റാബിയ വാര്‍ത്തകളില്‍ നിറഞ്ഞുതുടങ്ങുന്ന 90-കളില്‍ അവരെക്കുറിച്ച് നിരന്തരം വാര്‍ത്തകള്‍ ചെയ്തിരുന്ന ഒരു മാധ്യമപ്രവര്‍ത്തകന്റെ അനുഭവ കുറിപ്പാണിത്. ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എസ് ബിജു എഴുതുന്നു.
ഈ വര്‍ഷത്തെ പത്മ അവാര്‍ഡുകളുടെ കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്ന് റാബിയയുടേതാണ്. കേരളത്തിലെ സാക്ഷരതാ പ്രസ്ഥാനത്തിന്റെ ഐക്കണായി മാറിയ മലപ്പുറത്തെ കെ.വി റാബിയ എന്ന കറിവേപ്പില്‍ റാബിയ. അരയ്ക്കുകീഴെ തളര്‍ന്നിട്ടും ചുറ്റുപാടും അക്ഷരവെട്ടം പകര്‍ന്നു നല്‍കിയ പോരാട്ടമാണ് സാക്ഷരതാ യജ്ഞത്തിന്റെ പ്രതീകമായി റാബിയയെ മാറ്റിയത്. 1966-ല്‍ തിരൂരങ്ങാടിയില്‍ ജനിച്ച റാബിയയ്ക്ക് കോളേജ് വിദ്യാഭ്യാസ കാലത്ത് പോളിയോ പിടിപെട്ട് കാലുകള്‍ക്ക് വൈകല്യം സംഭവിക്കുകയായിരുന്നു. പ്രീഡിഗ്രിവരെ മാത്രമാണ് പഠിച്ചത്. പിന്നീട് പരന്നവായനയിലൂടെ വിവിധ വിഷയങ്ങളില്‍ അറിവുനേടി. 1990-കളില്‍ സാക്ഷരതാ യഞ്ജമാരംഭിച്ചപ്പോള്‍ മറ്റുള്ളവര്‍ക്ക് അക്ഷരം പഠിപ്പിക്കാന്‍ റാബിയ മുന്നിട്ടിറങ്ങി. വൈകല്യങ്ങളെ മറികടക്കുന്ന അതിിജീവനത്തിന്റെ ഇതിഹാസമാണ് 'സ്വപ്നങ്ങള്‍ക്ക് ചിറകുകളുണ്ട്' എന്ന റാബിയയുടെ ആത്മകഥ.
undefined
റാബിയ വാര്‍ത്തകളില്‍ നിറഞ്ഞുതുടങ്ങുന്ന 90-കളില്‍ അവരെക്കുറിച്ച് നിരന്തരം വാര്‍ത്തകള്‍ ചെയ്തിരുന്ന ഒരു മാധ്യമപ്രവര്‍ത്തകന്റെ അനുഭവ കുറിപ്പാണിത്. ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എസ് ബിജു എഴുതുന്നു.
ഭാരമേറിയ ഉപകരണങ്ങളും തോളില്‍ ചുമന്ന് തിരുവന്തപുരം ഭാഷയില്‍ പറഞ്ഞാല്‍ നടന്ന് ഊപ്പാട് വന്നാണ് ഞങ്ങള്‍ വെള്ളിയക്കാട് ഗ്രാമത്തിലെ ആ വീട്ടില്‍ ചെന്നത്. സംഭവം 1990-ലാണ്. തീയതിയൊന്നും ഓര്‍മ്മയില്ല. അന്നൊക്കെ ടെലിവിഷനില്‍ എന്തെങ്കിലും ചിത്രീകരിക്കണമെങ്കില്‍ ചുരുങ്ങിയത് അഞ്ചാറംഗ സംഘം വേണം.
കേരളം സമ്പൂര്‍ണ്ണ സാക്ഷരതാ യജ്ഞം പ്രഖ്യാപിച്ച് അത്യുത്സാഹത്തില്‍ പ്രവര്‍ത്തിക്കുന്ന കാലം. കേരളമൊട്ടാകെ ഓടി നടന്ന് അതൊക്കെ ചിത്രീകരിച്ച് പൊതു പരിപാടികളും നവസാക്ഷരര്‍ക്കുള്ള പ്രത്യേക ചിത്രീകരണങ്ങളും ഉണ്ടാക്കാനുള്ള ദൗത്യസംഘത്തിലെ റിപ്പോര്‍ട്ടിങ്ങ് ചുമതല എനിക്കായിരുന്നു. കേരള സാക്ഷരതാ സമിതിയും ദൂര്‍ദര്‍ശനും എന്‍ടിവിയും ചേര്‍ന്നാണ് സാക്ഷരതാ യജ്ഞം ആര്‍ക്കൈവ് ചെയ്യാനുള്ള ദൗത്യസംഘത്തിന് രൂപം നല്‍കിയത്. അന്ന് ദൂര്‍ദര്‍ശനു വേണ്ടി കരാര്‍ ജോലി ചെയ്തിരുന്ന ഞാന്‍ ഈ ടീമിന്റെ ഭാഗമാവുകയായിരുന്നു.
റാബിയ ഉമ്മയോടൊപ്പം
ഈ തെക്ക് വടക്ക ഓട്ടത്തില്‍ എവിടെയും സാക്ഷരതാ ചുമതലക്കാര്‍ പ്രത്യേക കഥകള്‍ ചൂണ്ടിക്കാട്ടുമായിരുന്നു. പലപ്പോഴും അവിടെയെത്തുമ്പോള്‍ അതിന് കേട്ടറിഞ്ഞ മാറ്റൊന്നുമുണ്ടാകില്ല. അങ്ങനെ കേട്ടറിഞ്ഞാണ് മലപ്പുറത്തെ വെള്ളിയക്കാട്ടേക്ക് പുറപ്പെട്ടത്. തലച്ചുമടുമായി ദീര്‍ഘദൂരം നടന്ന് ഷൂട്ടിങ്ങ് ലൊക്കേഷനില്‍ എത്തിയപ്പോഴേക്കും എല്ലാവരും ഒരു വിധം തളര്‍ന്നിരുന്നു.
മുന്‍ പ്രധാനമന്ത്രി പി വി നരസിംഹറാവുവില്‍നിന്നും പുരസ്‌കാരം സ്വീകരിക്കുന്ന റാബിയ
എന്നാല്‍ ആതിഥേയയെ കണ്ടപ്പോള്‍ ആ വിഷമം മാറിയെന്ന് മാത്രമല്ല. ഞങ്ങള്‍ ഉഷാറാവുകയും ചെയ്തു. ശാരീരീകമായ വെല്ലുവിളികളെ വകവയ്ക്കാതെ അക്ഷരാര്‍ത്ഥത്തില്‍ പ്രകാശം പരത്തുന്ന പെണ്‍കുട്ടി. ചെറുപ്പത്തില്‍ പോളിയോ വന്ന് കാലുകള്‍ തളര്‍ന്നെങ്കിലും അത് കൂസാതെ അക്ഷരങ്ങളറിഞ്ഞവള്‍. അത് ആയുധമാക്കിയവള്‍. അറിവു കൊണ്ട് നേടിയ നല്ലെതാക്കെയും കലര്‍പ്പില്ലാതെ ആ നാട്ടുകാര്‍ക്ക് പകന്നു നല്‍കാന്‍ ഒരു പൂമ്പാറ്റയെ പോലെ പാറി നടക്കുന്നവള്‍.
സോണിയാ ഗാന്ധിക്കൊപ്പം റാബിയ
ദുര്‍ഘടമായ ആ പ്രദേശത്ത് വീല്‍ചെയറിലും മറ്റുള്ളവര്‍ കസേരയില്‍ എടുത്തു കൊണ്ടു പോയൊക്കെയാണ് റാബിയയുടെ സാക്ഷരതാ പ്രവര്‍ത്തനം നടന്നിരുന്നത്. തന്നെക്കാളും എത്രയോ പ്രായമായ വല്യുമ്മമാരും വല്യപ്പന്‍മാരും റാബിയയുടെ നിര്‍മ്മലമായ പുഞ്ചിരിക്ക് മുമ്പില്‍ പ്രിയ ശിഷ്യരായി. ആദ്യമായി ടെലിവിഷനില്‍ മുന്നില്‍ വരുന്നതിന്റെ പതര്‍ച്ചെയാന്നും റാബിയക്കില്ലായിരുന്നു. കാരണം അവരുടെ പ്രവര്‍ത്തനം അഭിനയമായിരുന്നില്ല, സമര്‍പ്പണമായിരുന്നു. എന്നാല്‍ മലപ്പുറത്തെ ആ കുഗ്രാമത്തിന് ആ ചിത്രീകരണമൊക്കെ പുതുമയുള്ള കാഴ്ചയായിരുന്നു. ഏതു ഷോട്ട് മന്നന്‍ ചേട്ടന്‍ വയ്ക്കുമ്പോഴും ഒരു ബറ്റാലിയന്‍ കുട്ടികള്‍ ചാടി വീഴും. തെരുവിയവും ശ്രീകുമാറും അടങ്ങിയ ക്യാമറ സംഘത്തിന്റെ പ്രധാന പണി ഈ പിള്ളരുമായി കമ്പനി കൂടി അവരെ തഞ്ചത്തില്‍ അടക്കി നിറുത്തുകയെന്നതായിരുന്നു.
അന്തി മയങ്ങിയാല്‍, ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവര്‍ത്തകര്‍ ഒക്കെ അടങ്ങിയ തെരുവ് നാടക സംഘങ്ങള്‍ സാക്ഷരത സന്ദേശത്തൊടൊപ്പം സ്ത്രീ ശാക്തീകരണ സന്ദേശങ്ങളുമായി അരങ്ങ് കൊഴുപ്പിക്കും. റാബിയ മാറ്റത്തിന്റെ മാതൃകയായി അവിടെ സജീവമായിരുന്നു. ഒരിക്കലും ശാരീരിക വിഷമതകള്‍ അവര്‍ക്ക് പ്രതിബന്ധമായില്ല.
തകഴിക്കൊപ്പം റാബിയ
'പേരെഴുതാം, വായിക്കാം, ലോക വിവരം നേടാം...' റാബിയ ആ വരികളൊക്കെ ഉരുവിട്ട് ഞങ്ങളുടെ നവ സാക്ഷര പരിപാടികളിലെ താരമായി.
ഇതൊക്കെ തിരുവനന്തപുരത്ത് എത്തിച്ച് ലീന്‍ ബി ജെസ്മസിനെ എഡിറ്റ് ചെയ്യാന്‍ ഏല്‍പ്പിച്ച് വീണ്ടും ഓട്ടം തുടങ്ങും. അന്നത്തെ ഏക മലയാളം ചാനലായ ദൂരദര്‍ശനില്‍ ആഴ്ചയില്‍ രണ്ട് പരിപാടികളായി അത് ലോകമറിഞ്ഞു.
ഞങ്ങള്‍ പിന്നെയും സാക്ഷരതാ ചിത്രീകരണത്തിനറങ്ങി. ഞങ്ങളന്ന് 'ചിത്രമേള' എന്ന മലയാളത്തിലെ ആദ്യ ചലച്ചിത്ര വീഡിയോ മാഗസിനും ചിത്രീകരിച്ചിരുന്നു. സിനിമാ ലൊക്കേഷനില്‍ നിന്നിറങ്ങി നേരെ സാക്ഷരതാ പരിപാടികള്‍ തയ്യാറാക്കല്‍. മാസത്തില്‍ ഒരു തവണയെങ്കിലും മലപ്പുറത്ത് പോകും. അന്ന് അത്രക്ക് സജീവമായിരുന്നു എഴുത്തഛന്റെ നാട്ടിലെ അക്ഷര പഠനം. സമര്‍പ്പിതമായ സേവനത്തിലൂടെ റാബിയ അവര്‍ക്ക് പ്രചോദനവും പ്രതീകവുമായി. ആ പ്രസരിപ്പിനെ ഞങ്ങളും ഉപയോഗിച്ചു. പല വട്ടം റാബിയ ഞങ്ങള്‍ക്കായി നവസാക്ഷരരുമായുള്ള അഭിമുഖത്തിനു വന്നു. ഞങ്ങളുടെ സംഘാംഗം പോലെയായി അവര്‍.
റാബിയ സുഗതകുമാരിയോടൊപ്പം
റാബിയയെക്കുറിച്ച് അങ്ങനെ പുറം ലോകമറിഞ്ഞപ്പോള്‍ ദേശിയ അന്തര്‍ദേശീയ തലത്തിലും അവര്‍ ശ്രദ്ധേയയായി . അവരെ തേടി പലരും മലപ്പുറത്തേക്കേ് വന്നു. അവര്‍ക്ക് സുഗമമായി വരാന്‍ വെള്ളിയക്കാട്ടെ മണ്‍പാതകളില്‍ മെറ്റല്‍ പരന്നു, ടാറ് വീണു. ഇന്ത്യയിലെ ആദ്യസമ്പൂര്‍ണ്ണ സാക്ഷര സംസ്ഥാനമായി കേരളം ഒരുങ്ങിയപ്പോള്‍ പ്രഖ്യാപനത്തിന് സ്വാഭാവികമായും വേദിയായത് മലപ്പുറമായിരുന്നു.
റാബിയ നിത്യചൈതന്യ യതിക്കൊപ്പം
മലപ്പുറത്തെ യാഥാസ്ഥിതിക കുടുംബങ്ങളിലെ മുതിര്‍ന്ന സ്ത്രീകള്‍ വരെ നവസാക്ഷരായപ്പോള്‍ തിരിച്ചറിവിന്റെ വലിയൊരു വാതായനമാണ് അവിടെ തുറക്കപ്പെട്ടത്. ശൈശവ വിവാഹം അത്ര കുറവൊന്നുമല്ലായിരുന്നു അന്ന് മലപ്പുറത്ത്. ഉസ്‌ക്കൂളില്‍ നിന്ന് ചെക്കന്‍മാര്‍ ഗള്‍ഫിലേക്ക് ബിമാനം പിടിച്ചപ്പോള്‍ പെങ്കുട്ടിയോള് വിമാനം പിടിച്ചത് ദൂരെയുള്ള കോളേജുകളില്‍ പോകാനായിരുന്നു. റാബിയയടക്കം അന്ന് ആയിരങ്ങള്‍ നടത്തിയ അക്ഷീണ വിപ്‌ളവമെറിഞ്ഞ വിത്തുകളാണ് ഇന്നത്തെ മലപ്പുറത്തിന് പ്രബുദ്ധത പകരുന്നത്. റാബിയയും ഒപ്പമുള്ളവരും പ്രതിഫലേഛയില്ലാതെയാണ് ആ ശ്രമത്തില്‍ പങ്കാളിയായത്. കേരളം മുഴുവന്‍ ഇതേ വികാരത്തിലും, സമര്‍പ്പണത്തിലുമാണ് സമ്പൂര്‍ണ്ണ സാക്ഷരതാ യഞ്ജത്തില്‍ പങ്കാളികളായത്. ( ചെലവൊഴികെ ഞങ്ങളുടെ ചിത്രീകരണ സംഘവും മറ്റൊന്നും സ്വീകരിച്ചിരുന്നില്ല) .
റാബിയക്ക് പത്മശ്രീ ചാര്‍ത്തപ്പെടുമ്പോള്‍ അത് തൊണ്ണുറുകളിലെ ആ യജ്ഞത്തില്‍ പങ്കാളികളായ ഓരോത്തരേടേതും കൂടിയായാണ് മനസ്സാ അത് ഏറ്റു വാങ്ങുന്നത്. റാബിയ ഞങ്ങളുടെ നേതാവ്. സലാം.