വരുമാനം ഇടിഞ്ഞെങ്കിലും ഡിസംബറിൽ അവസാനിച്ച പാദവാർഷികത്തിൽ കമ്പനിയുടെ ചെലവിലും ഇടിവുണ്ടായി.
മുംബൈ: മുകേഷ് അംബാനിയുടെ റിലയൻസ് ഇന്റസ്ട്രീസ് ലിമിറ്റഡിന്റെ ലാഭത്തിൽ വൻ കുതിപ്പ്. 12.5 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. 13,101 കോടി രൂപയാണ് ഡിസംബറിൽ അവസാനിച്ച സാമ്പത്തിക പാദവാർഷികത്തിലെ ലാഭം. ഇതേ കാലത്ത് കഴിഞ്ഞ വർഷം 11,640 കോടി രൂപയായിരുന്നു ലാഭം.
സെപ്തംബറിൽ അവസാനിച്ച സാമ്പത്തിക പാദത്തിൽ 9,567 കോടി രൂപ കമ്പനിക്ക് ലാഭം ലഭിച്ചിരുന്നു. എന്നാൽ, കമ്പനിയുടെ മൊത്ത വരുമാനം 1.23 ലക്ഷം കോടിയിലേക്ക് താഴ്ന്നു. ഇതേ കാലത്ത് കഴിഞ്ഞ വർഷം 1.57 ലക്ഷം കോടിയായിരുന്നു വരുമാനം. സെപ്തംബറിൽ അവസാനിച്ച സാമ്പത്തിക പാദത്തിൽ 1.16 ലക്ഷം കോടിയായിരുന്നു കമ്പനിയുടെ വരുമാനം.
വരുമാനം ഇടിഞ്ഞെങ്കിലും ഡിസംബറിൽ അവസാനിച്ച പാദവാർഷികത്തിൽ കമ്പനിയുടെ ചെലവിലും ഇടിവുണ്ടായി. 22 ശതമാനമാണ് ഇടിവ്. രാജ്യം സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറുമ്പോൾ അതിന് കരുത്താകും വിധം പ്രവർത്തിക്കാൻ റിലയൻസ് ഇന്റസ്ട്രീസ് ലിമിറ്റഡിന് സാധിച്ചുവെന്നാണ് ഇതിനോട് മുകേഷ് അംബാനി പ്രതികരിച്ചത്.