക്രൈന്‍ അടക്കമുള്ള രാജ്യങ്ങളുടെ പിറവിക്ക് ചുക്കാന്‍ പിടിച്ച മുന്‍ സോവിയറ്റ് യൂനിയന്‍ പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവാണ് യുക്രൈന്‍ എന്നും തലവേദനയായി തുടരുമെന്ന് പ്രവചിച്ചിരുന്നത്. മനുഷ്യരെ തമ്മില്‍ തല്ലിക്കാനും അതുവെച്ച് രാഷട്രീയ മുതലെടുക്കാനും ഭരണകൂടങ്ങള്‍ ശ്രമിക്കുന്നിടത്തോളം യുക്രൈന്‍ കീറാമുട്ടിയായി തുടരുമെന്നാണ് 2014-ല്‍ നല്‍കിയ ഒരഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കിയത്. റഷ്യ ബിയോണ്ട് എന്ന പ്രസിദ്ധീകരണത്തിന് വേണ്ടി മാക്‌സിന്‍ കോര്‍ഷുനോവ് നടത്തിയ അഭിമുഖം, പുതിയ യുക്രൈന്‍ സംഘര്‍ഷ സാഹചര്യങ്ങളില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. 

ബെര്‍ലിന്‍ മതില്‍ തകര്‍ന്നതിന്റെ 25-ാം വാര്‍ഷിക സമയത്താണ് സോവിയറ്റ് യൂണിയന്റെ അവസാനത്തെ പ്രസിഡന്റായിരുന്ന മിഖായേല്‍ ഗോര്‍ബച്ചേവ് യുക്രൈന്‍ അടക്കമുള്ള വിഷയങ്ങളെ കുറിച്ച് സംസാരിച്ചത്. പാശ്ചാത്യ രാജ്യങ്ങളും റഷ്യയും ഉണ്ടാക്കിയ സമാധാന കരാറുകള്‍ പാലിക്കപ്പെടേണ്ടതിന്റെ അനിവാര്യതയാണ് അന്നദ്ദേഹം എടുത്തുപറഞ്ഞത്. 

Latest Videos

undefined

1991-ലാണ് സോവിയറ്റ് യൂനിയന്‍ തകര്‍ന്നത്. അന്നതിന് കാര്‍മികത്വം വഹിച്ചത് ഗോര്‍ബച്ചേവ് ആയിരുന്നു. യുക്രൈന്‍ അടക്കമുള്ള അന്നത്തെ സോവിയറ്റ് പ്രദേശങ്ങള്‍ റിപ്പബ്ലിക് ആയി മാറുന്ന സാഹചര്യത്തില്‍ പാശ്ചാത്യരാജ്യങ്ങളുമായി അദ്ദേഹം ചില കരാറുകളില്‍ ഒപ്പുവെച്ചു. റഷ്യയോട് തൊട്ടുകിടക്കുന്ന തന്ത്രപ്രധാനമായ യുക്രൈനിന്‍ അടക്കമുള്ള രാജ്യങ്ങളെ നാറ്റോയിലേക്ക് ചേര്‍ക്കുകയില്ലെന്നത് ആ വ്യവസ്ഥകളില്‍ ഒന്നായിരുന്നു. അതോടൊപ്പം കിഴക്കന്‍ ഭാഗത്തേക്ക് നാറ്റോ സഖ്യം വികസിപ്പിക്കുകയില്ലെന്നും അന്ന് വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍, ഇതൊന്നും പിന്നീട് പാലിക്കപ്പെട്ടില്ല. ഇക്കഴിഞ്ഞ ദിവസം യുക്രൈനെ ആക്രമിക്കാനുള്ള തീരുമാനം എടുത്ത കാര്യം അറിയിച്ചുകൊണ്ടുള്ള പ്രഭാഷണത്തില്‍ റഷ്യന്‍ പ്രസിഡന്റ വ്‌ളാദിമിര്‍ പുടിനും ഈ കരാര്‍ ലംഘനങ്ങളുടെ കാര്യം എടുത്തു പറഞ്ഞിരുന്നു. 

 

അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗനും ഗോര്‍ബച്ചേവും
 

നാറ്റോ കിഴക്കോട്ട് വികസിക്കില്ലെന്ന ഉറപ്പ് പാശ്ചാത്യപങ്കാളികള്‍ പാലിക്കാത്തതിന് എതിരെ ഗോര്‍ബച്ചേവ് ആ അഭിമുഖത്തില്‍ എടുത്തുപറയുന്നുണ്ട്. ''1993 -ലാണ് നാറ്റോയെ കിഴക്കോട്ട് വ്യാപിപ്പിക്കാനുള്ള തീരുമാനം യു.എസും സഖ്യകക്ഷികളും കൈക്കൊള്ളുന്നത്. ഇതിനെ ഒരു വലിയ തെറ്റായാണ് തുടക്കം മുതല്‍ തന്നെ  ഞാന്‍ കണ്ടത്. 1990-ല്‍ ഞങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനകളുടെയും ഉറപ്പുകളുടെയും വ്യക്തമായ ലംഘനമായിരുന്നു അത്.'  

യുക്രെയിനില്‍ നടക്കുന്ന കാര്യങ്ങള്‍ തന്നെ ആഴത്തില്‍ വേദനിപ്പിക്കുന്നതായി സോവിയറ്റ് തകര്‍ച്ചയെക്കുറിച്ച് അദ്ദേഹം എഴുതിയ 'ആഫ്റ്റര്‍ ദി ക്രെംലിന്‍' എന്ന പുസ്തകത്തിലും ഗോര്‍ബച്ചേവ്  എഴുതിരുന്നു. യുക്രൈനുമായുള്ള ബന്ധം ഓരോ റഷ്യക്കാരനും വേദനാജനകമായ വിഷയമാണെന്ന് പാതി റഷ്യക്കാരനും പാതി യുക്രേനിയനുമായ ഒരാളെന്ന നിലയില്‍ ഗോര്‍ബച്ചേവ് അഭിമുഖത്തില്‍ ഊന്നിപ്പറയുന്നുണ്ട്. 

യുക്രൈന്‍ പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള വഴി എന്താണെന്ന മധ്യപ്രവര്‍ത്തകന്റെ ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടി ഇതായിരുന്നു: ''റഷ്യയും യുക്രൈനും തമ്മിലുള്ള ബന്ധം വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത് കാരണം ജനങ്ങള്‍ക്കിടയില്‍ അകല്‍ച്ചയുണ്ടാകാന്‍ അനുവദിക്കരുത്. നേതാക്കള്‍ക്ക് ഇതില്‍ വലിയൊരു പങ്ക് വഹിക്കാന്‍ സാധിക്കും. പുടിനായാലും, പെട്രോ പൊറോഷെങ്കോയായാലും (അന്നത്തെ യുക്രൈന്‍ പ്രസിഡന്റ്) മറ്റുളവര്‍ക്ക് മാതൃകയാവണം. വികാരങ്ങളുടെ തീവ്രത അവര്‍ കുറയ്‌ക്കേണ്ടതുണ്ട്. ആരുടെ ഭാഗത്താണ് കുറ്റമെന്നത് നമുക്ക് പിന്നീട് കണ്ടെത്താം. ഇപ്പോള്‍ വേണ്ടത് സമാധാനം പുനഃസ്ഥാപിക്കാനുള്ള ചര്‍ച്ചയാണ്. നിര്‍ദ്ദിഷ്ട വിഷയങ്ങള്‍ പരസ്പരം സംസാരിച്ച് ഒത്ത് തീര്‍പ്പില്‍ എത്തണം. ദുരിതബാധിത പ്രദേശങ്ങളിലെ ജീവിതം സാധാരണ നിലയിലാക്കേണ്ടതുണ്ട്. അതിന് പ്രദേശിക പദവി പോലുള്ള പ്രശ്‌നങ്ങള്‍ തല്‍ക്കാലം മാറ്റിവെക്കേണ്ടതുണ്ട്.''    

 

 

ചര്‍ച്ച എങ്ങനെയാവണം എന്ന ചോദ്യത്തിനും അദ്ദേഹം വ്യക്തമായ മറുപടി നല്‍കി. ''രാജ്യത്ത് അനുരഞ്ജനം ഉറപ്പാക്കാന്‍ യുക്രൈനിന് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകും. ഓരോ വ്യക്തിയുടെയും അവകാശങ്ങളും താല്‍പ്പര്യങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. എല്ലാ പ്രദേശങ്ങളിലെയും ജനങ്ങളെ പ്രതിനിധീകരിക്കുന്നവര്‍ തമ്മില്‍ പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കാനും ചര്‍ച്ച ചെയ്യാനും കഴിയുന്ന വട്ടമേശ സമ്മേളനം ആവശ്യമാണ്. പടിഞ്ഞാറന്‍ യൂറോപ്പ്, യു.എസ് എന്നിവയുമായുള്ള റഷ്യയുടെ ബന്ധത്തില്‍ പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് നിര്‍ത്തണം. ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതും ഉപേക്ഷിക്കണം. ചര്‍ച്ച പുനരാരംഭിച്ചാല്‍ കാര്യങ്ങള്‍ പതുക്കെ മെച്ചപ്പെടും. ആഗോള മത്സരം വളരുന്ന ഒരു സമയത്ത് റഷ്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള പ്രതിസന്ധി എല്ലാവരെയും ദോഷകരമായി ബാധിക്കും. യൂറോപ്പിനെ അത് ദുര്‍ബലപ്പെടുത്തും. ഇനി ഒരു ശീതയുദ്ധത്തിലേയ്ക്ക് പോകാന്‍ നമുക്ക് സാധിക്കില്ല''- അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.

റഷ്യന്‍, യുക്രേനിയന്‍ ജനതകളെ വിഭജിക്കുന്നതിന് മതില്‍ കൊണ്ടുവരാനുള്ള യുക്രൈന്‍ നേതൃത്വത്തിന്റെ ആലോചനകളും അഭിമുഖത്തില്‍ വിഷയമായി. ''ഞാന്‍ എല്ലാ മതിലുകള്‍ക്കും എതിരാണ്. അത്തരം മതില്‍ നിര്‍മ്മാണ ആശയക്കാര്‍ക്ക് ബുദ്ധി തെളിയട്ടെ എന്ന് നമുക്ക് പ്രതീക്ഷിക്കാം. ജനങ്ങള്‍ പരസ്പരം അകലുമെന്ന് ഞാന്‍ കരുതുന്നില്ല. എല്ലാ കാര്യങ്ങളിലും നമ്മള്‍ വളരെ അടുത്താണ്. പരിഹരിക്കാനാകാത്ത പ്രശ്‌നങ്ങളോ ഭിന്നതകളോ നമുക്കിടയില്‍ ഇല്ല. എന്നാല്‍ ഇക്കാര്യം ബുദ്ധിജീവികളെയും മാധ്യമങ്ങളെയും ആശ്രയിച്ചിരിക്കും. അവര്‍ നമ്മളെ വേര്‍പെടുത്താന്‍ ശ്രമിക്കുകയും നമുക്കിടയിലുള്ള  കലഹങ്ങളും വഴക്കുകളും വഷളാക്കാന്‍ തന്ത്രം മെനയുകയും ചെയ്്താല്‍ പ്രശ്നങ്ങള്‍ ഉണ്ടാകും.''-ഗോര്‍ബച്ചേവ് അഭിമുഖത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു.

click me!