4ജി, 5ജി സൗകര്യങ്ങളുടെ മേലുള്ള നിക്ഷേപവും സ്പെക്ട്രം ലേലത്തുകയും കണക്കാക്കുമ്പോൾ ജിയോയ്ക്കും എയർടെലിനും മുന്നിൽ നിരക്ക് വർധനവല്ലാതെ മറ്റ് വഴികളില്ലെന്നാണ് വിലയിരുത്തൽ.
ദില്ലി: മാർച്ചിൽ മികച്ച വരുമാനം രേഖപ്പെടുത്തിയ റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡും ഭാരതി എയർടെലും വയർലെസ് സേവനങ്ങളുടെ നിരക്ക് വർധിപ്പിച്ചാലേ ദീർഘകാലത്തേക്ക് വളർച്ചയുണ്ടാകൂവെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. ഇക്കാര്യം ലൈവ് മിന്റാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
റിലയൻസ് ജിയോയുടെ വരുമാനം 18.9 ശതമാനമാണ് മുൻവർഷത്തെ അപേക്ഷിച്ച് വർധിച്ചത്. എയർടെലിന്റേത് 17.6 ശതമാനവും വർധിച്ചു. ജനുവരി മുതൽ മാർച്ച് വരെ ജിയോ 15.4 ദശലക്ഷം സബ്സ്ക്രൈബർമാരെ കൂട്ടിച്ചേർത്തു. ഇതോടെ കഴിഞ്ഞ മൂന്ന് പാദവാർഷികങ്ങളിലെ ശരാശരി സബ്സ്ക്രൈബർ വളർച്ച 7.5 ദശലക്ഷമായി. ജനുവരി മുതൽ മാർച്ച് വരെയുള്ള അവസാന സാമ്പത്തിക പാദത്തിൽ എയർടെലിന് 13.4
ദശലക്ഷം ഉപഭോക്താക്കളാണ് വർധിച്ചത്.
undefined
ഫെബ്രുവരിയിൽ പുറത്തിറക്കിയ ജിയോഫോൺ ഓഫറായിരിക്കാം ജിയോയ്ക്ക് മികച്ച വളർച്ച നേടിക്കൊടുത്തതെന്നാണ് അനലിസ്റ്റുകൾ പറയുന്നത്. എന്നാൽ 4ജി, 5ജി സൗകര്യങ്ങളുടെ മേലുള്ള നിക്ഷേപവും സ്പെക്ട്രം ലേലത്തുകയും കണക്കാക്കുമ്പോൾ ജിയോയ്ക്കും എയർടെലിനും മുന്നിൽ നിരക്ക് വർധനവല്ലാതെ മറ്റ് വഴികളില്ലെന്നാണ് വിലയിരുത്തൽ. ഐസിഐസിഐ സെക്യുരിറ്റീസ്, ഗോൾഡ്മാൻ സാക്സ്, ജെപി മോർഗൻ തുടങ്ങിയവയെല്ലാം ഈ അഭിപ്രായമാണ് മുന്നോട്ട് വച്ചിരിക്കുന്നത്.
വോഡഫോൺ ഐഡിയ ഇതുവരെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ വരുമാന കണക്ക് പുറത്ത് വിട്ടിട്ടില്ല. ഒരു ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനം എയർടെലിന് 145 ആണ്. മാർച്ചിൽ അവസാനിച്ച പാദവാർഷികത്തിലെ കണക്കാണിത്. മൂന്നാം പാദവാർഷികത്തിലെ 166 രൂപയിൽ നിന്നാണ് 145 ലേക്ക് ഇടിഞ്ഞത്. ഒക്ടോബർ-ഡിസംബർ കാലത്ത് ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനം 151 രൂപയായിരുന്ന ജിയോയുടേത് നാലാം പാദവാർഷികത്തിൽ 138 രൂപയിലേക്ക് ഇടിഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona