'കേരളത്തില്‍ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം, സിപിഎമ്മും ബിജെപിയും കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ നോക്കുന്നു'

By Prasanth Reghuvamsom  |  First Published Jul 14, 2022, 7:00 PM IST

കെപിസിസി നിര്‍വ്വാഹക സമിതി അംഗങ്ങളുടെ പട്ടികയാണ്. അത് അവര്‍ എല്ലാവരും യോജിച്ചാണ് തയ്യാറാക്കിയത്. അത് നല്ല സൂചനയാണ്. എന്നാല്‍ ചിന്തന്‍ ശിബിരത്തിലെ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതല്ല പട്ടിക എന്നവരോട് പറഞ്ഞു. ചിന്തന്‍ ശിബിരത്തില്‍ ചെറുപ്പക്കാര്‍ക്കും സ്ത്രീകള്‍ക്കും പുതുമുഖങ്ങള്‍ക്കും കൂടുതല്‍ പരിഗണന നല്കണം എന്നു നിര്‍ദ്ദേശിച്ചിരുന്നു. അത് അങ്ങനെ നടപ്പായി വന്നില്ല എന്നതാണ് അവരെ അറിയിച്ചത്-എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ സംസാരിക്കുന്നു
 


കേരളത്തില്‍ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. സ്വര്‍ണ്ണക്കടത്ത് കേസില്‍ ഉന്നതര്‍ക്കെതിരെ ഇഡി അന്വേഷണം നടത്താത്തത് സംശയാസ്പദം. സിപിഎമ്മും ബിജെപിയും ചേര്‍ന്ന് കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ നോക്കുന്നു. ചിന്തന്‍ ശിബിരത്തിലെ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളാത്തതു കൊണ്ടാണ് കെപിസിസി പട്ടിക മാറ്റാന്‍ നിര്‍ദ്ദേശിച്ചതെന്നും കെസി വേണുഗോപാല്‍ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. പ്രശാന്ത് രഘുവംശം നടത്തിയ അഭിമുഖം


അഭിമുഖത്തിലെ പ്രധാന പരാമര്‍ശങ്ങള്‍: 

Latest Videos

undefined

 


 
സോണിയ ഗാന്ധി Photo: Gettyimages

 

സോണിയ ഗാന്ധിക്ക് ഇഡി ഇരുപത്തിയൊന്നിന് ഹാജരാകാനുള്ള നോട്ടീസ് നല്‍കിയിരിക്കുകയാണല്ലോ? എന്താണ് ഇക്കാര്യത്തിലുള്ള തീരുമാനം? 

നിയമം നിയമത്തിന്റെ വഴിക്ക് പോകണമെന്ന് നേരത്തെ കോണ്‍ഗ്രസ് പറഞ്ഞിരുന്നു. അതിനാല്‍, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിളിച്ചാല്‍ തീര്‍ച്ചയായും പോകും. മാഡം നേരത്തെ പോകാന്‍ തയ്യാറായിരുന്നു. എന്നാല്‍ അപ്പോഴാണ് കൊവിഡ് കാരണം ആശുപത്രിയിലായത്. അതുകൊണ്ട് മറ്റൊരു ഡേറ്റിനായി ആവശ്യപ്പെട്ടതാണ്. തീര്‍ച്ചയായും അവരോട് സഹകരിക്കും. 

നേരത്തെ രാഹുല്‍ ഗാന്ധിയെ ഇഡി വിളിപ്പിച്ചപ്പോള്‍ കണ്ടതു പോലത്തെ പ്രതിഷേധത്തിനാണോ തീരുമാനം?

കോണ്‍ഗ്രസ് അദ്ധ്യക്ഷയെ ആണ് അവര്‍ വിളിക്കുന്നത്. ഞങ്ങളുടെ പ്രവര്‍ത്തകര്‍ രാജ്യവ്യാപകമായി ഈ വിഷയത്തില്‍ ആശങ്കാകുലരാണ്. സ്വാഭാവികമായും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇടയിലും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരുടെ ഇടയിലുമുള്ള വികാരം പ്രകടിപ്പിക്കും. 

ഇഡി കേരളത്തില്‍ സ്വര്‍ണ്ണകടത്ത് കേസ് അന്വേഷിക്കുന്നുണ്ട്. ഇവിടെ ഇരട്ടത്താപ്പു കാണിക്കുന്നു എന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നത് എന്തുകൊണ്ടാണ്?

ഈ വന്ന ആരോപണങ്ങളെല്ലാം നേരത്തെയും ചര്‍ച്ചയായതാണ്. സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നാഷണല്‍ ഹെറാള്‍ഡ് വിഷയത്തില്‍ ഉത്തരവാദിത്തം ഇല്ലെന്ന് ലോകത്തിനറിയാം. എന്നിട്ടും ഇഡി അവരെ വിളിക്കുന്നു. അത്തരം ഒരു ചെറിയ ഇടപെടല്‍ പോലും കേരളത്തിന്റെ കാര്യത്തില്‍ ഉണ്ടായിട്ടില്ല. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവരുടെ പലരുടെയും പേരുകള്‍ പുറത്തു വരുന്നു. കഴിഞ്ഞ രണ്ടു കൊല്ലമായി ഇഡി  എന്തോ ചെയ്യാന്‍ പോകുന്നു എന്ന പുകമറ സൃഷ്ടിക്കുന്നുണ്ട്. അല്ലാതെ ഒന്നും സംഭവിക്കുന്നില്ല. രണ്ടു പേരുടെയും ലക്ഷ്യം കോണ്‍ഗ്രസിനെ തകര്‍ക്കുക എന്നതാണല്ലോ. അതു കൊണ്ട് ജനങ്ങളുടെ മനസ്സില്‍ സംശയം ഉണ്ട്. കേരളത്തിലെ സിപിഎമ്മിന് ഒരു ലക്ഷ്യമേ ഉള്ളു. കേരളത്തില്‍ കോണ്‍ഗ്രസിനെ തകര്‍ക്കുക എന്നതാണത്. ബിജെപിക്കും ദേശീയതലത്തില്‍ കോണ്‍ഗ്രസിനെ തകര്‍ക്കുക എന്നതാണ് ലക്ഷ്യം. ഇതു രണ്ടും കൂട്ടി വായിക്കേണ്ടതാണ്.

 



 കെ. സി വേണുഗോപാല്‍ രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം Photo: Gettyimages
 

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമോ? ഇക്കാര്യത്തെക്കുറിച്ച് രാഹുല്‍ എന്തെങ്കിലും സൂചന നല്കുന്നുണ്ടോ? 

സംഘടന തെരഞ്ഞെടുപ്പിലേ ഇത് ബോധ്യമാകൂ. അതിന്റെ പ്രക്രിയ നടന്നു കൊണ്ടിരിക്കുകയാണ്.  ഇക്കാര്യം അദ്ദേഹമാണ് തീരുമാനിക്കേണ്ടത്. തെരഞ്ഞെടുപ്പിന്റെ ദേശീയ ഷെഡ്യൂള്‍ ഉടന്‍ വരും. അപ്പോള്‍ അദ്ദേഹമാണ് അദ്ധ്യക്ഷനാകുന്ന കാര്യം തീരുമാനിക്കേണ്ടത്.
 
ശിവസേന ഇപ്പോള്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് ദ്രൗപദി മുര്‍മുവിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചു. ഇത് മഹാരാഷ്ട്രയിലെ മഹാസഖ്യത്തിന്റെ തകര്‍ച്ചയിലേക്ക് നയിക്കുമോ? 

ശിവസേന എന്തുകൊണ്ടാണ് ഈ തീരുമാനം എടുത്തത് എന്ന് മനസ്സിലായിട്ടില്ല. ശിവസേനയുടെ പ്രതിനിധികള്‍ കൂടി ചേര്‍ന്നാണ് യശ്വന്ത് സിന്‍ഹയ്ക്ക് പിന്തുണ നല്കാന്‍ തീരുമാനിച്ചത്. അതു കഴിഞ്ഞാണ് മഹാരാഷ്ട്രയിലെ സംഭവവികാസങ്ങള്‍ നടന്നത്. എന്താണ് അവരുടെ ചേതോവികാരമെന്ന് മനസ്സിലായിട്ടില്ല. അതുകഴിഞ്ഞേ ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയൂ. ഇപ്പോള്‍ മഹാവികാസ് അഘാടി തുടരുകയാണ്.

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് അന്വേഷണം പ്രഖ്യാപിച്ചത് എന്തുകൊണ്ടാണ്? 

മഹാരാഷ്ട്രയിലെ പാര്‍ട്ടിക്കകത്ത് ചില വിഷയങ്ങള്‍ ഉണ്ട്. എംഎല്‍സി തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിലും പ്രശ്‌നങ്ങളുണ്ടായി. അതു പരിശോധിക്കാനാണ് കമ്മിറ്റി രൂപീകരിച്ചത്. 

ഗോവയില്‍ എന്താണുണ്ടായത്. കോണ്‍ഗ്രസില്‍ നിന്ന് എംഎല്‍എമാരെ അടര്‍ത്താനുളള നീക്കം നടന്നല്ലോ?

മഹാരാഷ്ട്ര മാതൃകയില്‍ എംഎല്‍എമാരെ കൊണ്ടു പോകാനാണ് അവര്‍ ശ്രമിച്ചത്. അതിന് ഞങ്ങളുടെ ചില ആളുകളെയും കരുവാക്കി. ഇതിന് വളരെ വലിയ ഒരു സംഖ്യ ചെലവഴിച്ചു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതു പോലെ അന്വേഷണ ഏജന്‍സികളെയും ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ചു. അവര്‍ വിചാരിച്ചത് ഭൂരിപക്ഷം പേരും അവരുടെ കൂടെ പോകും എന്നാണ്. എന്നാല്‍ കൂടുതല്‍ പേരെ ഉറച്ചു നിറുത്താന്‍ കഴിഞ്ഞതു കൊണ്ടാണ് അങ്ങനെ വിചാരിച്ചവര്‍ പോലും തിരിച്ചു വരേണ്ട സാഹചര്യം ഉണ്ടായത്.

ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ എന്തായിരിക്കും തീരുമാനം? 

പ്രതിപക്ഷ പാര്‍ട്ടികളുടെ ഒരു യോഗം കൂടി വിളിച്ചിട്ടുണ്ട്. അതു കഴിഞ്ഞേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കുകയുള്ളു.

 

തീസ്ത

 

തീസ്ത ശെതല്‍വാദിന്റെയും ആര്‍ബി ശ്രീകുമാറിന്റെയും അറസ്റ്റില്‍ കോണ്‍ഗ്രസ് പ്രതികരിച്ചില്ലെന്ന് കേരളത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ ആരോപിച്ചല്ലോ? 

അത് തികച്ചും തെറ്റായ കാര്യമല്ലേ. ഗൂജറാത്തില്‍ ആരാണ് ബിജെപിയോട് ഏറ്റുമുട്ടുന്നത്? സുപ്രീംകോടതി വിധി വന്നപ്പോള്‍ തന്നെ ശക്തമായ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്.  ഭരണത്തലവന്‍മാര്‍ക്ക് ഉത്തരവാദിത്തമില്ല എന്ന വാദം അംഗീകരിക്കുന്ന കോടതി വിധിയെ പോലും ചോദ്യം ചെയ്തതാണ്. ഈ സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ ആക്രമിക്കുന്നത് കോണ്‍ഗ്രസിനെയല്ലേ? കോണ്‍ഗ്രസിന്റെ നേതാക്കളെയല്ലേ ഇവര്‍ തകര്‍ക്കാന്‍ നോക്കുന്നത്. ഇത്രയും വലിയ ആരോപണങ്ങള്‍ ഉണ്ടായിട്ടും സുരക്ഷിതരായി ഇരിക്കുന്നവരാണ് എല്ലാ ദിവസവും വേട്ടയാടല്‍ നേരിടുന്ന കോണ്‍ഗ്രസ് പ്രതികരിക്കുന്നില്ലെന്ന് പറയുന്നത്. ഉത്തരം പോലും അര്‍ഹിക്കാത്ത ആരോപണമാണത്. ബംഗാളിലെ ബിജെപി ആരാണ്? അത് സിപിഎമ്മില്‍ നിന്ന് പോയവരല്ലേ. കോണ്‍ഗ്രസ് പിടിച്ചു നില്‍ക്കുന്നില്ലേ? ത്രിപുരയില്‍ കോണ്‍ഗ്രസല്ലേ ഉള്ള സ്വാധീനം നിലനിറുത്തുന്നത്. ഇന്നലെ പോലും അവിടെ പിസിസി അദ്ധ്യക്ഷന്റെ കാറ് തകര്‍ത്തു. ഏജന്‍സികളെ ഉപയോഗിച്ചും പണം വാരിയെറിഞ്ഞുമുള്ള രാഷ്ട്രീയത്തെ ചെറുത്ത് നമ്മള്‍ പിടിച്ചു നില്ക്കുകയാണ്. മാധ്യമങ്ങളെ പോലും അവര്‍ വരുതിക്ക് നിറുത്തുകയല്ലേ? ആ സമയത്ത് പോരാടി നില്ക്കുന്നത് കോണ്‍ഗ്രസ് ആണ്.

കേരളത്തിലെ കെപിസിസി പട്ടിക തിരിച്ചയച്ചു എന്ന് റിപ്പോര്‍ട്ട് വന്നല്ലോ?

കെപിസിസി അംഗങ്ങളുടെ പട്ടികയാണ്. അത് അവര്‍ എല്ലാവരും യോജിച്ചാണ് തയ്യാറാക്കിയത്. അത് നല്ല സൂചനയാണ്. എന്നാല്‍ ചിന്തന്‍ ശിബിരത്തിലെ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതല്ല പട്ടിക എന്നവരോട് പറഞ്ഞു. ചിന്തന്‍ ശിബിരത്തില്‍ ചെറുപ്പക്കാര്‍ക്കും സ്ത്രീകള്‍ക്കും പുതുമുഖങ്ങള്‍ക്കും കൂടുതല്‍ പരിഗണന നല്കണം എന്നു നിര്‍ദ്ദേശിച്ചിരുന്നു. അത് അങ്ങനെ നടപ്പായി വന്നില്ല എന്നതാണ് അവരെ അറിയിച്ചത്.  പട്ടികയില്‍ ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനുള്ള വഴി തുറക്കണം എന്നാണ് നിര്‍ദ്ദേശിച്ചത്.

click me!