'നാനോ കാർ, ജെഎൽആർ തുടങ്ങി എയർ ഇന്ത്യ വരെ', ടാറ്റ ഗ്രൂപ്പിനെ രാജ്യത്തെ വൻ ബ്രാൻഡ് ആക്കിയ തീരുമാനങ്ങൾ

By Web Team  |  First Published Oct 10, 2024, 9:33 AM IST

ഓട്ടോമൊബൈൽ, ടെലികോ, പ്രതിരോധം, എയർ ഇന്ത്യ അടക്കം ടാറ്റാ ഗ്രൂപ്പിനെ രാജ്യത്തെ മുൻകിട ബിസിനസ് സംരംഭങ്ങളിലൊന്നാക്കിയാണ് രത്തൻ ടാറ്റ മടങ്ങുന്നത്. 


മുംബൈ: 21 വർഷത്തെ പ്രയത്നത്തിൽ ടാറ്റാ ഗ്രൂപ്പിനെ രാജ്യത്തെ മുൻകിട ബിസിനസ് സംരംഭങ്ങളിലൊന്നാക്കിയാണ് രത്തൻ ടാറ്റ മടങ്ങുന്നത്. 1991 മുതൽ 2012വരെയുള്ള കാലയളവിൽ ടാറ്റാ ഗ്രൂപ്പിനെ തുടർച്ചയായി നയിച്ചത് രത്തൻ ടാറ്റയായിരുന്നു. ഇക്കാലയളവിൽ ഉപ്പ് മുതൽ സോഫ്റ്റ്വെയർ വരെയുള്ള വിവിധ വ്യവസായങ്ങളിൽ രത്തൻ ടാറ്റ പരീക്ഷണങ്ങൾ നടത്തി. ടാറ്റ ഗ്രൂപ്പിനെ രാജ്യത്തെ വൻ ബ്രാൻഡ് ആക്കിയതിലെ നാഴികക്കല്ലായ തീരുമാനങ്ങൾ ഇവയാണ്.

ജെഎൽആർ ഏറ്റെടുക്കൽ

Latest Videos

undefined

രത്തൻ ടാറ്റയുടെ നേതൃത്വത്തിന് കീഴിലാണ് ബ്രിട്ടനിലെ ഓട്ടോമൊബൈൽ രംഗത്ത് വലിയ നിക്ഷേപമുള്ള ആഡംബര കാർ നിർമ്മാതാക്കളായ ജഗ്വാർ ലാൻഡ് റോവർ ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്നത്. 2.3 ബില്യൺ ഡോളറിനായിരുന്നു ഈ ഏറ്റെടുക്കൽ. 2024 സാമ്പത്തിക വർഷം ആയപ്പോഴേയ്ക്കും ജെഎൽആറിന്റെ വരുമാനം 29 ബില്യൺ യൂറോയായി ഉയർന്നു. ലാഭം 2.6 ബില്യൺ യൂറോയും. 

നാനോ 

വലിയ രീതിയിൽ സാധാരണക്കാർക്ക് കാർ സ്വന്തമാക്കാനുള്ള ലക്ഷ്യത്തോടെ രത്തൻ ടാറ്റയുടെ ആശയത്തിലാണ് നാനോ വരുന്നത്. നാനോ വലിയൊരു വിജയം ആയിരുന്നില്ലെങ്കിലും 2012ൽ 744527 യൂണിറ്റ് നാനോകളാണ് വിറ്റത്. 2018ലാണ് നാനോ നിർമ്മാണം അവസാനിപ്പിച്ചത്.

ടെലികോം രംഗത്തേക്ക്

മൊബൈൽ സേവന രംഗത്തേക്കേ ടാറ്റാ ഡോക്കോമോയെ 2008 നവംബറിലാണ് രത്തൻ ടാറ്റ അവതരിപ്പിച്ചത്. ജാപ്പനീസ് ടെലികോം ഭീമൻമാരായ എൻടിടി ഡോക്കോമോയുമായി ചേർന്നായിരുന്നു ടാറ്റയുടെ ഈ സംരംഭം.  പ്ലാനുകളിലെ വിലക്കുറവ് മൂലം ഡോക്കോമോ ഇന്ത്യൻ വിപണിയിൽ പെട്ടന്ന് തന്നെ വലിയ പ്രചാരം നേടി. 2010ൽ രാജ്യത്ത് 3 ജി സർവ്വീസ് ആദ്യമായി നൽകിയതും ഡോക്കോമോ ആയിരുന്നു. പിന്നീട് നഷ്ടത്തിലായതോടെ ഡോക്കോമോയെ ഭാരതി എയർടെൽ ഏറ്റെടുക്കുകയായിരുന്നു.

പ്രതിരോധ മേഖലയിലേക്ക്

ടാറ്റാ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് എന്നത് രത്തൻ ടാറ്റായുടെ പ്രവർത്തന കാലത്തെ ടാറ്റാ ഗ്രൂപ്പിന്റെ നിർണായക ചുവടുവയ്പുകളിലൊന്നായിരുന്നു. പ്രതിരോധ മേഖലയിലേക്കുള്ള സ്വകാര്യ കമ്പനികളുടെ ആദ്യ ചുവടുവയ്പുകളിലൊന്നായിരുന്നു ടിഎഎസ്എൽ. 

എയർ ഇന്ത്യ 

നഷ്ടത്തിലോടിയിരുന്ന എയർ ഇന്ത്യയെ 18000 കോടി രൂപയ്ക്കാണ് ടാറ്റ ഏറ്റെടുക്കുന്നത്. ദേശസാൽക്കരിക്കുന്നതിന് മുൻപ് ടാറ്റ നടത്തിയിരുന്ന എയർ ഇന്ത്യയ്ക്ക് സ്വന്തം ഭവനത്തിലേക്കുള്ള തിരിച്ച് വരവായിരുന്നു 2021ലെ ഏറ്റെടുക്കൽ

പ്രമുഖ വ്യവസായി ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ രത്തൻ ടാറ്റ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് അന്തരിച്ചത്. 1991 മുതൽ 2012 വരെ ടാറ്റ ​ഗ്രൂപ്പ് ചെയർമാൻ ആയിരുന്നു. രാജ്യം പത്മഭൂഷണും പത്മവിഭൂഷണും നൽകി ആദരിച്ച വ്യക്തിയായിരുന്നു രത്തൻ ടാറ്റ. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!