റിലയൻസിന്റെ പദ്ധതി തുറന്നുപറഞ്ഞ് ഇഷാ മുകേഷ് അംബാനി: റീട്ടെയിലിലെ ആകെ ഇക്വിറ്റി നിക്ഷേപം 10 ശതമാനത്തിന് മുകളിൽ

By Web Team  |  First Published Nov 19, 2020, 9:42 PM IST

ഓയിൽ-ടെലികോം-റീട്ടെയിൽ ഭീമനായ റിലയൻസ് അതിന്റെ ഡിജിറ്റൽ, റീട്ടെയിൽ ബിസിനസുകളിലേക്കുളള നിക്ഷേപം വർധിപ്പിക്കാനും, അഞ്ച് വർഷത്തിനുള്ളിൽ ഓരോന്നിനും പ്രാരംഭ പബ്ലിക് ഓഫറിംഗ് നടത്താനും പദ്ധതിയിട്ടാണ് ഇപ്പോൾ മുന്നോട്ട് പോകുന്നത്. 


മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ (ആർഐഎൽ) റീട്ടെയിൽ സംരംഭത്തിലെ വിദേശ നിക്ഷേപ പരിധി ആകെ നിക്ഷേപത്തിന്റെ 10 ശതമാനത്തിന് മുകളിൽ എത്തിയതായി കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി. റിലയന്‍സ് റീട്ടെയില്‍ യൂണിറ്റിലെ ആകെ വിദേശ നിക്ഷേപം 47,265 കോടി രൂപയായി.

"സെപ്റ്റംബർ 25 വരെയുളള കണക്കുകൾ പ്രകാരം റിലയൻസ് റീട്ടെയിൽ വെൻചേഴ്സ് ലിമിറ്റഡിന്റെ (ആർആർവിഎൽ) 10.09 ശതമാനം ഓഹരി സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങളായ സിൽവർ ലേക്ക് പാർട്ണർമാർ, കെകെആർ, ജിഐസി, ടിപിജി, ജനറൽ അറ്റ്ലാന്റിക് എന്നിവയ്ക്ക് വിറ്റു. ആർആർവിഎല്ലിന് സാമ്പത്തിക പങ്കാളികളിൽ നിന്ന് 47,265 കോടി രൂപയുടെ സബ്സ്ക്രിപ്ഷൻ തുക ലഭിക്കുകയും, അതിന് തുല്യമായി 69.27 കോടി ഇക്വിറ്റി ഷെയറുകൾ അവർക്ക് അനുവദിക്കുകയും ചെയ്തു, ” ആർഐഎൽ പ്രസ്താവനയിൽ പറഞ്ഞു.

Latest Videos

undefined

സിൽവർ ലേക്ക് പാർട്ണർമാർ 9,375 കോ‌ടിക്ക് രണ്ട് ശതമാനം ഓഹരി വാങ്ങിയപ്പോൾ കെകെആർ 5,550 കോടി 1.19 ശതമാനം ഓഹരിയിൽ നിക്ഷേപിച്ചു. ജിഐസിയും അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയും (എഐഡിഎ) 5,512.50 കോടി രൂപയ്ക്ക് 1.18 ശതമാനം വാങ്ങിയപ്പോൾ യുഎഇയുടെ മുബഡാല 6,247.50 കോടി രൂപയ്ക്ക് 1.33 ശതമാനം ഓഹരി വാങ്ങി.

ആമസോണുമായി തർക്കം

സൗദി അറേബ്യയുടെ പരമാധികാര സ്വത്ത് ഫണ്ടായ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് 9,555 കോടി രൂപയ്ക്ക് 2.04 ശതമാനം ഓഹരി സ്വന്തമാക്കി. ജനറൽ അറ്റ്ലാന്റിക് 0.78 ശതമാനം ഓഹരിക്ക് 3,675 കോടി രൂപയും ടിപിജി 0.39 ശതമാനം ഓഹരിക്ക് 1,837.50 കോടി രൂപയും നിക്ഷേപിച്ചു.

നിക്ഷേപങ്ങൾ റിലയൻസ് റീട്ടെയിലിനെ ഓഫ് ലൈൻ, ഓൺലൈൻ ഫോർമാറ്റുകളിലെ മത്സരിക്കുന്നതിന് ശക്തിപകരും. വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഇ-കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ട്, ആമസോൺ തുടങ്ങിയവയാണ് കമ്പനിയുടെ ഈ രം​ഗത്തെ പ്രധാന എതിരാളികൾ.

ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയിൽ, ഹോൾസെയിൽ, ലോജിസ്റ്റിക്സ്, വെയർഹൗസ് ബിസിനസ്സ് എന്നിവ റിലയൻസ് 24,173 കോടി രൂപയുടെ എന്റർപ്രൈസ് മൂല്യത്തിന് സ്വന്തമാക്കിയിരുന്നു. ഇത് അതിവേ​ഗം വളർച്ചയ്ക്ക് കമ്പനിയെ സഹായിക്കും. എന്നാൽ, ഫ്യൂച്ചർ- റിലയൻസ് ഇടപാടുമായി ബന്ധപ്പെട്ട് ആമസോണുമായി കമ്പനി നിയമ പോരാട്ടം തുടരുകയാണ്. 

ഇഷാ മുകേഷ് അംബാനിയുടെ പ്രതികരണം

ഗ്രൂപ്പിന്റെ ടെലികോം, ഡിജിറ്റൽ സേവന കമ്പനിയായ ജിയോ പ്ലാറ്റ് ഫോമുകൾക്കായി ഫേസ്ബുക്ക്, ഇന്റൽ, ഗൂഗിൾ തുടങ്ങിയ നിക്ഷേപകരിൽ നിന്ന് 1.52 ലക്ഷം കോടി രൂപയാണ് റിലയൻസ് നേരത്തെ നിക്ഷേപമായി സ്വീകരിച്ചത്. ഓയിൽ-ടെലികോം-റീട്ടെയിൽ ഭീമനായ റിലയൻസ് അതിന്റെ ഡിജിറ്റൽ, റീട്ടെയിൽ ബിസിനസുകളിലേക്കുളള നിക്ഷേപം വർധിപ്പിക്കാനും, അഞ്ച് വർഷത്തിനുള്ളിൽ ഓരോന്നിനും പ്രാരംഭ പബ്ലിക് ഓഫറിംഗ് നടത്താനും പദ്ധതിയിട്ടാണ് ഇപ്പോൾ മുന്നോട്ട് പോകുന്നത്. 

രാജ്യത്തെ ചെറുകിട വ്യാപാരികളെ ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുന്നതിനായി ഇ-കൊമേഴ്സ് സംരംഭമായ ജിയോമാർട്ടിന് ഈ വർഷം മെയ് മാസത്തിൽ റിലയൻസ് റീട്ടെയിൽ തുടക്കം കുറിച്ചിരുന്നു. 

"പുതിയ വാണിജ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, ദശലക്ഷക്കണക്കിന് വ്യാപാരികളെയും സൂക്ഷ്മ -ചെറുകിട- ഇടത്തരം സംരംഭങ്ങളെയും ശാക്തീകരിക്കുന്നതിലൂടെ ഇന്ത്യൻ റീട്ടെയിൽ മേഖലയിൽ ഒരു പരിവർത്തന പങ്ക് വഹിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്, ”ആർ ആർ വി എൽ ഡയറക്ടർ ഇഷാ മുകേഷ് അംബാനി പറഞ്ഞതായി ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു.
 

click me!